Tuesday, March 22, 2011

പെരിയാറിന്റെ സൗന്ദര്യ ശാസ്ത്രം..




പെരിയാര്‍ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മപെടുത്തലാണ്..
കര്‍ക്കിടകത്തിലെ തിരിമുറിയാതെ പെയ്യുന്ന മഴയിലും , വേനലില്‍പോലും മാറിടം വറ്റാത്ത സുന്ദരിയായും
നമ്രമുഖിയുമായി ഒഴുകുന്ന മിടുക്കിയായും
മാത്രമേ ഇവളെ കണ്ടിട്ടുള്ളൂ..

ഓര്‍മ്മയില്‍ ഈ പുഴ ഒരിക്കലും അനുസരണക്കേട് കാണിച്ചിട്ടില്ല…
തീരത്ത് തഴച്ചു വളര്‍ന്ന പൂക്കൈതയും ആമ്പലും.
വേലിയെട്ടത്തില്‍ നിറഞ്ഞു കവിയുന്ന പുഴയ്ക്ക് പുതപ്പായി ആഫ്രിക്കന്‍ പായലും വയലറ്റ് പൂക്കള്‍ ഉള്ള കുളവാഴയും. കൂട്ടിരിക്കാന്‍ മീന്‍ കൊത്തി പക്ഷിയും. മുത്തങ്ങാ പുല്ലും കൈ നാറിയും തോട്ടാവാടിയും വിഹരിച്ചിരുന്ന പെരിയാരിന്റെ തീരം.. അവയുടെ വിളവെടുപ്പില്‍ പുളച്ചു പായുന്നത് കുന്നോളം കുളിരും കുളിര്‍ക്കാറ്റും. ഒരിക്കലും തീരത്ത് അണഞ്ഞു കണ്ടിട്ടില്ലാത്ത കൊച്ചു വള്ളങ്ങള്‍ നിറയെ കക്ക വാരിക്കൊണ്ടു പോകുനവരുടെ നിരയും. പെരിയാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസിലങ്ങനെ അനസ്യൂതം ഒഴുകും, പുഴ ഉള്ള കാലത്തോളം..

ഇന്ന്..
"പെരിയാര്‍ വീണ്ടും മലിനമാകുന്നു. വെള്ളത്തിന് നിറ വ്യത്യാസം. മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്നു"
ഈ വിധ വാര്‍ത്തകള്‍ കേട്ടും വായിച്ചും മടുത്തു.
ഉള്ള കുന്നുകളും പുഴയും ഇടിച്ചും നിരത്തിയും അതില്‍ വാഴ നട്ടും വ്യാവസായിക സമുച്ചയതിന്റെ ഭാഗമായി ചെത്തിയും ചെമ്പരത്തിയും കോളാമ്പിയും വെട്ടി അകറ്റി അവിടെ ഓര്‍ക്കിഡ് വളര്‍ത്തിയും ഒരായിരം നില മാളിക പണിതും ആകാശത്തോളം ഉയരം വെക്കാന്‍ ആഗ്രഹിച്ചു കൊണ്ട് മനുഷ്യന്‍ അങ്ങനെ അവന്റെ ജീവിതം ആഘോഷിക്കുകയാണ്.
ഉള്ള പച്ചപ്പില്‍ മുഖം പൂഴ്ത്തി തണുപ്പ് നക്കി എടുക്കുന്ന പാവം പക്ഷി മൃഗങ്ങളെ ആട്ടി അകറ്റി അഴകിന്റെ മീന്‍ കുളം കൊത്തുന്നു.

അവസാനം കുടി വെള്ളത്തിനും പാര്‍പ്പിടത്തിനും ,എന്തിനു ഉഛ്വാസ വായുവിനും വേണ്ടി നമ്മുടെ കുഞ്ഞുങ്ങള്‍ നെട്ടോട്ടം ഓടുന്നത് കാണും വരെ നമ്മള്‍ അങ്ങനെ ആഘോഷിക്കും..
തിമിര്‍ത്താഘോഷിക്കുന്നവര്‍ ഒരിക്കലും അറിയില്ല, നഷ്ടപ്പെടുത്തുന്നത് കാല്‍ക്കീഴിലെ ലോകമാണെന്ന്.
കുന്നും മലയും നിരത്തി അന്താരാഷ്ട്ര ക്ലബുകളും കളിക്കളങ്ങളും ഉയര്‍ന്നു പൊങ്ങുമ്പോഴും തീക്കാറ്റില്‍ ഉലയുന്ന അവശേഷിക്കുന്ന കണിക്കൊന്നയും ശീമക്കൊന്നയും പുത്തന്‍കോടാലി മൂര്‍ച്ച അറിയാതെ പേടിച്ചരണ്ടു നില്‍ക്കുന്ന കാഴ്ച, തരുന്നത് പറഞ്ഞറിയിക്കാനാകാത്ത നീറ്റലാണ് …….

സാക്ഷ്യപ്പെടുത്തലുകള്‍ക്ക് ഇവിടത്തെ പേരാലിനോളം ഉയരവും വളര്‍ച്ചയും ഉണ്ട്.

അവ തരുന്ന ഊര്‍ജ്ജത്തിന്റെ കണക്കു പറഞ്ഞാല്‍ വെള്ള പൂശിയ കുഴിമാടങ്ങള്‍ക്ക്
അഹങ്കാരത്തിന്റെ പുതപ്പു വിരിക്കുന്ന മനുഷ്യര്‍ അറിഞ്ഞു കൊള്ളണം എന്നില്ല.
മദ്ധ്യ വേനല്‍ അവധി എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് കാട് കയറല്‍ ആണ്..

ആലുവാ പുഴയുടെ തീരത്ത്.
വീടിനു വടക്ക് വശത്തെ പഴക്കമുള്ള കാവും, നെടുങ്ങാന്‍ പേരാലും ഒരിക്കലും വറ്റി വരണ്ടു കണ്ടിട്ടില്ലാത്ത പെരിയാറും തരുന്നത് , ഒരു കാലത്തിന്റെ നിറക്കാഴ്ചകള്‍ ആണ് .. ..

ഉത്സവ ബലിക്ക് വന്ന അമ്പലവാസികള്‍ എന്ന് സഹപാഠികള്‍ ഞങ്ങളെ കളിയാക്കാറുണ്ടായിരുന്നു. വേലിയേറ്റ സമയത്ത് പുഴയില്‍ ഇറങ്ങാതെ തീരത്തു ചെറിയ ചെറിയ കുഴികള്‍ ഉണ്ടാക്കി അതില്‍ കക്കത്തോട് നിറച്ചു വെക്കുമായിരുന്നു.(എഞ്ചുവടിയുടെ ആദ്യ പാഠങ്ങള്‍.)

(കൈ എത്താത്ത പോക്കത്തു നില്‍ക്കുന്ന കൈതയുടെ) മുള്ള് തറച്ചു കയറുമ്പോള്‍ അസാമാന്യ വേദന അറിയും ഞങ്ങള്‍.
ഒരൊറ്റ പൂവ് പോലും നുള്ളാന്‍ സാധിക്കാതെ വരുന്നതിന്റെ നിരാശ.
കൂട്ടുകാരുടെ കൂട്ടായ്മയില്‍ വേനല്‍ അവധികള്‍.
ഒറ്റ മുണ്ടും ഫുള്‍ കൈ ഷര്‍ട്ടും അണിഞ്ഞു വന്നിരുന്ന പൊടി മീശക്കാരന്‍ ബിജുവിനെക്കൊണ്ട് ഞങ്ങള്‍ പാട്ട് പാടിക്കുമായിരുന്നു. വേനല്‍ അവധി ആഘോഷിക്കാന്‍ വരുന്ന, മൂളിപ്പാട് പാടാന്‍ ഇഷ്ടമുള്ള ബിജുവിനെക്കൊണ്ട്. ( ഇന്നത്തെ സിനിമാ താരം ബിജു മേനോന്‍ )
‘കുടയോളം ഭൂമി, കുടത്തോളം കുളിര്..
(തകര എന്ന സിനിമയിലെ ഈ പാട്ട് മൂളാന്‍ ഇഷ്ടം ബിജുവിന്..)…

ഉത്തരേന്ത്യയില്‍ സഞ്ജയ് ഗീത ചോപ്രമാരെ തട്ടി ക്കൊണ്ട് പോയി കൊലപ്പെടുത്തിയ വാര്‍ത്ത ഞങ്ങള്‍ ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. ബില്ല- രംഗ എന്ന രണ്ടു പേരാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നും ,സൂക്ഷിച്ചില്ലേല്‍ കേരളം കാണാന്‍ വരും അവരെന്നും ബിജുവിന്റെ താക്കീത്….
(പ്രിയ ബിജു, താങ്കളുടെ താക്കീത് കേട്ടു ഉറക്കം നഷ്ട്ടപ്പെട്ട ഒരു സമ പ്രായക്കാരിയുടെ നിഷ്‌കളങ്ങമായ വെളിപ്പെടുത്തല്‍……..)
നീന്താന്‍ വശമില്ലാത്ത കൂട്ടുകാര്‍ നീന്തലറിയാവുന്നവരുടെ ശിഷ്യരായി..

കഴുത്തറ്റം വെള്ളത്തില്‍ നീന്തി തിമിര്‍ക്കുന കുട്ടികള്‍ക്ക്
വിരിമാറു കാണിച്ചു കൊടുത്തു സ്‌നേഹം ഉള്ള പെരിയാര്‍..

ഒരു മിഥുന മാസത്തില്‍ (വര്ഷം ഓര്‍ക്കുന്നില്ല ( 1974 /1975?)

എങ്ങും ഇല്ലാത്ത വിധം വാശിക്കാരിയായി പെരിയാര്‍. നാടും നഗരവും കര കവിഞ്ഞൊഴുകി. മുട്ടറ്റം വെള്ളത്തില്‍ താഴന്ന പ്രദേശങ്ങള്‍ കണ്ടു മൂത്തവര്‍ പരിഭ്രമിച്ചു.

വീടിനു ചുറ്റും വെള്ളം നിറഞ്ഞ പ്രഭാതം കണ്ടു ഏറെ സന്തോഷിച്ചു. സ്‌കൂളില്‍ പോകണ്ട എന്ന് മാത്രമല്ല വെള്ളത്തില്‍ ഒരു’ രാസ ക്രീഡാ’.. ചേച്ചിയും ഏട്ടനും ഞാനും വാഴത്തണ്ട് കൊണ്ട് കളിവള്ളം ഉണ്ടാക്കാന്‍ ഒരു ശ്രമം നടത്തുകയായ്….

‘ഈ വിധം പോയാല്‍ പിള്ളാരുടെ കാര്യം എന്താകും’ എന്ന് അപ്പ ഉല്‍ക്കണ്ഠ കാണിച്ചപ്പോള്‍ പച്ച വിറകു തീ ആക്കുന്നതിനെ ചൊല്ലി അമ്മ ബേജാറായി..

രാവേറെ ചെല്ലുമ്പോഴേക്കും വീട് ഏതാണ്ട് മുങ്ങിയ സ്ഥിതി ആയി..(സമീപ വീടുകളും വ്യത്യസ്തമാല്ലയിരുന്നു..) ചിന്തിച്ചിരിക്കാന്‍ ഇനി സമയം ഇല്ലെന്നു പറഞ്ഞു കുട്ടികളെ ഉടന്‍ സ്ഥലം മാറ്റണം എന്നായി അയല്‍ക്കൂട്ടം.
ഉമ്മറപ്പടി കടന്നെത്തിയ ‘അതിഥിയെ’ വിട്ടു പോകാന്‍ തെല്ലും താല്പര്യം ഇല്ലാതിരുന്ന ഞാന്‍ വല്യ ചെമ്പ് ചരിവം മുറ്റത്തിറക്കി വള്ളം തുഴഞ്ഞു കളിച്ചു….

അപ്പൂപ്പന്റെ തോളില്‍ ഇരുത്തി ഒരു താല്‍ക്കാലിക വസതിയിലേയ്‌ക്കെന്നെ എടുത്തു കൊണ്ട് പോകുമ്പോള്‍, സീതാ ദേവിയെ തോളില്‍ ഇരുത്തി ക്കൊണ്ട് പോകുന്ന ഹനുമാന്‍ ആണ് താന്‍ എന്ന് അപ്പൂപ്പന്‍ കൂടെ ഉണ്ടായിരുന്ന ആളുകളോട് പറഞ്ഞത് കേട്ടു അന്ന് ലജ്ജിച്ചു പോയിരുന്നു.
( നിന്നെക്കുറിച്ച് എന്തെല്ലാം ഇനി പറയാത്തത് ഉണ്ട്?)
വീട്ടില്‍ വന്നു കയറിയ ആ ‘അതിഥിയെ’ കാണാതെ കുറച്ച ദിവസം..ഒരു നല്ല അവസരം കളഞ്ഞു പോയതിനെ ക്കുറിച്ച് ഇന്നും വല്ലായ്മ..
ഇന്ന്….
അന്യമാകുന്ന പുഴകള്‍ക്കും മലകള്‍ക്കും , ചൊല്ലാന്‍ നാവുണ്ടായിരുന്നെങ്ങില്‍ എന്തെല്ലാം കഥകള്‍ പറയുമായിരുന്നില്ല ഇത് പോലെ. നനവിന്റെയും കുളിര്‍മ്മയുടെയും അപാര സംബന്നയില്‍ തിമിര്‍ത്തൊഴുകിയ ആലുവാപ്പുഴ.

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അന്യം നിന്നു പോകുന്ന ഒരു കഴിഞ്ഞ കാലത്തിന്റെ പ്രകൃതിവിഭവമായി ഈ പുഴ മാറരുതേ എന്ന് പ്രാര്‍ത്ഥനയിലും ഓര്‍മ്മ വരിക, വേദകാലങ്ങള്‍ക്ക് മുന്‍പേ അപ്രത്യക്ഷമായ സരസ്വതി പുഴയാണ്. ഭൂമിക്കടിയില്‍ എവിടെയോ അദൃശ്യയായി സരസ്വതി ഒഴുകുന്നുണ്ടെന്നു പുതിയ സാക്ഷ്യപ്പെടുത്തലുകള്‍.

ഗവേഷണം തുടരട്ടെ.
അതുവരെ മനുഷ്യന്റെ ചവിട്ടേറ്റു പുതയാത്ത ഏതെങ്കിലും ഒരിടം ഇനിയും അവശേഷിക്കുന്നുവെങ്കില്‍
ആ മണ്ണിനെ നനയ്ക്കാന്‍ ഇനിയും വറ്റാത്ത പുഴകള്‍ക്ക് വഴി ഒരുക്കട്ടെ കാലം..

2 comments:

  1. അയച്ചുതന്ന ബ്ലോഗ്‌ ലിങ്കിലൂടെ താങ്കളുടെ എഴുത്തുപുരയില്‍ വന്നു.
    നല്ല ഭാഷയില്‍ നമ്മുടെ പ്രകൃതിയുടെ ദുരവസ്ഥയെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഒഴുക്കും ഓമനത്വവുമുള്ള ആഖ്യാനം!
    ജീവിതത്തിന്‍റെ പച്ചപ്പു തന്ന നമ്മുടെ മണ്ണിനെ ആര് രക്ഷിയ്ക്കും?

    ReplyDelete