Wednesday, May 11, 2011

കാട്ടുതീയുടെ മണമുള്ള നാലുപേര്‍




കച്ചവടം
------------
ഒറ്റക്കാതുള്ള കുതിരയെ വില്‍ക്കാന്‍ വെച്ചിരിക്കുന്നു.
ഞാന്‍ ചോദിച്ച വില കേട്ട് എന്നെ
കടക്കാരന്‍ ആട്ടി.
കാതില്ലേലും,നടക്കാന്‍ നാല് കാലില്ലെ എന്നവന്‍
ചോദിച്ചത് എന്നെ നോക്കിയാണോ?

******************************************************
സ്ത്രീ
-------
തൊണ്ട ഓപ്പറേഷന്‍ കഴിഞ്ഞ അച്ചാമ്മയുടെ
തൊണ്ടക്ക് നാല് തുന്നല്‍ ഇട്ടിട്ടും
കുപ്പിയുടെ വായ തുറന്ന പോലെ !!
ശ്വാസം വിടാന്‍ നേരം,
മക്കളെ ചീത്ത വിളിക്കാന്‍ നേരം
തുളയുള്ള തൊണ്ട, വിരല്‍ കൊണ്ടമര്‍ത്തി
ഉച്ചത്തില്‍ അമറും
"ആറാം തമ്പത്തില്‍ പൊറന്ന നായിന്റെ മക്കളെ.."

************************************************************
കമ്പോള നിലവാരം
---------------------------
അവര്‍ ,പണി തരാം,തുണി തരാം എന്ന് പറഞ്ഞെന്നെ
നഗരത്തിലേക്ക് വിളിച്ചു,
തുണി ഉടുക്കാത്ത നഗര വാസികള്‍
എന്നെ കണ്ടില്ലെന്നു നടിച്ചു,
ആമാശയത്തിലെ, അഗ്നിയും
അടുപ്പിലെ കനലും
ചേര്‍ത്ത യാന്ത്രീകൊര്‍ജ്ജം, എന്നെ രാസോര്‍ജ്ജമാക്കി.
ഞാന്‍,
എല്ലാവരും ഉറക്കമായ ശേഷം
വഴി വക്കില്‍ കാത്തിരുന്നു.
നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു പോകുന്ന
സിഫിലീസു പിടിച്ച
കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍
മാത്രമേ എന്നെ തേടി വന്നുള്ളൂ..
***************************************

വയസ്സന്‍
--------------
ചുളുങ്ങിയ ദേഹവും,
ഇരുമ്പിന്റെ ശക്തിയും ഉള്ള ആളായിരുന്നു അയാള്‍,
ചിരിക്കുമ്പോള്‍ മുന്‍ നിരയിലെ
നിര ഇല്ലാത്ത പല്ലുകള്‍ പുറത്തു കണ്ടു,
അരയില്‍ ഊഷ്മാവ്
നൂറും കവിഞ്ഞു.
തീ പിടിച്ച ചോരയ്ക്ക്,
തടം കെട്ടാനറിയാതെ ..
വിറയ്ക്കുന്ന വിരലുകള്‍
അവളുടെ നെഞ്ചില്‍ അമര്‍ത്തി,വയസ്സന്‍ ചിരിച്ചു,
നിനക്ക് ഇത് എത്രയാ" ?

Tuesday, May 3, 2011

രണ്ടാമൂഴം എന്ന സിനിമ




രണ്ടാമൂഴം" സിനിമ ആക്കുന്നു എന്ന വാര്‍ത്തയും
ആരോക്കെയാവാം അതില്‍ അഭിനയിക്കുക എന്ന അഭ്യൂഹവും
ഈയിടെ കാണുന്നു.

ഈ നോവല്‍ ഇറങ്ങിയ സമയം എം ടീ ഇത് സിനിമ ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു.
ഒന്നാമത് ഉത്തരേന്ത്യന്‍ സോപ്പ് പോലെ വര്‍ണാഭമായ പശ്ചാത്തലമല്ല
ഇതില്‍ ഉള്ളതെന്നും കണ്ണഞ്ചിപ്പിക്കുന്ന വിഭൂഷണങ്ങള്‍ ഉള്ള ചിത്രണം അല്ല ഇതില്‍ കഥാ പാത്രങ്ങള്‍ക്ക് ഉള്ളതെന്നും, അത് കൊണ്ട് തന്നെ സിനിമ ആക്കിയാല്‍ രണ്ടാമൂഴതോട് നീതി പുലര്‍ത്താന്‍ കഴിയില്ലെന്നും ആണ് അന്ന് അദ്ദേഹം പറഞ്ഞത്.
എന്തോ, സിനിമ ആക്കുന്നെന്നു ഈയിടെ വാര്‍ത്ത കണ്ടു.
അപ്പോള്‍ ആര് ഒക്കെ അഭിനയിക്കണം എന്ന്, രണ്ടാമൂഴം"
വായനക്കാര്‍ ചര്‍ച്ച ചെയ്യുക സ്വാഭാവികം..
കൂടുതല്‍ പേരും നിര്‍ദേശിച്ചത് ഭീമന്‍ ആയി അഭിനയിച്ചാല്‍ നന്നാവുക ഇവരാണ്.
മോഹന്‍ ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ഈ മൂന്നു പേരുടെ പേരാണ് ഭീമന്‍ ആയി അഭിനയിക്കാന്‍ നിര്‍ദേശിച്ചു കാണുന്നത്..
(എം ടീ -ഹരിഹരന്‍ ടീം ചര്‍ച്ചകള്‍ നടത്തുന്നതെ ഉള്ളൂ..)
പന്ത്രണ്ടാം വയസു മുതലാണ്‌ ഇതില്‍ കഥാ പാത്രങ്ങള്‍ കൌമാരം കടക്കുന്നതും യൌവനത്തില്‍ പ്രവേശിക്കാന്‍ തുടങ്ങുന്നതും.
ദ്രൌപതിയെ വിവാഹം ചെയ്യുന്ന പാണ്ഡവര്‍ പൂര്‍ണ്ണ യൌവനത്തില്‍ പ്രവേശിച്ചിരുന്നു..
ഭീമന്‍ ബലന്ധരയെ പാണി ഗ്രഹണം ചെയ്യുമ്പോഴേക്കും അയാള്‍ ഒരു പുരുഷനായി കഴിഞ്ഞിരുന്നു..
(വയസു അപ്പോള്‍ ഭീമന് വെറും 16 ).
രണ്ടാമൂഴതിലെ കാല്‍ ഭാഗം ഇവരുടെ ചെറുപ്പ കാലത്ത് നടക്കുന്ന സംഭവങ്ങളാണ്..
16 വയസായ "ബാലനായ" മമ്മൂട്ടി, ലാല്‍, സുരേഷ് ഗോപി ഇവരെയൊക്കെ ഭീമനായി മനസ്സില്‍ വരച്ചു നോക്കി. ഞാന്‍..
കിം കരണീയം.?
12 വയസ് മുതല്‍ മഹാ പ്രസ്ഥാനം പ്രാപിക്കും വരെ ഏതാണ്ട് 40
വയസ് വരെയുള്ള കര്‍മ്മ മണ്ഡലമാണ് ഈ കഥാ പാത്രങ്ങള്‍ക്ക് ജീവന്‍ പകരേണ്ടത്.
കഴിവതും ഒറ്റ അഭിനേതാവിനെ ക്കൊണ്ട് തന്നെ അഭിനയിപ്പിച്ചു കൊണ്ടുള്ള പൂര്‍ണ്ണത കൈ വരുത്തല്‍ .
(തീരെ ചെറിയ കുട്ടികള്‍ ആയിരിക്കുമ്പോള്‍ ഉള്ള ഭാഗം അല്ല ഉദ്ദേശിക്കുന്നത്.
പാണ്ടുവിന്റെ മരണ ശേഷം കൊട്ടാരത്തിലേക്ക് വരുന്ന വിധവയായ കുന്തിയെ അനുഗമിച്ച കുഞ്ഞുങ്ങളുടെ ഭാഗം ഒഴിച്ച്,
ആയുധ അഭ്യാസം ചെയ്യുന്ന കൌമാരക്കാര്‍ മുതല്‍ ഒറ്റ നടനെ ക്കൊണ്ട് അഭിനയിപ്പിക്കല്‍.
(റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ "ഗാന്ധി" ഓര്‍ക്കുക)
ആരൊക്കെ അഭിനയിക്കും എന്നൊന്നും ഇത് വരെ അറിവായിട്ടില്ല..
എന്നാലും ആളുകള്‍ അവര്‍ക്ക് ഇഷ്ട്ടപ്പെട്ട നടന്മാരുടെ പേര് പറഞ്ഞു സായൂജ്യം അടയുന്നു.. അതിന്റെ വ്യാപ്തി മനസിലാക്കാതെ.
ചര്‍ച്ച നടക്കട്ടെ.
പറ്റിയ നടന്മാരെ കണ്ടെത്തട്ടെ..
അവസാനം എഴുന്നെറ്റവന്‍ കട്ടിലൊടിച്ചു എന്ന് പറയിക്കരുത്.

ഹരിഹരന്‍, എം ടീയെ അല്ലാതെ വേറെ ഒരു തിര കഥ കൃതുമായി അത്ര രസത്തില്‍ അല്ലയോ ആവോ?
നാളിതു വരെ ആശാന്‍ മറ്റു എഴുത്തുകാരോട് അയിത്തം കല്‍പ്പിച്ച മട്ടോ, അതോ ഹരിഹരനോട് മറ്റു എഴുത്തുകാര്‍ അയിത്തം കല്പ്പിച്ചതോ, എന്തോ,
1979 മുതല്‍ എം ടീ യുമായുള്ള കൂട്ട് കെട്ട് "ശ്ശി" പിടിച്ച മട്ടാണ് കക്ഷിക്ക്..
പ്രേപൂജാരി എന്ന തല്ലിപ്പൊളി പടം എടുത്ത്‌ കൈ പോള്ളിയതിനു ശേഷം പിന്നെ ആശാനെ കണ്ടു കിട്ടിയത് ഈയിടെ.
ഇടയ്ക്ക് "മയുഖം "എടുത്ത്‌എങ്കിലും
അത്രയ്ക്കങ്ങോട്ട് ആളുകള്‍ വക വെച്ചു കൊടുത്തും ഇല്ല..
(ഒരു മുപ്പത് വര്ഷം മുന്പ് ഇറങ്ങേണ്ടി ഇരുന്ന സിനിമ.
മദനോത്സവം, ശാലിനി എന്റെ കൂട്ടുകാരി....നായികമാര്‍ക്ക് മഹാരോഗം വന്നു മരിക്കുന്ന കരള്‍ അലിയിക്കുന്ന കഥകള്‍.)
മലയാളത്തിന്റെ മാര്‍കെറ്റ് എന്താണെന്ന് ഹരിഹരന്‍ മറക്കുന്നു. എം ടീ എന്ന
മഹാ വൃക്ഷ തണലില്‍ ഇരുന്നു പടം പിടിക്കുമ്പോള്‍.

എന്നാല്‍ പടിക്കല്‍ ചെന്ന് കലം ഉടച്ചു പഴശ്ശിരാജയില്‍".
ടിപ്പുവുനു എതിരായുള്ള പടനീക്കതിന്റെ സൂചന പറയാതെ, ആദ്യ ഭാര്യെ ക്കുറിച്ച് ലവ ലേശം പറയാതെ, സഹോദരങ്ങളെ ക്കുറിച്ച് പറയാതെ ഒരു ത്രികോണ പടയോട്ടമായി പഴശ്ശിയെ ഭീമന്റെ/ ചന്ദുവിന്റെ
പരിചേദം ആക്കി മാറ്റാന്‍ എം ടീ ശ്രമിച്ചു എന്ന് പരക്കെ ആക്ഷേപം ഉണ്ടായി..

പഴശ്ശിരാജയില്‍ ഒരു വേള ശരത് കുമാറും സുമനുമായുള്ള ഒരു സംഭാഷണം വരെ ഭീമന്റെതാണ്.(ദുര്യോധനന്‍- ഭീമന്‍ സംഭാഷണം )
മൃഗയയില്‍ ഏര്‍പ്പെടുന്ന ഈ യുവാക്കള്‍ ഭക്ഷണത്തിനായി ഇടവേള പങ്കു വെക്കുന്ന സമയം പറയുന്ന അതെ സമാനമായ സംഭാഷണം..

" പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല"
എന്ന് പറയിക്കാന്‍ ഇട വരുതാതിരിക്കട്ടെ ഈ കൂട്ട് കെട്ട്..

Monday, May 2, 2011

ഹീമോഫീലിയ




ഹീമോഫീലിയ എന്ന ഭയങ്കര രോഗത്തെ ക്കുറിച്ച് കുട്ടി ആയിരിക്കുമ്പോ വല്യ അറിവുണ്ടായിരുന്നില്ല.
കൊറേ കളിക്കുക, കിടക്കുക, ഉണ്ണുക, പിന്നേം കളിക്കുക, ഈ വിചാരം അല്ലാതെ പിന്നെ വേറെ എന്താ?

ഇത് പറയാന്‍ കാരണം ഉണ്ട്.

ന്റെ വീട്ടില്‍ ഇടക്ക് വേലക്കാരിങ്ങനെ മാറി മാറി വരും.
അമ്മയ്ക്ക് ആരേം പിടിക്കില്ലെന്നാണ് അമ്മൂമ്മ പറയുക,
കുട്ടി ആയിരിക്കുന്ന സമയം, ദേഹം മുഴുവന്‍ ചൊറിയും ചിരങ്ങും കാരണം കൈ കൊണ്ട് തൊടാന്‍ അറയ്ക്കുന്ന എന്നേം ചേച്ചിയേം അമ്മൂമ്മ ഇഞ്ചയും ,ആര്യ വെപ്പും കൊണ്ട് തേച്ചു
കുളിപ്പിക്കും.
കുരുമുളകിന്റെയ് വലിപ്പത്തിലുള്ള ചൊറിയില്‍ ഇഞ്ച ചേര്‍ത്ത് ഉരയ്ക്കുമ്പോള്‍ വേദന കൊണ്ട് കരയുന്ന എന്നെ നോക്കി ചിരിച് തല തല്ലുന്ന ചേച്ചി.
എന്റെ ഊഴം കഴിഞ്ഞാല്‍ അവരുടെതാനെന്ന ബോധം ഉണ്ടാകുമായിരുന്നെങ്ങില്‍ ഇത്ര അധികം ചിരിക്കില്ലായിരുന്നെന്നു ഓര്‍ക്കും, കരയുന്ന ഞാന്‍ .

ചൊറി പിടിച്ച പിള്ളാരേം, പശൂനേം അമ്മയ്ക്ക് ഒരുമിച്ചു നോക്കാന്‍ വയ്യഞ്ഞത് കൊണ്ട് ഞങ്ങളെ നോക്കാന്‍ തങ്കമ്മയെ കൊണ്ട് വന്നു .

തങ്കമ്മയ്ക്ക് പണി എടുക്കാന്‍ വയ്യെന്ന് അമ്മ പരാതി പറയും..
കാലിലെ ചെറു വിരല്‍ കാണിച്ചിട്ട്.
" പണി എടുക്കാന്‍ വയ്യ തങ്കമ്മൂന്‌ , വെള്ളം തൊട്ടാല്‍ നീറും എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളെ ചെറു വിരല്‍ തൊട്ടു കാണിയ്ക്കും..

ഏത് നേരവും കരയുന്ന ഒരു കുട്ടി തങ്കമ്മയുടെ ഒക്കത്തുണ്ടാകും.
അവളെ എടുത്ത് കൊണ്ട്, തങ്കമ്മു അലക്കും, പാത്രം കഴുകും,
മുറ്റം അടിക്കും.
വാ തോരാതെ കരയുന്ന കുഞ്ഞിനെ വെച്ചു പണി എടുക്കുന്ന അവരൊട്
" നീ പണി അവിടെ ഇട്ടേച് ആ കുട്ടീടെ കരച്ചില്‍ നിര്‍ത് " എന്ന് അമ്മൂമ്മ പറഞ്ഞു കഴിഞ്ഞാല്‍
പിന്നെ തങ്കമ്മൂന്റെ പൊടി പോലും കാണില്ല..

കറവക്കാരന്‍ വരാറായി, പശൂനെ മാറ്റി കെട്ടിയില്ലേ, ഇത് വരെ എന്ന് അമ്മ തങ്കമ്മുവിനെ അന്വേഷിച്ചാല്‍ കാണില്ല..
തല്ലി തേങ്ങ അന്വേഷിച്ചു നടക്കുന്ന ഞാന്‍ പക്ഷെ കണ്ടു പിടിക്കും തങ്കമ്മുവിനെ..
തൊഴുത്തിന്റെ പിന്നില്‍ പുക ഉയരുന്നത് കണ്ട്‌
കാര്യം അന്വേഷിക്കുന്ന ഞാന്‍ അന്ധാളിക്കുന്നു.
തങ്കമ്മ ബീഡി വലിക്കുകയാണ്‌.
"അമ്മയോട് പറയല്ലേ, കുഞ്ഞേ, പല്ല് വേദനിചിട്ടാ. ...

എന്നിട്ട് ചില്ലറ നീട്ടി കൊണ്ട് പറയും.
ശര്‍ക്കര മുട്ടായി വാങ്ങിക്കോ ..
ഒരു കെട്ട് കാജാ ബീഡിയും..
ഒരു ശര്‍ക്കര മുട്ടായിയുടെ പൂര്‍ണ്ണ രൂപം ഇത് വരെ കണ്ടിട്ടില്ലാത്ത എനിക്ക് ഇത്തരം പ്രലോഭനങ്ങള്‍ ഇത് ആദ്യം..

ഇങ്ങനെ പല തവണ അവര്‍ക്ക് പല്ല് വേദന വന്നിരുന്നു...

"അയിനാരാ കുട്ടീടെ വീട്ടിലിപ്പോ , കാജാ ബീഡി വലിക്കാന്‍.?എന്ന് ചോദിക്കുന്ന കടക്കാരനോട്
വിരുന്നുകാരുന്ടെന്നു പല തവണ കള്ളം പറഞ്ഞു.
ഇങ്ങനെ ശര്ക്കാര മുട്ടായിയെ പൂര്‍ണ്ണ രൂപത്തില്‍ പല തവണ ഞാന്‍ കണ്ടു.

തങ്കമ്മുവിന്റെ കുട്ടീനെ എടുക്കാന്‍ വല്യ ഇഷ്ടമായിരുന്നു എനിക്ക്,
എന്നാല്‍ വേലക്കാരുടെ കുട്ടികളെ എടുക്കരുതെന്ന് പറയും ചേച്ചി.


എന്നാലും ,എല്ലാവരുടെയും കണ്ണ് വെട്ടിച്ചു കുട്ടിയെ ഒരിക്കല്‍ എടുത്തു..

നന്ദ്യാര്‍ വട്ടത്തിന്റെ ചോട്ടില്‍ ഇരുന്നു ഞങ്ങള്‍ കല്ല് കളിച്ചു.
അവള്‍ ചിരിക്കുന്നത് കണ്ട്‌ ഞാന്‍ നിര്‍വൃതി അടഞ്ഞു.

എപ്പോഴോ, കളിക്കിടയില്‍ അവളുടെ ദേഹം വിറയ്ക്കുന്നത് കണ്ട്‌,ഞാന്‍ പരിഭ്രമിച്ചു.
കുട്ടി അമ്മയെ വിളിച്ചു കരഞ്ഞു
പരിഭ്രമിച്ച കുട്ടിയുടെ ദേഹം ചോര കൊണ്ട് കുളിച്ചിരിക്കുന്നു.
"ന്റെ കുട്ടിയ്ക്ക് എന്തായി എന്ന് കുട്ടിയെ വാരി എടുത്തു പൊട്ടിക്കരഞ്ഞ തങ്കമ്മ എനിക്ക് ഇന്നും ഓര്‍മ്മ ചിത്രം..
തല്‍ക്കാലത്തെ പ്രഥമ ശുശ്രൂഷ കൊടുത്തെങ്കിലും രക്തം ഒഴുക്ക് പൂര്‍ണ്ണമായും നിലച്ചിരുന്നില്ല..
പിറ്റേ ദിവസം കുട്ടിയെ കൊണ്ട് പോയ തങ്കമ്മു പിന്നെ തിരികെ വന്നില്ല.
സുനു എന്ന് വിളിച്ചിരുന്ന കുട്ടി ജീവിതത്തിലേക്കും .

ന്റംമൂമ്മേ , കുട്ടീന്റെ ദേഹം കയറ്റി കൊണ്ടോകാന്‍ വണ്ടി കിട്ടാഞ്ഞ് ഞാന്‍, ഒറങ്ങുന്ന കുട്ടീനെ എടുക്കും പോലെ ന്റെ കുട്ടീനെ എടുത്ത്‌ കൊണ്ട് പോയെ..

നാള്‍ കുറെ കഴിഞ്ഞ അമ്മൂമ്മയെ കാണാന്‍ ഒറ്റയ്ക്ക് വന്നപ്പോള്‍ അവര്‍ പിന്നെയും കരയുന്നുണ്ടായിരുന്നു.

" ഈ കുട്ടീനെ ഇടക്ക് അവള്‍ ചോദിക്കുമായിരുന്നു..
പക്ഷെ, ഓര്‍മ്മ പോയെര്‍ന്നു..
ഒരു ഓര്‍മ്മ തെറ്റ് പോലെ നിന്ന എന്നെ അടുത്ത് നിര്‍ത്തി കൊണ്ട്
അവര്‍ പറഞ്ഞു.
*************************************

ഹീമോഫീലിയ എന്ന ഭയങ്കര രോഗത്തില്‍ സുനുവിനെ പ്പോലെ ജീവന്‍ നഷ്ടമായ മനുഷ്യ ജീവനുകള്‍ക്ക് ആദരവ്

Friday, April 29, 2011

ആബു




എന്റെ അമ്മയുടെ അച്ഛനെ ഞങ്ങള്‍ ആബു എന്നാണു വിളിച്ചിരുന്നത്.
മൂപ്പരുടെ കാര്യം പറഞ്ഞാല്‍ ബഹു രസമാണ്.
സൂര്യന് കീഴെ അറിയാത്തത് ഒന്നും ഇല്ല..
മൂപ്പര് ഒരു ആമയുടെ അവതാരം എന്നാന്നു പറയാറ്,,

രാവണന്‍ സീതയെ മോഷ്ടിക്കാന്‍ ആമയുടെ പുറത്താണ് പോയിരുന്നത്.
ഭാരം താങ്ങാനാകാതെ ആമ, മണ്ണിനു അടിയിലേക്ക് താഴ്ന്നു പോയത് കൊണ്ടാണ്,
മൂപ്പരുടെ കാലിലെ ഈ ആമ വാതം എന്ന് പറഞ്ഞു കാല്‍ ഉയര്‍ത്തി നമ്മളെ കാണിക്കും..
അരിമ്പാറ കട്ടി പിടിച്ച കാലിന്റെ മടംബ് കണ്ട്‌ നമ്മള്‍ വായ പൊളിക്കും..ഈ ആബുവിന്റെ ഒരു കാര്യം എന്ന് പറഞ്ഞു കണ്ണ് തള്ളും..
വര്‍ഷത്തില്‍ 365 ദിവസവും മദ്യപാനം ചെയ്യുന്ന ആബു,
കള്ള് കുടിച്ചാല്‍ പിന്നെ പഴയ പല കഥകളും മൂപ്പര്‍ക്ക് നല്ല ഓര്‍മ്മയാണ്..
പണ്ട് ബിലാതിയില്‍ പോയ വിശേഷം മുതല്‍ കാളയ്ക്ക് മൂക്കയാര്‍ കെട്ടുന്ന സമയം
മൂപ്പരെ കാള തളളി അകറ്റി ചവിട്ടിയതും അതിന്റെ കൂറ്റന്‍ കൊംബ് കൊണ്ട്, മൂപ്പരെ" കൊന്ന " കഥയും"
പിന്നീട് അടുക്കള ക്കൊലായില്‍ കമിഴ്ത്തി വെച്ച കുടം നേരെ വെച്ചപ്പോള്‍ അതില്‍
മരിക്കാതെ കിടന്നിരുന്ന ജീവന്‍ വീണ്ടും ശരീരത്തില്‍ വന്നു ജീവന്‍ വന്ന കഥയും ഞാന്‍ ശ്വാസം പിടിച്ചിരുന്നു കേള്‍ക്കുന്നു..

കാലു നിലത്തു കുത്താന്‍ വയാത്ത തരത്തില്‍ പൂക്കുറ്റിയായിട്ടാകും
ചില വരവുകള്‍.

"ദശരഥ രാജ കുമാര...
അലങ്കാര, അധി ധീര.."

ഇങ്ങനെ ലക്കും ലഗാനും ഇല്ലാതെ ആബു പാടി ഇരിക്കുമ്പോള്‍,
അര്‍ഥം മുഴുവന്‍ മനസിലാക്കാത്ത ഞാന്‍
ആബുവിന്റെയ് അര്‍ദ്ധ നഗ്നമായ ശരീരത്തില്‍ (നാമ മാത്രമായ വസ്ത്രം ധരിച്ച ആബു
അതൊന്നും അറിയില്ല.)
നോക്കി കൊണ്ട് ദശരഥ രാജ കുമാരനെ ഭക്തിയോടെ ഓര്‍ക്കും..

ഇദി അമീനെ ക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രത്തില്‍ തുടരെ വന്നിരുന്ന കാലം.
" പല വിധ ചര്‍ച്ചകളിലും മൂപ്പര്‍ മുന്‍ പന്തിയില്‍..
"ആബു ,എന്താ ഈ ഇദി അമ്മീന്‍?
എടീ, പെണ്ണെ, അതറിയില്ലേ? ഇദി അമ്മീന്‍ എന്ന് വെച്ചാല്‍
ഒരു വല്യ മലയാണ്.
അതിനു മുകളില്‍ ആളുകള്‍ പോയി നിന്നാല്‍ ലോകം മുഴുക്കെ
കോഴി മോട്ടെടെ വലിപ്പത്തില്‍ കാണാം."
ആബുവിന്റെയ് അനന്തമായ ഇത്തരം അറിവുകള്‍ എന്റെ മനതാരില്‍ ഞാന്‍ സൂക്ഷിച്ചു വെച്ചു.

ഇത്തരം ഒരു മലയെ ക്കുറിച്ച് ഓര്‍ത്തപ്പോള്‍ അത്ഭുതം പിന്നേം...

ചെറായി ഉത്സവത്തിന്‌ വഞ്ചി എടുപ്പിന് മൂപ്പര്‍ തന്നെ മുന്നില്‍ എന്നാണു പറയാറ്,
എടീ, വഞ്ചി എടുപ്പിന് മുന്നില്‍ തന്നെ നിക്കണം എന്നാലെ കാണാന്‍ പകിട്ടുള്ളൂ..എന്ന് പറഞ്ഞു കൊണ്ട് മൂപ്പര്‍ ഒരു കിലോമീറെര്‍ അകലത്തില്‍ നില്‍ക്കും
ആന ഇടഞ്ഞാല്‍ പിന്നെ ഈ കാലു വെച്ചു എനിക്ക് നിങ്ങളെ പോലെ ഓടാന്‍ വയ്യാത്തത് കൊണ്ട് നീങ്ങി നിക്കാണ് ..

ഒരിക്കല്‍ അമ്മയും, അപ്പൂപ്പനും , വല്യെചിയും,കൂടി
എന്നെ കൊടുങ്ങല്ലൂര്‍ താലപ്പൊലി കാണിക്കുവാന്‍ കൊണ്ട് പോയി..
എന്റെ കഴുത്തില്‍ അണിയിച്ച ഒന്നാന്തരം കാശ് മാല കള്ളന്‍ തട്ടി എടുത്തപ്പോള്‍ ആബു വിന്റെ പ്രതികരണം, എന്റെ അമ്മയോട്:

"കുട്ടിക്ക് മാല ഇട്ടു കൊടുക്കണ്ടാന്ന് എത്ര തവണ ഞാന്‍ പറഞ്ഞു?
നിന്നോട് പറഞ്ഞിട്ട കേട്ടോ?
പെണ്ണിനെ രാജകുമാരി ആക്കാനുള്ള പൂതി ആയിരുന്നില്ലേ നിനക്ക്?
ഇപ്പെന്തായി..?
എന്ന് പറഞ്ഞ ആബുവിനെ എന്തെങ്കിലും ജോലി ഏല്‍പ്പിച്ചാല്‍ പെട്ടെന്നുണ്ടാകുന്ന
മറുപടി രസാവഹം.
ഞാനിപ്പ വരാടി, നീ ചെയ്ത് തൊടങ്ങിക്കോ,
ഒന്നു മുറുക്കംബൊളെക്കും ഞാന്‍ എത്തി..
അല്ലേലും അത് നിനക്ക് ചെയ്യാനുള്ളതെ ഒള്ളൂ...
വാര്‍ധക്യ സമയത്തും നല്ല ആരോഗ്യവും അഴകുമായിരുന്നു ആബുവിനു..
ആബുവിന്റെ ഈ ഗുണ ഗണങ്ങള്‍ ഞങ്ങള്‍ പെരക്കുട്ടികളില്‍ ആര്‍ക്കും ലഭിച്ചില്ല.

"നല്ല പരവയാണ്.നീ ഇത് നാളികേരം ചേര്‍ക്കാതെ മല്ലിയും മുളകും ചേര്‍ത് പറ്റിക്ക് .
ഉണ്ണാന്‍ ആകുമ്പോഴേക്കു എത്താം എന്ന് പറഞ്ഞു പോയ ആബു, അല്പം കഴിഞ്ഞപ്പോള്‍ ഉമ്മറത്തേക്ക് ഓടി ക്കയറി നെഞ്ചില്‍ കയ്യമര്‍ത്തി വീഴുന്നാതാണ്..
കൊടുങ്ങാട്ടിലും ഉലയാത്ത ഒരു വൃക്ഷം ഈശ്വരന്റെ നിയോഗം അനുസരിച്
വിയോഗം ചെയ്യുമ്പോഴും, പറയാന്‍ ബാക്കി വെച്ച ഒരു പാട് ലോക വിശേഷങ്ങള്‍ ആബുവിന്റെ മുഖത്ത്‌ കണ്ടു....
എന്റെ ആബുവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഈ ഉള്ളവള്‍ടെ പ്രണാമം...

Thursday, April 28, 2011

കണക്കു മാഷും കുട്ട്യോളും




ങ്ങടോടത്തെ കണക്കു മാഷ്ക്ക് പ്രാധാന പണി ക്ലാസില്‍ എത്തിയാല്‍ പിന്നെ മൂപ്പര്‍ക്ക് ഒറങ്ങണം
ഒറങ്ങണം എന്ന ചിന്തയാ....
അവറാന്റെ പുരയിടം കണ്ടോരു
വാങ്ങി, തോന്നിയ വിലക്ക് വിറ്റു , ലാഭമോ, നഷ്ടമോ എത്ര?

ഈ വിധത്തിലുള്ള കണക്കുകള്‍ കണ്ടോരടെ പറമ്പില്‍ മാവിനും ചക്കയ്ക്കും, കല്ലെറിഞ്ഞ കഥ നിരത്തി ബല്യ ആളുകളായി ഇരിക്കണ മ്മളെ അടുത്ത്, മൂപ്പര്‍ ബെര്‍ക്കനെ ഇരുന്നു അത് ചെയ്യേടോ...എന്ന് പറഞ്ഞു ഈ മാതിരി കണക്കിട്ടു തരും...

കൂട്ടിയും കുറച്ചും അടുക്കലിരിക്കനവന്റെ കൈ കാല്‍ വിരലുകള്‍ കടം വാങ്ങി എണ്ണി തീര്‍ത്തു ഒരു ജാതി ഉത്തരം കൊണ്ട് മാഷടെ അടുത്ത് ചെല്ലുമ്പോഴേക്കും
മൂപ്പര്‍ പിന്നേം സുഖായിട്ട് ഉറക്കം ന്നെ...

മാഷടെ ഉറക്കം നഷ്ട്ടപ്പെടുതിയവന് അടുത്ത ബ്രഹ്മാസ്ത്രം പുരയിടത്തിന്റെ രൂപതിലാകും വരിക...

ഒരു പുരയിടത്തിന്റെ ചുറ്റളവ് നീളത്തെക്കാള്‍ രണ്ടിരട്ടി ആയാല്‍ അതിന്റെ വീതി എത്ര?

ന്റെ മാഷേ, ചൂരല്‍ കൊണ്ട് നല്ല പ്രയോഗം, മ്മടെ ചന്തിക്കങ്ങട് ഈരണ്ടെണ്ണം വീതം മേടിക്കനതാ ഈ മാതിരി കൊടക്കമ്പി പോലുള്ള ചോദ്യം ചോദിക്കണേല്‍ നല്ലത്..

കണ്ടവന്റെ പറമ്പില്‍ പശുവിനെ തീറ്റിയും , പറമ്പിന്റെ ചുറ്റളവും എടുപ്പിച്ച നടന്ന മ്മാടെ മാഷ്ക്ക് പകെങ്ങില്‍ ഒരു തുണ്ട് മണ്ണ് സ്വന്തമാക്കാന്‍ പറ്റിയില്ല എന്നത് അത്ഭുതം ആണേ ...

കാലം കൊറേ കഴിഞ്ഞു ങ്ങടോടത്തെ പൊര താമസത്തിന് മാഷിനെ കണ്ടപ്പോള്‍ ആദ്യം മനസ്സിലായില്ല...
അങ്ങട്ട് ചുളുങ്ങി പ്പോയി പാവം..
മ്മഷിന്റെ കയ്യില്‍ ചൂരല്‍ ഒണ്ടോന്നു നോക്കി കൊണ്ടാ എന്റെ ചോദ്യം..
അയ്യോ, മാഷോ, അറിയോ ന്നെ?
രാജശ്രീ , മാഷിന്റെ തല്ല് കിട്ടാത്ത ദിവസം ഒഴിവു ദിവസം മാത്രം.
തല്ല് കിട്ടിയ ദിവസങ്ങളില്‍ ഒക്കെ മാഷിന്റെ കയ്യൊടിഞ്ഞു പോകാന്‍ നല്ലോണം പ്രാര്തിച്ചവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട്യാരുന്നു...
മാഷും ഞാനും അന്ന് ഒരുപാട് ചിരിച്ചു..
ഈശ്വരനെ ഞാന്‍ ആദ്യമായി അന്ന് കണ്ടു...
--------------

ഒരു ദേശാടനം കണക്കെ മ്മളും പോയി, കാലം കൊറേ കഴിഞ്ഞു കണക്കു പഠിപ്പിക്കാന്‍, ദക്ഷിണ ആഫ്രിക്കയ്ക്ക് അടുത്തുള്ള ലെസോത്തോ എന്ന നാട്ടില്‍..
പഹയര് മ്മള് കരുതും പോലെ അത്ര പാവങ്ങള അല്ലാട്ടോ..
ഈ മാതിരി കണക്കും കൊണ്ട് മ്മള് ഒന്നു ചെന്ന് നോക്ക്
സെകണ്ടിനുള്ളില്‍ അല്ലെ ഉത്തരം...

എന്തിനാ മാഷേ, കണ്ടവരുടെ പറമ്പില്‍ പശുനേം, എരുമെനേം കെട്ടനെ?..ആ നേരം കൊണ്ട് നമക്ക് എല്ലാവര്ക്കും കെടന്നു ഒര്ങ്ങി ക്കോടെ,,,,?
എന്ന് അവരുടെ ഭാഷയില്‍ നിന്നും മ്മടെ ഭാഷയില്‍ വിവര്‍ത്തനം ചെയ്‌താല്‍ ഈ മാതിരി പരിഭാഷ അങ്ങനെ വായിച്ചെടുക്കാം..
നാണം കെട്ട് പോകും മ്മളവിടെ ചിലപ്പോള്‍.
ചുവടെ ഉള്ള അവരുടെ സംഭാഷണങ്ങള്‍ മലയാളത്തില്‍ ആക്കി ചുവടെ..
(സത്യം പറയട്ടെ..മ്മടെ കണക്കെ മാഷേ പോലെ ക്ലാസില്‍ ഇരുന്നുറങ്ങാന്‍ ന്റെ പിള്ളാര്‍ സമ്മതിച്ചിരുന്നില്ല...

ഇന്നാള്‍ ഒരുത്തന്‍ പറയാണ്... , ഈ ചുറ്റളവ് എടുക്കണ സമയം
ഒരു പായ അവിടെ വിരിചിരുന്നേല്‍
പായ കീറി തുണ്ടതിന്റെ
എണ്ണം എടുത്താല്‍ ചുറ്റളവ് കണ്ടു പിടിചൂടെന്നു...

പഹയന്‍ പറഞ്ഞതിലും അല്പം ശരി ഇല്ലേ എന്ന് തോന്നുംബോലെക്കും ക്ലാസില്‍ ഒരെണ്ണത്തിന്റെ പൊടി പോലും ഇല്ല..
നോക്കുമ്പോള്‍,
പറമ്പിന്റെ അറ്റം മുതല്‍ പായ വലിച്ചു കൊണ്ട് പോയി പ്രാക്ടിക്കല്‍ ചെയ്യുന്ന പിള്ളാരെ...

ന്റെ കണക്കു മാഷിനെ പോലെ തൊടുക്കാന്‍ അന്നേരം ഒരു ബ്രഹ്മാസ്ത്രം ഇല്ലായിരുന്നു...

ഗുണപാഠം :

പാത്രം അറിഞ്ഞു വേണം ഭിക്ഷ..

Wednesday, April 20, 2011

മലയാളത്തിനു എരണ്ടക്കെട്ട്‌





മലയാളത്തിനു മലബന്ധം എന്ന് പറഞ്ഞാല്‍ ചിലര്‍ക്ക് അങ്ങട്ട് ശരിക്ക് രുചിക്കില്ല.
അപ്പ എന്താപ്പാ അതിനു വഴി...?
താടി നീട്ടി വളര്‍ത്തി നടക്കുന്നവനോക്കെ സന്യാസി ആണെന്ന് പറഞ്ഞു നടക്കുന്നു, ഇചിക്കോണം വലിപ്പമുള്ള ഈ മണ്ണിലെ മലയാളികള്‍..

അടുക്കളത്തോട്ടം പിരിച്ചെഴുതാന്‍ അറിയാത്തവനും ഖണ്ഡകാവ്യം രചിക്കുന്ന സമയമാണ് ഇത്.
(ഗ്രഹണ സമയമായോ, ഞാഞ്ഞൂലിനു തല പൊക്കാന്‍?)

വായെടുതാല്‍ പിന്നെ വിക്രമോര്‍വശീയമോ, ഭാഷാ രാമായണം ചംബുവോ, ഏതോ വശം പോലെ പാടി നമ്മളെ കിടത്തി ക്കളയും..
(ഹമ്പട..)
ഒരു അത്യന്താധുനീക കവിത ഇതാ..ഈ ഉള്ളവള്‍
തമാശക്ക് രചിച്ചതാണ്...

കാലത്ത് വയറ്റീന്നു പോകാന്‍ മടി യുള്ളവര്‍ ഇത് പാടിയാല്‍
സുഖം ശോധന ഫലം..

.... മാര്‍പ്പാപ്പക്ക് പല്ല് വേദന
ഹന്ത കഷ്ടം, പാറാവ്‌ നിക്കണ
പോലിസുകാരന് വയറിളക്കം.
മണ്ണെണ്ണ വാങ്ങാന്‍ പോയ മുത്തിക്ക്
ക്രിക്കട്റ്റ് കാണാന്‍ കൊതി..

(എപ്പടി?)

ഈ തരത്തിലെ അത്യന്താധുനീക മഹാ കാവ്യങ്ങള്‍ കെട്ട് കാതു തരിച്ചു പോയ "കവിത്വങ്ങള്‍ക്ക്" പുതയ്ക്കാന്‍ പിന്നെ MCR double
മുണ്ട് തന്നെ പുതപ്പിച്ചു മംഗള ഗാനം ആലപിക്കും..

തരം പോലെ, ഉള്ള കാഷിന്റെയ് അവാര്‍ഡ് പൊതി പരസ്പരം കയ്യടിച്ചു കൈ മാറി സായൂജ്യം അടയുംബോളെക്കും
കിട്ടാത്തവന്‍ കൊതി പറയലായി...

പദ്മശ്രീ കിട്ടാത്തവന്‍
എഴുത്തിനു അവാര്‍ഡ് കിട്ടാത്തവന്‍
സിനിമാ അഭിനയത്തിന് സമ്മാനം കിട്ടാത്തവന്‍
എലെക്ഷന് തോറ്റവന്‍
കൈ ക്കൂലി കിട്ടാത്തവന്‍
ബ്ലോഗിന് കമ്മന്റ് കിട്ടാത്തവന്‍
ഇങ്ങനെ പല തരത്തിലെ കൊതികള്‍

ഇങ്ങനെ കിട്ടിയ കൊതികള്‍ മുഴുവന്‍ കുട്ടയില്‍ ആക്കി നടക്കുന്നവന്‍ "വിരക്തി" തോന്നി എഴുതുന്ന മഹാകാവ്യങ്ങള്‍ കാകളി വൃത്തത്തില്‍ രചിച് കൈരളിക്ക് സംമാനിക്കുംബോഴേക്കും കൃതാര്‍ഥനായി
ആര്..എഴുതിയവന്‍ ..
അല്ലാത്തവന്‍ പിന്നേം കൊതി പറഞ്ഞു
സില്‍ സിലാ പോലുള്ള കീര്‍ത്തനങ്ങള്‍ രചിച്ചു "പൊതു ജന
സ്നേഹം" പിടിച്ചു പറ്റുന്നു..
യഥാര്‍ത്ഥത്തില്‍
നല്ല എഴുത്തുകാര്‍ക്ക് എന്ത് സംഭാവിക്കുന്ന്നു ?
വായന തീരെ ഇല്ലാത്തവനും, നല്ല സാഹിത്യതിന്റെയ് നിര് വചനം അറിയാത്തവനും ശരിക്ക് കസറുന്നു..
"ഓ, ഇതെന്നാ പണിയാ ഭാസ്കര മാമ്മാ ഈ കാട്ടനെ എന്ന് അച്ചായന്‍ ച്ചുവ്വയിലും വള്ളുവനാടന്‍ ഭാഷയിലും " (സത്യന്‍ അന്തിക്കടിനോട് കടപ്പാട്)
എഴുതുന്ന എഴുത്ത് കാരെ കൊണ്ട് നാട്ടു കാര്‍ പൊറുതി മുട്ടി തുടങ്ങിയിരിക്കുന്നു..

തലയില്‍ വല്ല ആള്‍ താമസമുള്ള പാവങ്ങള്‍ എഴുതിയ വരികളും വാക്കുകളും ചേര്‍ത് ഒറ്റ ക്കംബിയില്‍ ഗാനം രചിക്കുന്നവനും പിന്നെ പീ.ഭാസ്കരന്‍ മാഷാണ് .
കോരനും ലച്മിയും വീട്ടില്‍ നിന്നും ഒളിചോടുമ്പോള്‍ അതി സുന്ദരമായ പ്രണയ കഥയായി കാളിദാസനും ഷെല്ലിയും ഒക്കെ പിന്നെ വെറും ദാസന്മാര്‍ ഇവന് മുന്നില്‍...

നല്ല വായന, നല്ല രചന, നല്ല സാഹിത്യം മലയാളത്തിനു അന്യം നിന്നു പോകുന്നു.
എന്നിട്ടും ഈ എരണ്ടക്കെട്ടനു ചികിത്സിക്കാതെ ചുറ്റുമുള്ളവര്‍ക്ക് നാറ്റം പടര്‍ത്തി ക്കൊണ്ട് കാവ്യ സംഗമങ്ങള്‍ നമ്മള്‍ നടത്തി സായൂജ്യം അടയുന്നു..

വേണം നമുക്കൊരു ചിട്ട വട്ടം




"അപ്രകാരം ദൈവം നമ്മോട് പറയുന്നു..നല്ലവരായിരിക്കുവിന്‍, നന്മ ചെയ്യുവിന്‍.
ഈശ്വരനെ അറിയുന്നവരാകുവിന്‍, ..."
അല്ലെങ്ങില്‍ "നമസ്തുഭ്യം വരദേ കാമ രൂപിണി,
പായസാന്ന പ്രിയാ........... പോലുള്ള ദേവീ കീര്‍ത്തനങ്ങള്‍ കെട്ട് കൊണ്ട് പൊന്ഗാല
ഇടുകയോ ,തരം പോലെ......
ഈ തരത്തിലുള്ള നിരന്തര ശുഭ വാണികള്‍ നമ്മള്‍ ദിവസവും കെട്ട് കൊണ്ട് വീടിലേക്ക്‌ പോകും.
പോകും വഴി റോഡിലുള്ള പട്ടിയെ കല്ലെടുത് എറിയുന്ന കൊച്ചു മക്കളോട്
"ഡാ.പിന്നില്‍ കൂടി എറിയെടാ..,,എന്നാലേ അതിന്റെ കാലില്‍ ശരിക്ക് കൊള്ളൂ എന്ന് നമ്മള്‍ പഠിപ്പിച്ചു വിടും."
അല്ലെങ്ങില്‍,
"ക്ലാസ് പരീക്ഷക്ക് പാസ് ആകാന്‍ നല്ലോണം പ്രാര്തിച്ചോ?"
അരവിന്ദ് ( സഹപാടി ആകാം) ചോദിച്ചാല്‍ പഠിച്ചില്ലാന്നു പറഞ്ഞാല്‍ മതി.
കഴിഞ്ഞ തവണ അവനാ കൂടുതല്‍ മാര്‍ക്ക് കിട്ടിയത്..എന്ന് പറഞ്ഞ കൊടുക്കും..
അതും അല്ലെങ്ങില്‍ ഇനി (വിദേശത്തുള്ള) അച്ഛനുമായി ചാറ്റ് ചെയ്യുമ്പോള്‍
ന്റെ മോന്‍ സൈക്കിള്‍ വേണ്ട LML Vespa മതി എന്ന് പറയണം..
എന്നാലേ സൈകിള്‍ എങ്കിലും നിനക്ക് കിട്ടൂ..

അതും അല്ലെങ്ങില്‍ അയല്‍ പക്കത്തെ രമണി ചോദിച്ചാല്‍
നാതൂന്റെയ് കല്യാണത്തിന് കാന്ജീപുരം പട്ട് പുറത്ത് നിന്നും വരുതിച്ചതാനെന്നു പറയണം എന്ന് കരുതും...
അതും അല്ലെങ്ങില്‍ വീട്ടുകാരറിയാതെ പര ബന്ധം പുലര്‍ത്തി
ഒന്നും അറിയാത്ത പോലെ നല്ല ഗൃഹസ്ഥന്‍/ഗൃഹസ്ഥ ചമയും.

എന്നിട്ടും നമ്മള്‍ പിന്നെയും ശുഭ വാണി കേള്‍ക്കാന്‍ പോകും.
നേട്ടം ഇല്ലാത്ത ഒരു അഭ്യാസമായത് കൊണ്ട് കൂടുതല്‍ ചികഞ്ഞ സമയം കളയാതെ
കേട്ടിടത് തന്നെ ഉപേക്ഷിച് നമ്മള്‍ ധാര്ഷ്ട്യതിന്റെയ് ഉടുപ്പണിയും പിന്നെയും...
ബസിനു കല്ലെറിയുന്ന ഉണ്ണികള്‍ തന്നെ അച്ച്നേം അമ്മയേം പോടാ -പോടീ വിളിച്ചു ശീലിക്കുമ്പോള്‍
നമ്മള്‍ പിന്നേം ആരാധനാലയങ്ങളില്‍ പോയി ശുഭ വചനങ്ങള്‍ കെട്ട് കൊണ്ട് ഉറക്കം തൂങ്ങും.
കഴിഞ്ഞ ദിവസം ടൌണില്‍ പോകാന്‍ തിരക്കുള്ള ബസില്‍ കയറിയപ്പോള്‍ കണ്ട ഒരു സംഭവം.
ബസില്‍ 10 വയസ്സുള്ള ചെക്കനുമായി കയറിയ ഒരു സ്ത്രീ
ഒരു ഫുള്‍ ടികറ്റ് എഴുതി വാങ്ങി, ശേഷം കൂടെ ഉള്ള ചെക്കന് ഹാഫ് വേണമെന്ന് പറയുന്നു.
ടിക്കറ്റ് കീറി തരുന്ന ആള്‍ , പകുതിക്ക് ഏറ്റവും കുറഞ്ഞ ടികറ്റ് വേണമെന്ന ആവശ്യത്തിനു വഴങ്ങാത്ത സ്ത്രീ അയാളുടെ അച്ഛനും അമ്മയ്ക്കും പോടാ -പോടീ വിളിച്ചു തുടങ്ങുന്നു...
"ന്റെ 500 ന്റെ നോട്ടും കൊണ്ട് നീ എവിടെ വരെ പോകും ഡാ..
ന്റെ കയ്യിലെ ഗുണ്ടകള്‍ ഉണ്ട്..ശരിപ്പെടുത്തി ക്കളയും ഞാന്‍...
ഈ വിധം അവര്‍ അവരുടെ വായില്‍ നിന്നും കാട്ടു തീ ആളിച്ചു കൊണ്ടിരുന്നു..
മറ്റുള്ളവരെ പൊള്ളിക്കുന്നത് ഇവര്‍ക്ക് വിഷയമാകുമായിരുന്നെങ്ങില്‍ എന്ന് ഓര്‍ത്തു...
ആരാധനാലയങ്ങളില്‍ ദിവസവും പോകുന്നവരുടെ കൂട്ടത്തില്‍
ഇവരും ഉണ്ടായിരുന്നിരിക്കാം.
ശുഭ വാണി കേള്‍ക്കും സമയം ഉറങ്ങി പ്പോകുന്നവരാന്
ഇത്തരം പൊതു സ്ഥലങ്ങളെ മലീ മാസമാക്കുനതും
ആളുകളെ കഷ്ട പ്പെടുതുന്നതും...
വാക്കുകള്‍ പ്രാവര്തികംമാക്കാന്‍ കഴിയാത്തവര്‍ പ്രസംഗം നടത്തുന്നു..
എന്നിട്ട " കൂട്ടായ്മയില്‍" sensex പോയന്റില്‍ തന്റെ നഷ്ട്ടപെട്ട ഷെയര്‍ കണക്കുകള്‍ നിരത്തി നെടു വീര്ര്‍പ്പിടും..
അല്ലെങ്ങില്‍ വ്യവഹാരത്തില്‍ അകപ്പെടുന്ന കഷികള്‍ ആരെങ്കിലും ഉണ്ടോ എന്ന് കോടതി പരിസരം വീക്ഷിച്ചു നല്ല "ശമാരിയക്കാരന്‍" "പിലാതോസുമാര്‍ക്ക്" അവരെ കാണിച്ചു കൊടുക്കും...

വീണ്ടും ശുഭ വാണി കേള്‍ക്കുവാനും ഉറക്കം തൂങ്ങുവാനും
ആരംഭിക്കും.
കൂട്ടരേ ,
ശരിയായ പ്രാര്‍ത്ഥന അപ്പോള്‍
ശരിക്ക് അഭ്യസിക്കെണ്ടാത് ആരാണ്?