Monday, October 10, 2011

കേരളമെന്നു കേട്ടാല്‍......





എന്നതാടാ, ഉവ്വേ, ഇതൊക്കെ?

അഡ്മിഷന്‍ കൊടുത്തെന്നും കൊടുക്കരുതെന്നും.
കൊടുത്താല്‍ എന്തെ,?
കൊടുക്കണോ, കൊടുക്കണ്ടേ?
ഇങ്ങനെ കൊഴപ്പിക്കുന്ന പല സംശയങ്ങള്‍ !!!

ഈ എഞ്ചിനീയറിംഗ് പണ്ടേ ഒരു പ്രശ്ന പ്രഹേളിക
ആന്നേ അടിയന്!!!
പണ്ട് രാജനെ കഴുവേറ്റിയതും ഇത് പോലൊരു
കാളേജില്‍....

ഇപ്പോള്‍ ദാ..
അടിയനും കേട്ടിരിക്കുന്നു ഒരു സന്ദേശം
ആ മനുഷ്യന്‍ നോം തന്നെ എന്ന്..

ഓടിയവനും, ഓടിച്ചിട്ടവനും
ഒരു പോലെ കിതപ്പ് ..
ഒന്നിനും രണ്ടിനും ഇരിക്കാത്തവന്‍
മൂന്നാമത്തെ പന്തിയില്‍ എന്ന് മറു പക്ഷം.

നേരെ ചൊവ്വേ മുള്ളാന്‍ പോലും
ലവന്മാര്‍ സമ്മതി ക്കുന്നില്ലെന്ന്
പരാതിക്കാരന്‍.

ഒരു ചെക്കനും,അവനു പിന്നാലെ ഒരായിരം
തോക്കുകളും.

ഹൈ സ്കൂളില്‍, പണ്ട് അടിയന്‍
പാസ്കല്‍ നിയമവും ഒസ്മോസിസും,
പ്ളവന തത്വവും
കാണാ പാഠം പഠിച്ച സമയത്ത്
ശരിക്കൊന്നു എണ്ണാന്‍ പഠിച്ചിരുന്നെങ്കില്‍?

ഒന്നും രണ്ടും കഴിഞ്ഞാല്‍ , മൂന്നെന്ന് എണ്ണുക.
ഇപ്പോള്‍ മൂന്നു കഴിഞ്ഞാല്‍ എന്തും എണ്ണാം എന്നായി..

മയ നിര്‍മിത കൊട്ടാരത്തില്‍
മുണ്ട് പൊക്കി നടന്ന
ദുര്യോധനനെ പോലെ
ദേവ ദേവ, സ്ഥല ജല വിഭ്രാന്തി, ശ്ശി അടിയനും.
എവിടെ വെള്ളം, ഏത് കര?

Thursday, October 6, 2011

ക്ലീന്‍ ബൌള്‍




മലയാളീ സിനിമാ താരങ്ങള്‍ക്ക് "ദേശീയ
ശ്രദ്ധ" കിട്ടുന്നതിനായി
സീ സീ എല്‍ ഒരുക്കുന്നു
ഒരു കളി തട്ട് ,
ഭാര വാഹികള്‍ എന്താണ് ഉദ്ദേശിക്കുന്നത് ആവോ?
ഇതില്‍ വല്ല "വിലക്കോ" "ഉളുക്കോ"
വന്നു പോയാല്‍
സംഗതി യാദൃശ്ചികം എന്ന്
മുന്‍‌കൂര്‍ എഴുതി വെച്ചാല്‍
മധ്യസ്ഥര്‍ക്ക്
പണി കുറയും.

ദേശീയ മദ്യപാനം പോലെ വല്ലോം ആണോ
ഈ ദേശീയ ശ്രദ്ധ ?

ശ്രദ്ധയ്ക്ക് ‍അനന്ത സാധ്യതകള്‍!!

"അമ്മ" സെക്രട്ടറി ! അച്ഛന്‍ എക്സീകുട്ടിവ് മെമ്പര്‍ !

(അച്ഛനു അല്ലെങ്കിലും എവിടേം ഒരു വില ഇല്ലാത്ത കാലം)

വീട്ടിലെ അച്ഛന്‍ നല്ലതായിരുന്നെങ്കില്‍ അമ്മ ഇങ്ങനെ
വേലി ചാടുകില്ലല്ലോ.

Tuesday, October 4, 2011

ഞാന്‍ കെട്ടിക്കോട്ടേ?





ഞാന്‍ കെട്ടിക്കോട്ടേ?
*********************
എന്നും വഴിയില്‍ കാണാറുള്ള
സുന്ദരന്‍
കെട്ടിക്കോട്ടേ പെങ്ങളെ എന്ന്
എന്നോട് ചോദിക്കുന്നു
കഷ്ട്ടപ്പെട്ടു വരുത്തിയ
നാണം കൊണ്ട് ഞാന്‍ ചുവന്നു..
മൌനം സമ്മതം.
പ്രതീക്ഷ..


എന്റെ പൂന്തോട്ടത്തിലെ
തേക്കിന്‍ ചുവട്ടില്‍
കെട്ടഴിഞ്ഞു പോയ പശുവിനെ
കയറോടെ
കെട്ടിയിട്ട അയാള്‍
പശുവിനെ നുള്ളി..
"അബ്ട കിട .ഇനി നീ എങ്ങോട്ട് പോം ?"




ചില്ലറ
*********
യാത്രയ്ക്കിടയില്‍
കയ്യും തലയും പുറത്തിടരുതെന്നു...
(കാലു വാരല്‍ കൊണ്ടാണോ കാല്‍ പെടുത്താതത്?)
ചില്ലറ ഇല്ലെന്നു കഷ്ട്ടപ്പെട്ടു പറഞ്ഞിട്ടും
ചില്ലറ ഇല്ലാതെ യാത്ര ചെയ്യരുതെന്ന്
കണ്ടക്ടര്‍ എന്നോട് മാത്രം
കാതില്‍ പറയുന്നു
മൊത്തമായോ ചില്ലറയായോ
ചില്ലറ വേണ്ടത്?
ശരിക്കും അയാള്‍ക്ക്‌ ചില്ലറ തന്നെയാണോ പ്രശ്നം?

Monday, October 3, 2011

അന്പേ ശിവം




ചന്ത
****

കാശ് കിട്ടിയാല്‍ തുണി എത്ര വേണേലും ഊരാം എന്ന്
നടി
അര കാണിച്ചാല്‍ അരി വാങ്ങിക്കാം
അരയുടെ വലിപ്പം അനുസരിച്ചു
ദുബായീ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന് വരെ പോകാം

അന്പേ ശിവം
*************

ഒരു മധുരക്കിനാവ്
പുതിയ കുപ്പിയില്‍ ആക്കി
പാണ്ടി മേളത്തോടെ
മാര്‍ക്കറ്റില്‍ വന്നിരിക്കുന്നു
ഉടമസ്ഥന്‍ അടിയും തടയും നോക്കി
രക്ഷ ഇല്ലെന്നു കണ്ടു
പരാതി കൊടുത്തു.
പരാതിക്കാരന്‍ വെറും ഹര്‍ജ്ജിക്കാരന്‍ എന്ന്
എതിര്‍ കക്ഷി
ആണുങ്ങള്‍ ഉണ്ടാക്കിയ
പാട്ടാണെന്ന് പിന്നെ.
പാവം ബിച്ചൂ..
പണ്ട് ഗന്ധര്‍വന്‍
പാടിയ പാട്ടുകള്‍ക്ക്
റോയല്‍ട്ടി വേണം എന്ന്
വാശി പിടിച്ചവരെ
ഇവിടെങ്ങും
കാണുന്നില്ലലോ.
നാട് വിട്ടോ,
റോയല്‍ട്ടി വാങ്ങിയോ?
അന്പേ ശിവം !!!

Sunday, October 2, 2011

റോബര്‍ട്ടോ പെനാഗിയോ മിംഗ്




കണ്ണന്‍ എന്ന് വിളിച്ചത് അമ്മ
അച്ഛനോ, അവന്‍ രോഹിത്
രോഹിതും കണ്ണനും അവനിഷ്ട്ടമില്ലയിരുന്നു
തന്നോളം ആയപ്പോള്‍
അവന്‍ റോബര്‍ട്ടോ പെനാഗിയോ മിംഗ് എന്ന്
സ്വയം പരിചയപ്പെടുത്തി എല്ലാവര്ക്കും.
വളര്‍ന്നപ്പോള്‍,
പുതിയതായി നിരത്തിലിറക്കിയ
KSRTC സൂപ്പര്‍ ഫാസ്റ്റ്
അവനും കൂട്ടരും കാറ്റു കുത്തി പൊട്ടിച്ചു പഞ്ചറാക്കി വിട്ടു
യാത്രികരെ വിഡ്ഢി കൂശ്മാണ്ടങ്ങള്‍ ആക്കി ,
സ്വാതന്ത്ര്യത്തിന്റെ അതി ജീവനം
ആദ്യമായി ആഘോഷിച്ചു

ഒരു സുന്ദരി പെണ്ണും നൂറും പവനും കിട്ടിയപ്പോള്‍
കെട്ടാമെന്നു വെച്ചു
കൊച്ചുണ്ടായപ്പോള്‍ നല്ലതും നന്മയും
പഠിപ്പിക്കാന്‍
അവന്‍ എന്തോന്ന് എടുത്തു പഠിപ്പിക്കും?
നേരിന്റെ ഹരിശ്രീ കണ്ടിട്ടില്ലാത്ത
റോബര്‍ട്ടോ പെനാഗിയോ മിംഗ്.

Thursday, September 29, 2011

അയാള്‍




അയാള്‍ക്ക്
നഗരത്തില്‍ ജോലി
വാടകയ്ക്ക് താമസം
കിടക്കാന്‍ "സുനിദ്ര"
ഉണ്ണാന്‍ ചെറിയാന്‍ മാപ്പിളയുടെ പറ്റു കട
ഉടുക്കാന്‍ മുണ്ടും, അലക്കാന്‍
501 ബാര്‍ സോപ്പും തന്നു,
അയാളുടെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ചന്ദ്രപ്പന്‍
അയാള്‍ക്ക്‌ വേണ്ടി എന്തും ചെയ്യാന്‍ ഒരുക്കം.
ചാകാനും , കൊല്ലാനും, ഒരുത്തനെ
വെട്ടാനും, വേണ്ടി വന്നാല്‍
ചന്ദ്രപ്പന്‍ തയാര്‍.
പകരം ചന്ദ്രപ്പന് വേണ്ടത്
അയാളോടോത്തുള്ള രാത്രികള്‍ !!

ആത്മഗതം: മുകില്‍വര്‍ണ്ണനെ പോല്‍ മുഖ കാന്തി ഉള്ളവര്‍
നഗരത്തില്‍ വരേണ്ടിയിരുന്നില്ല .

ഉത്സവം




ഉത്സവം

ഒരുത്തന്റെയ് കൈ പിടിച്ചു ജീവിതത്തിലേക്ക്
കയറി നളിനിയേടത്തി.
ദിവാകരനോ, അവന്‍ പലര്‍ക്കും
കൈ കൊടുത്തു മറ്റുള്ളവരുടെ ജീവിതത്തിലേക്കും
പിടിച്ചു കയറി..
ചാറ്റിംഗ്, മീറ്റിംഗ്, മേറ്റിംഗ് എല്ലാം
കഴിഞ്ഞു നോക്കുമ്പോ
ദിവാകരന്റെ കൂടെ നിക്കാന്‍
നളിനിയേടത്തിയുടെ പൊടി
പോലും കണ്ടില്ല
ഏടത്തി ,ചെത്തുകാരന്‍ നീലാംബരന്റെയ്
കൂടെ
ഉത്സവം കാണാന്‍ പോയി..