Tuesday, April 19, 2011

"പെണ്ണായാല്‍ പൊന്ന്‌ വേണം "




ഏത് നേരം നോക്കിയാലും ആളോള്‍ക്ക് കാശില്ല കാശില്ല എന്ന് പരാതി ..
, തുണി വാങ്ങാന്‍ കാശില്ല..,
അരി വാങ്ങാന്‍ ,
കുട്ടികളെ നല്ല നിലക്ക് പഠിപ്പിക്കാന്‍ കാശില്ല,
റേഷന്‍ രണ്ട് രൂപക്ക് കിട്ടിയാല്‍ കൊള്ളാമെന്നു ചിലര്‍,
വെറുതേ കിട്ടിയാലും വാങ്ങാമെന്നു വേറെ ചിലര്‍..
പിരിവിനു വന്നാല്‍ കൊടുക്കാന്‍ കാശില്ല,
ഒരു കല്യാണം വന്നാല്‍ ഉടുക്കാന്‍ നല്ല ഉടുപ്പില്ല ,
ഉള്ള ഉടുപ്പെല്ലാം കഴിഞ്ഞ കല്യാണത്തിന് ഇട്ടു പോയത് കൊണ്ടും ,ആ കല്യാണത്തിന് വന്നവര്‍ പലരും ഈ കല്യാണത്തിനും വരും എന്നതിനാലും
ഇനി അതുടുത്ത് അവരുടെ മുന്നില്‍ പോകാന്‍ വയ്യെന്ന് വാശി പിടിക്കുന്ന
"അത്താഴ പഷിനിക്കാര്‍" വീട്ടിലെ ആണുങ്ങള്‍ക്ക് ( ചിലപ്പോള്‍ പെണ്ണുങ്ങള്‍ക്കും)
സ്വൈര്യം തരാതെ "കല്യാണത്തിന് പോകണം എങ്കില്‍ പുത്തന്‍ മേടിച്ചു തരാതെ
പോകില്ല എന്ന് നിരന്തരം വാ കീറി കാണിക്കുമ്പോള്‍ തല വേദന മാറണമല്ലോ എന്ന് കരുതി
പുത്തന്‍ മേടിച്ചു മാരണം ഒഴിവാക്കുന്ന ബുദ്ധിമാന്മാരും ഉണ്ട്.
.....
തുണി വാങ്ങാന്‍ പണം ഇല്ലാത്തത് കൊണ്ടാണോ ആവൊ, "നാക്കമുക്ക-നാക്കമുക്ക" പോലുള്ള ലളിത ഗാനം പരിപാടിയിലും, "സൂര്യ തേജസോടെ അമ്മ" എന്ന് അഭിമാന പൂര്‍വ്വം
പേരിട്ടു വിളിച്ച സിനിമാക്കാരുടെ കലാപരിപാടിക്കിടയിലും, എന്ന് വേണ്ട ഏത് ഷോയ്ക്കും ഇപ്പോള്‍ പുട്ടിനു പീര ചേര്‍ക്കും പോലെ അല്‍പ വസ്ത്ര ധരിണികളുടെ എണ്ണം അസാരം കൂടുതലായോ എന്ന് ഈ ഉള്ളവള്‍ക്ക് സംശയം.
അവിടേം പണം തന്നെ ആണോ ഇനി പ്രശ്നം ?
(മാനം വിറ്റും പണം ഉണ്ടാക്കാം.പിന്നീട് ഈ പണം തന്നെ മാനം തന്നോളും.)
പറയും പോലെ കാശില്ലാണ് ആളോള് പറയുന്നത് നേര് തന്നെയോ?

ഈ ഉള്ളവളുടെ മോളുടെ പാദസരം നന്നാക്കാന്‍ കൊച്ചിയിലെ പ്രശസ്തമായ
ഒരു സ്വര്‍ണ്ണ ക്കടയില്‍ പോയപ്പോള്‍ ഈ പറഞ്ഞത് അപ്പടി അങ്ങട്ട് വിശ്വസിക്കാന്‍ തോന്നിയില്ല.
വെറും സാധാരണക്കാര്‍ മാത്രം കടക്കുള്ളില്‍ !
സ്വര്‍ണ്ണം വാങ്ങാന്‍ വന്നവരോ, അതോ എന്നെ പോലെ പൊട്ടിയ സ്വര്‍ണ ആഭരണം കൂട്ടി ചെര്ര്‍ക്കാന്‍ കയറിയതോ, അതോ ഉള്ളത് വിക്കാന്‍ വന്നവരോ , അതുമല്ല വെറുതെ കയറിയവരോ എന്നറിയില്ല, കണ്ടവരില്‍ മുഴുവനും വെറും സാധാരണക്കാര്‍.

കാഷില്‍ ഇരിക്കുന്നവന്‍ കാശെണ്ണി പെട്ടിയില്‍ ഇട്ടു കൊണ്ട്
"ഡാ ജോസഫേ, discount റേറ്റ് നോക്കീം കണ്ട്‌ പറയ്‌ട്ട .."
എന്ന് സൈല്സില്‍ നില്‍ക്കുന്ന ചെരുപ്പകാര്‍ക്ക നിര്‍ദേശം കൊടുക്കുന്നുമുണ്ട്.
ഗോള്‍ഡ്‌ 1 ഗ്രാം Rs .2010
8 ഗ്രാം Rs 16080
ഇങ്ങനെ കടയുടെ ഭിത്തിയില്‍ പതിപ്പിച്ചിട്ടുള്ളത് നോക്കി ഇന്ദ്ര സഭയില്‍ പ്രവേശിച്ച ദുര്യോധനനെ പോലെ ഈ "സ്ഥല ജല വിഭ്രാന്തിയാല്‍" ഈ ഉള്ളവള്‍ അമ്പരന്നു നിന്നു.....

"ഈശ്വരാ, ച്ചുങ്കക്കാര്‍ക്കും പാപികള്‍ക്കും മാത്രമോ നീ സ്വര്‍ണ്ണം വാങ്ങാന്‍ അനുമതി കൊടുത്തിരിക്കുന്നത്?"

ഈ ഉള്ളവളെ പോലുള്ള വെറും സാധാരണക്കാര്‍ക്ക് ,
സ്വര്‍ണ്ണം മാത്രം ചോദിച്ചു വരുന്ന
"വരന്മാര്‍ക്ക്" മകളെ കൊടുക്കില്ലെന്ന് പറയാന്‍ മാത്രം പരിഷ്കാരം വന്നില്ലല്ലോ ഇനിയും..എന്ന് ഓര്‍ത്ത് പിന്നെയും അമ്പരക്കുന്നു...

ആര്‍ത്തി മൂത്ത്‌ , പേ പിടിച്ച പെണ്ണുങ്ങള്‍ കടക്കാരന്‍ ഇട്ടു തരുന്ന ആഭരണങ്ങളില്‍ ഒന്നും തൃപ്തി വരാതെ ഭിത്തിയില്‍ തൂക്കി ഇട്ടിരിക്കുന പുതിയ ഫാഷന്‍ ചൂണ്ടി കാണിച്ചു വീണ്ടും വീണ്ടും മേശമേല്‍ നിരത്തി ഇടുവിക്കുകയാണ്..
പിറകില്‍ നില്‍ക്കുന്ന ആണുങ്ങള്‍ പോകറ്റ് തപ്പി കൊണ്ട് കൂടെ വന്ന പെണ്ണിനെ നിരുല്സാഹ പ്പെടുത്തിയിട്ടും അവള്‍ അതൊന്നും കാണാതെ അങ്ങനെ അന്തിച്ചു നിലക്കയാണ്..
("തലയണ മന്ത്രത്തിലെ " കാഞ്ചന )

കാലത്ത് മുതല്‍ ഈ നിരത്തല്‍ പ്രയോഗം ചെയ്ത് മടുതതിനാലോ ആവോ കടക്കാരന്‍ ഇടയ്ക്കിടെ ആഭരണത്തിന്റെ ലഭ്യത ക്കുറവിനെ ക്കുറിച്ച് വന്നവരെ വിശ്വസിപ്പിച്ചു കൊണ്ടിരുന്നു.
(വാങ്ങാന്‍ തോന്നുവര്‍ വാങ്ങട്ടെ)

മോളും കൊച്ചു മോളും കൂടെ വന്ന അപ്പന്റെ വിലക്കുകള്‍ വക വെക്കാതെ ആഭരണങ്ങള്‍ നിരത്തി ഇടുവിക്കുന്നു...

നന്നാക്കി കിട്ടിയ പാദസരം കൊച്ചു പെട്ടിക്കുള്ളില്‍ എനിക്ക് തന്നു കൊണ്ട്, കച്ചവട തന്ത്രങ്ങള്‍ ശരിക്കറിയാവുന്ന കടക്കാരന്‍ പറയുന്നു.
"മാഡം, പുതിയ disign വന്നിട്ടുള്ളത് ഒന്നു നോക്കി ക്കൂടെ?
ഓ, ഇപ്പോള്‍ ഇല്ല ഇനി ഒരിക്കല്‍ ആകാം എന്ന് പറഞ്ഞ
ഞാന്‍ അടങ്ങുന്ന സമൂഹമാണോ ആണോ ശരിക്കും പാവങ്ങള്‍?
അതോ, ലോണ്‍ അടക്കാനിരുന്ന കാശ് വെച്ചു കാശ് മാല വാങ്ങി അത് അണിഞ്ഞു വരുന്നവര്‍ കാണിക്കുന്ന ആവേശം കാണാന്‍ വിധിക്കപ്പെടുന്ന വീട്ടിലെ പുരുഷ്നമാരോ?

(പാവങ്ങള്‍ പെണ്ണുങ്ങള്‍ അല്ല !!)