Thursday, September 29, 2011

അയാള്‍




അയാള്‍ക്ക്
നഗരത്തില്‍ ജോലി
വാടകയ്ക്ക് താമസം
കിടക്കാന്‍ "സുനിദ്ര"
ഉണ്ണാന്‍ ചെറിയാന്‍ മാപ്പിളയുടെ പറ്റു കട
ഉടുക്കാന്‍ മുണ്ടും, അലക്കാന്‍
501 ബാര്‍ സോപ്പും തന്നു,
അയാളുടെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ചന്ദ്രപ്പന്‍
അയാള്‍ക്ക്‌ വേണ്ടി എന്തും ചെയ്യാന്‍ ഒരുക്കം.
ചാകാനും , കൊല്ലാനും, ഒരുത്തനെ
വെട്ടാനും, വേണ്ടി വന്നാല്‍
ചന്ദ്രപ്പന്‍ തയാര്‍.
പകരം ചന്ദ്രപ്പന് വേണ്ടത്
അയാളോടോത്തുള്ള രാത്രികള്‍ !!

ആത്മഗതം: മുകില്‍വര്‍ണ്ണനെ പോല്‍ മുഖ കാന്തി ഉള്ളവര്‍
നഗരത്തില്‍ വരേണ്ടിയിരുന്നില്ല .

ഉത്സവം




ഉത്സവം

ഒരുത്തന്റെയ് കൈ പിടിച്ചു ജീവിതത്തിലേക്ക്
കയറി നളിനിയേടത്തി.
ദിവാകരനോ, അവന്‍ പലര്‍ക്കും
കൈ കൊടുത്തു മറ്റുള്ളവരുടെ ജീവിതത്തിലേക്കും
പിടിച്ചു കയറി..
ചാറ്റിംഗ്, മീറ്റിംഗ്, മേറ്റിംഗ് എല്ലാം
കഴിഞ്ഞു നോക്കുമ്പോ
ദിവാകരന്റെ കൂടെ നിക്കാന്‍
നളിനിയേടത്തിയുടെ പൊടി
പോലും കണ്ടില്ല
ഏടത്തി ,ചെത്തുകാരന്‍ നീലാംബരന്റെയ്
കൂടെ
ഉത്സവം കാണാന്‍ പോയി..

Wednesday, September 28, 2011

കുട്ടികള്‍ ഒന്നോ രണ്ടോ ?




കുട്ടികള്‍ ഒന്നോ രണ്ടോ ?
അല്ല ഒന്നു മതി ,ഒന്നും ഇല്ലേലും സാരമില്ല.
ചൊവ്വുള്ള പിള്ളേര്‍ ഉണ്ടായാല്‍ മതി
നാടിനും നാട്ടാര്‍ക്കും തലവേദന ഉണ്ടാക്കുന്ന
പിള്ളാരെ വേണ്ടന്നെ
പറഞ്ഞുള്ളൂ.
തന്തയേം തള്ളയേം
പട്ടിക്കൂട്ടില്‍ അടച്ചു പട്ടിണിക്കിടുന്ന
പിള്ളേരെ വേണ്ട നമുക്ക്.
പെണ്ണിനെ കാഴ്ച വെച്ചു കള്ള് കുടിക്കുന്ന
തന്തയെ വേണ്ട നമുക്ക്
പെണ്ണിന്റെ നല്ല "ഭാവി" ഓര്‍ത്തു
വന്നു പോയ ഭവിഷ്യത്തിനെ
വളമാക്കി എടുക്കുന്ന
തള്ളയും പോയി തുലയട്ടെ.

ആദ്യം
ജീവിതത്തെ സ്നേഹിക്കാന്‍ പഠിക്കട്ടെ അച്ഛനുമമ്മയും.
എന്നിട്ട് മതി എത്ര വേണം എന്ന കണക്കു..
അതിനു കഴിവുള്ളവര്‍ക്ക് പോരെ
നിയോഗം?
വെറുതെ ജന സാന്ദ്രത കൂട്ടാന്‍
അല്ലെങ്കില്‍ പിള്ളേര്‍ എന്തിനു?

സ്നേഹിക്കുന്ന കുടുംബം ഉണ്ടാകട്ടെ.
അതാണ്‌ അദ്ദേഹവും ഉദ്ദേശിച്ചത്
കാള പെറ്റെന്നു പറഞ്ഞു കയര്‍ എടുക്കുന്നത് എന്തിനു?

ചൊവ്വുള്ള ഒന്നിനെ എങ്കിലും കാണുവാന്‍ എനിക്കും കൊതി.
ചൊവ്വുള്ള അപ്പനും അമ്മയും മുറ്റം നിറയെ
സ്നേഹം ചിരിക്കുന്ന കുട്ടികളും.

വാല്‍ കഷണം: ചൊവ്വല്ലാത്തവര്‍ ഇത് വായിക്കരുത് .

Tuesday, September 27, 2011

എന്റെ പ്രിയ സുഹൃത്ത്‌ ശങ്കര്‍ അറിയുവാന്‍




പ്രിയമുള്ള ശങ്കര്‍,

ഈ ശങ്കര നാമം ശരിക്കും ഭഗവാന്റെ ആണെന്ന്
നിങ്ങള്‍ തന്നെ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
"സൗന്ദര്യം ലഹരി" കൊണ്ട്
എഴുതിയ ആദി ശങ്കരനെയും
ഒരു കുറവനെയും ഈ ശങ്കരനില്‍ കാണുവാന്‍
ഒരു ശ്രമം നടത്തുന്നു പിന്നെ ഞാന്‍.

സത്വ ഗുണ പ്രധാനനും
എന്നാല്‍,
രുദ്ര രൂപിയുമായ സാക്ഷാല്‍ ശങ്കരന്‍.
ഗൗരീ ശങ്കരന്‍ എന്ന് എന്നെയും നിങ്ങളെയും
ഒരു മിച്ചു ചേര്‍ത്ത് വിളിക്കാം എന്ന്
നിങ്ങള്‍ തന്നെ എന്നോട് പറഞ്ഞപ്പോള്‍
എന്നെ രാജശ്രീ എന്ന് വിളിക്കാന്‍ ഞാന്‍ പറഞ്ഞു.


ജീവിതത്തോട് വിരക്തി തോന്നി
തുടങ്ങുന്നു ചിലപ്പോള്‍ എന്ന്
നിങ്ങള്‍ പറഞ്ഞപ്പോള്‍
ഭഗവാനെ മറന്നു കൊണ്ടുള്ള
പ്രവര്‍ത്തികള്‍ ചെയ്യുന്നത് കൊണ്ടാണെന്ന്
ഞാന്‍ തിരുത്തി.
എന്ത് ചെയ്താലും തൃപ്തി ഇല്ല.
ചെയ്യുനതിനോട് എന്തിനോടും വെറുപ്പ്‌,
വേറിട്ട ഒരു മുഖം എന്നിലൂടെ കാണുവാന്‍
ചിലപ്പോള്‍ ശ്രമിക്കാറുണ്ട് എന്ന്
പറഞ്ഞത് എനിക്ക് compliment ആയി.
ഇപ്പോള്‍ ശങ്കര്‍ നിങ്ങള്‍
അറിയാതെ നിങ്ങള്ക്ക് ഒരു തുറന്ന കത്ത്
എഴുതുകയാണ്.
കത്ത് വായിക്കുന്ന കൂട്ടത്തില്‍ ശങ്കര്‍
നിങ്ങള്‍ ഉണ്ടെങ്കില്‍ എനിക്ക് മറുപടി തരിക.
ഒരിക്കലും,ദൂരെ കാണാതെ ,
നക്ഷത്രങ്ങളുടെ കണക്കെടുക്കുന്നതിനു പകരം
ഇവിടെ വരൂ,
നീലനക്ഷത്രങ്ങളെ
കൂടെ കൊണ്ട് പോരാം,
വാരി ചൂടാം.


സ്നേഹത്തോടെ രാജശ്രീ

Thursday, September 15, 2011

പട്ടിണി മരണത്തിനു വിലക്ക്‌






സുപ്രീം കോടതി പറയുന്നു : പട്ടിണി കൊണ്ട് ആരും ഇനി മരിക്കരുത്

വിഷം കൊണ്ടുള്ള മരണം
കത്തി കുത്ത്, വെള്ളം കുടിച്ചു ,കരള്‍ വീക്കം
റോഡ്‌ ആക്സിടന്റ്റ്‌ ഇങ്ങനെ പലതരത്തിലുള്ള
മരണം ആകാമോ?

തുടങ്ങിയ ചോദ്യങ്ങളുമായി
വരരുത് ദയവായി ..


നീതി പീoങ്ങളുടെ
ഉദ്ധേശ ശുദ്ധിയാല്‍
മാപ്പ് തരുന്നു അടിയന്‍.

അരിയുടെ വില ഇനിയും കുറഞ്ഞേക്കാം
തുണിയുടെ?-കുറഞ്ഞിട്ടെന്തു കാര്യം?
എന്ത് കുറഞ്ഞിട്ടെന്തു കാര്യം?
വേണ്ടപ്പോള്‍ വേണ്ടുന്ന വിധം
ഉപയോഗിക്കാന്‍ അറിയാതെ
എന്ത് കുറഞ്ഞിട്ടെന്തു കാര്യം?


വാല്‍ കഷണം : അഭിനയ കുലപതികള്‍ക്ക് മാത്രം അല്ല വിലക്ക്‌

Monday, September 12, 2011

"ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി"




നിയമം
---------

ഊര്‍ജത്തെ നിര്‍മ്മിക്കാനോ നശിപ്പിക്കാനോ സാധ്യം അല്ലെന്നു
ഊര്‍ജ സംരക്ഷണ നിയമത്തില്‍ പറയുന്നു.
അങ്ങനെ ഒരു നിയമം ഭരണഘടനയില്‍ ഉണ്ടോ എന്തോ?
******************************************************

യുദ്ധം
-------
ഒരു വേഷത്തില്‍ എന്തിരിക്കുന്നു
എന്ന് ചോദിക്കരുത്- പേരിലും
പലതിലും പലതും ഇരിക്കുന്നു.

മാസിഡോണിയന്‍ ചക്രവര്‍ത്തിയുടെ സൈന്യ വ്യുഹത്തില്‍
അലക്സാണ്ടര്‍ എന്ന് പേരായ പേടി തൊണ്ടന്‍
യോദ്ധാവ് ഉണ്ടായിരുന്നു
"എന്റെ കൂടി പേര് കളയാന്‍, നീ ഇങ്ങനെ ഈ പേരുമായി
തുടരരുതെന്ന്" പറഞ്ഞ യവന രാജാവ്
പേരിന്റെ പേരില്‍ ഒരു പോരെടുക്കണമായിരുന്നോ?
അങ്ങ് പേര് മാറ്റിയാല്‍ പോരായിരുന്നോ?
**********************************


ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി
--------------------------------

പാന്റിട്ടെന്നു വരുത്തി ഒരുത്തി
MG റോട്ടിലെ തിരക്കുള്ള വീഥിയില്‍
തുടയിലെ മറുക് വരെ കാണിച്ചു കൊണ്ട്
tights ഇട്ടു ഓടുകയാണ്
(ഇവള്‍ക്ക് വീട്ടില്‍ ആരും ഇല്ലേ ചോദിക്കാനും പറയാനും?)

"വീട്ടില്‍ ഉള്ളവരൊക്കെ സ്ലീവ് ലെസ്സ് ലാച്ച ഉടുത്ത്‌ Mrs കൊച്ചി
മത്സരത്തിനു പോയിരിക്കയാണ്‌ ചേച്ചി"

ഈ വേഷത്തില്‍ കുറവായെന്തെന്കിലും പ്രതീക്ഷിക്കരുത്
നാട്ടുകാരെ എന്ന് അവള്‍
നോക്കിയത് എനിക്കിഷ്ട്ടമായി .
ഞാനൊരു റാസ്‌പുട്ടിന്‍ ആയിരുന്നെങ്കില്‍
അവളുടെ കാണാമറയത്തെ എല്ലാ മറുകും
എന്നേ എഞ്ചുവടി ആക്കിയേനെ ..

വല്ല സദാചാരപ്പോലീസുകാര്‍
പൊക്കിയാലെ പിന്നെ നാട്ടുകാര്‍ക്ക് പ്രശ്നമാകൂ.
നിയമ സഭയില്‍ വരെ..
അത് വരെ വയലില്‍ മേയുന്ന പശു .

ചതിക്കപ്പെടുന്നവരുടെ ഓണം




ചതിയില്‍പ്പെടുന്നവരെ ഓര്‍ക്കുവാന്‍ ഒരോണം
ചതിച്ചവനും വീണവനും ഒരുമിച്ചുരുന്നുണ്ണുന്ന ഓണം
അസുരന് ദേവ ഗുണങ്ങള്‍ പാടില്ലെന്ന്
ഓര്‍മ്മപ്പെടുത്തുന്ന ഓണം

ഭൂ മാഫിയകള്‍ക്ക്‌ ഒരു പൂര്‍വികന്‍
-വാമനന്‍ -

മൂന്നടി മണ്ണ് മാത്രം ചോദിച്ചു
മൂന്നടി പൊക്കത്തില്‍ വരുന്നവനെ
ആരെങ്കിലും വിശ്വാസിക്കോ?

കെണി അറിയാതെ ,
ബലി , പാവം OK മൂളി

വെള്ളം എടുത്ത കിണ്ടിയില്‍, വണ്ടായ്
തടസം നിന്നതും ഗുരു ,
പറഞ്ഞാല്‍ തലയില്‍ കയറണ്ടായോ?
കണ്ടകത്തില്‍ ശനി കൊണ്ടേ പോകൂ.

-പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടോ?-

രാജ്യം പോയവന്
രാജാവ് എന്ന് വിളിക്കരുതെന്നു
സോഷ്യല്‍ റിബലുകള്‍
(സഖാവ് എന്ന് വിളിക്കാമോ?)
കടിച്ചതും ഇല്ല, പിടിച്ചതും.

ഒരോണം ഉണ്ണാന്‍
ചാല"ക്കുടി"യിലും കരു"നാഗ"പ്പിള്ളിയിലും
കുടിയന്മാരെ മുട്ടി നടക്കാന്‍ വയ്യഞ്ഞു
"പാമ്പ"ക്കുടി" വരെ പോകുന്നവര്‍ക്കുള്ള
ഓണം-നല്ലോണം

ചവിട്ടി താഴ്ത്ത പ്പെടുന്നവര്‍ക്ക് എന്തോണം?
കണ്ടാല്‍ വര്‍ക്കത്തുള്ള
ഒരോണം ഉണ്ണാന്‍
ഇനി എത്ര ഓണം കൂടുതല്‍
ഉണ്ണണം?

Wednesday, September 7, 2011

തുറക്കാത്ത വാതില്‍




പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബീ അറ തുറക്കുന്നത് സംബന്ധിച്ച തീരുമാനം
ഏതാണ്ട് പൂര്‍ത്തിയാകുന്നു.
അങ്ങനെ അതൊരു തീരുമാനം ആയി.
ഇല്ലാ കഥകള്‍ പലതും കേള്‍ക്കും മുന്നേ തൃപ്പടി ദാനം ഒന്നു ഓര്‍ത്തു നോക്കട്ടെ

തിരുവിതാം കൂറിലെ അതി പ്രശസ്തനായ
മാര്‍ത്താണ്ട വര്‍മ മഹാരാജാവ് തൃപ്പടി ദാനമായി ആയി രാജ്യം
പദ്മനാഭ സ്വാമിക്ക് നല്‍കിയത് AD 1750.ഇല്‍
കുളച്ചല്‍ യുദ്ധത്തിനു ശേഷം..
കഥയല്ല ചരിത്രത്തില്‍ രേഖകള്‍ ഉണ്ട്.

ഈ ക്ഷേത്രം പിന്നീട് അല്ലെങ്കില്‍ യഥാ വിധി രാജാവിനോ രാജ കൊട്ടാരത്തിനോ അവകാശപ്പെട്ടതാണെന്ന്
വ്യക്തമാകുന്നില്ല എന്നാല്‍.

ഗന്ധകീ നദീ തീരത്ത് നിന്നു കൊണ്ട് വന്ന
ഏകദേശം 12,000 സാളഗ്രാമങ്ങള്‍ കൊണ്ടാണ് ഇന്നത്തെ വിഗ്രഹമായി പുതുക്കി പണിതത്.
(തളിക്കോട്ട ക്ഷേത്രം ലക്ഷ്യംമാക്കി കേരളത്തില്‍ വന്ന ടിപ്പുവിന്റെ
ആക്രമണം ഭയന്ന് ശ്രീ പദ്മനാഭ സ്വാമിയുടെ സുവര്‍ണ്ണ വിഗ്രഹം ,കരി ഓയിലില്‍ മുക്കി വെച്ചതും ചരിത്രം.)

കള്ളനില്‍ നിന്നും ആക്രമണകാരികളില്‍ നിന്നും സ്വത്തുക്കള്‍ രക്ഷിച്ച
ചരിത്രം പിന്നെയും വായിക്കുന്നു.
കട്ടെടുത്തു പുട്ടടിക്കുന്നതിനു പകരം കാത്തു വെച്ചതോ മന്നവാ നീ ചെയ്ത അപരാധം എന്നൊന്നും സെന്റി ആകരുത്.
അത് അന്ത കഥ.
ഇന്ന്
പേരിനു മാത്രം രാജാവ് എന്ന് വിളിച്ചോളൂ.
പണ്ട് സവര്‍ണ്ണ നംബൂരാര്‍ക്കു അടിയാത്തി പെണ്ണുങ്ങളില്‍ ജനിക്കുന്ന മക്കള്‍ക്ക് അച്ഛാ എന്ന് വിളിക്കാനുള്ള അധികാരം മാത്രം ഈ സവര്‍ണ്ണ മേധാവിത്തം കല്‍പ്പിച്ചു തന്ന പോലത്തെ ഒരു ഇത്..


തിരുവിതാം കൂറിലെ അബലനായ രാജാവ് എന്ന പേര് കേട്ട ബാലരാമ വര്‍മ്മയ്ക്ക് ശേഷം regent ആയി ഭരണം ഏറ്റെടുത്ത റാണിക്ക്
ഉമ്മിണി തമ്പി ദളവയുടെ ഭരണത്തില്‍ അതൃപ്തി ഉണ്ടാകുന്നു.
തിരുവിതാം കൂറിലെ ഒന്നാംതരം പരിഷ് കാരങ്ങള്‍ ആയിരുന്നു ഉമ്മിണി തമ്പിയുടെത് എന്നിരുന്നിട്ടു പോലും..
അദ്ദേഹത്തിന് പകരം കേണല്‍ മണ്ട്രോയെ അധികാരം ഏല്‍പ്പിച്ച റാണിയാണ് ഗൌരീ പാര്‍വതി ഭായി.
എന്താണ് അതിനു തക്കതായുണ്ടായ സാഹചര്യം എന്ന് അറിയാന്‍ ശ്രമിച്ചിട്ടും കണ്ടെത്താന്‍ ആയില്ല,
ശ്രീധര മേനോന്റെ "കേരള ചരിത്രത്തില്‍" വ്യക്തമായി അറിയാന്‍ കഴിഞ്ഞില്ല)
ചരിത്രത്തില്‍ അങ്ങനെ ആണ്, നാടോടി കഥകളെ വെല്ലുന്ന TWISTS ഉണ്ടാകും.
കള്ളന്‍ മന്ത്രി ആകും, മന്ത്രി കള്ളന്‍ ആകും ,രാജാവ് രാജ്യ നിഷേധി ആകും..അങ്ങനെ..
പടയോട്ടങ്ങള്‍ നടത്തി രാജ്യം രാജ്യത്തോട് ചേര്‍ക്കല്‍, വീര മരണം, അടിയറവു, മേല്ക്കൊയ്മ്മ, പട വെട്ടു, എല്ലാം രാജ്യ ഭരണത്തിന്റെ പഴയ ചില SYMBOLS ആണ് .

കാലം പിന്നെയും ഒഴുകുന്നു.
ഇന്ന് കാണുന്ന പോലായി..
ഇവിടെ,
നിലവറ തുറക്കാന്‍ വരുന്ന ആളുകളെ മനസ്സില്‍ കാണുന്നു.

"ഓപ്പണ്‍ സീസോം ഷട്ട് സീസോം "
ആലിബാബയും 41 കള്ളന്മാരിലെ" ആലിബാബയുടെ സഹോദരന്‍,
കാസിം പറയുന്ന സീസോം
ഗെയിം ഇപ്പോള്‍ ഓര്‍ത്തെ ഉള്ളൂ
എന്നിട്ട് വാതില്‍ തുറന്നോ എന്ന് ചോദിച്ചാല്‍ തുറന്നു.
ചാക്ക് നിറയെ സ്വര്‍ണ്ണവും രത്നങ്ങളും
അങ്ങേരു ആര്‍ത്തിയോടെ വാരിയെടുത് ചാക്കില്‍ കെട്ടുന്നു.
കയ്യില്‍ തികയാത്ത വൈര മാലകള്‍ കഴുത്തിലും കാലിലും കെട്ടി ..
അറ തുറന്നു ആവശ്യം കഴിഞ്ഞു,

ഇനി പോയേക്കാം എന്ന് കരുതുമ്പോള്‍ ഉണ്ടടാ...
വാതില്‍ തുറക്കാനുള്ള പാസ് വേര്‍ഡ്‌ അതിയാന്‍ മറന്നു.
വാതില്‍ തുറക്കൂ, എനിക്ക് പോണം എന്ന് കരഞ്ഞു പറഞ്ഞിട്ടും കാവല്‍ ആളുകള്‍ കേട്ട മട്ട് കാണിച്ചില്ല.
എന്താ കഥ?
പിന്നത്തെ കഥ എന്നെ പോലെ നിങ്ങള്‍ക്കും അറിയാം..

നിങ്ങള്‍ തന്നെ പറയ്‌, നിങ്ങള്‍ക്കാണ് ഈ ഗതി വന്നെങ്ങില്‍ എന്തൊക്കെ ചെയ്യാം?
ചവിട്ടി തുറക്കാന്‍ ശ്രമിക്കാം.
വേറെ വഴി ഉണ്ടോ എന്ന് നോക്കിയേക്കാം.
ജന്നല്‍ കമ്പി വളച്...
അല്ല
ആ പരിപാടി ഇവിടെ നടപ്പില്ല.
അപ്പൊ പിന്നെ ...

വാതില്‍ തുറന്നാല്‍ മാത്രം പോര അകത്തു കടന്നതിനു ശേഷം അടഞ്ഞു പോയ വാതില്‍ തുറക്കാനുള്ള വഴി കൂടി അറിഞ്ഞിരിക്കണം.--മുത്തശ്ശി ആണ് .

ഓ ഇനി ഈ മുത്തശ്ശിയുടെ ഉപദേശം കൂടിയേ വേണ്ടതുള്ളൂ.
ഒന്നു വെറുതെ ഇരിക്ക് മുത്തിയെ..
അവര്‍ക്ക് തുറക്കാന്‍ അറിയാമെങ്കില്‍ അടയ്ക്കാനും അറിയാം.
ഏതൊക്കെ വഴിയെ എന്ന് മാത്രമേ സംശയം ഉള്ളൂ.

Friday, September 2, 2011

MILMA എനിക്ക് പാല്‍ തരുന്നു!!




" പശു പാല്‍ തരുന്നു
അമ്മ പാല്‍ കറക്കും
ആ പാല്‍ എനിക്ക് തരും
ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ അമ്മ കരയും,
എന്തിനാണ് അമ്മ കരയുന്നത്?
ഞാന്‍ അച്ഛനോളം വലുതാകണം." !!!!

പഴയ മലയാള പാഠ പുസ്തക ത്താളിലെ ഈ വരികള്‍
എന്തിനാപ്പ, ഇച്ചേയീ ഇങ്ങനെ ശ്വാസം വിടാതെ വായിക്കണേ.?

പണ്ടത്തെ പോലെ പശുവിനെ കറന്നു പാലെടുക്കാന്‍,
പശുവിനെ കെട്ടാനുള്ള കയറില്ലാഞ്ഞ കാരണം
പശു ഇല്ല.
പകരം MILMA പാലാണ് ഇപ്പോള്‍,
എന്റെ മോള്‍ക്ക് കൊടുക്കുന്നത്.

അപ്പൊ അങ്ങനെ പറ,
മില്‍മയാണ് പാല്‍ തരുന്നത് !!!
ഒന്നു മാറ്റി വയിക്കെന്റെ ചങ്ങായീ ഈ ഭാഗങ്ങള്‍..
സീന്‍ 1
----------
പാല്‍ വില ലിറ്ററിന് അഞ്ചു രൂപ വെച്ചു കൂട്ടാന്‍ ഹൈ കോടതി അനുമതി.
തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കുറുപ്പ് സാര്‍ പ്രഖ്യാപിച്ചതോടെ
കാലത്ത് ചൂട് വാര്‍ത്തയ്ക്കൊപ്പം നല്ല സ്ട്രോങ്ങ്‌ ചായ പാലോഴിച്ച്ചു കുടിച്ചു പ്രഭാതത്തെ വരവേറ്റിരുന്ന
പാപികളായ മലയാളീസ് ഇരുട്ടടി കിട്ടിയ പോലെ ഞെട്ടുന്നു.

സീന്‍ 2
-----------
ഒരു കഠോര പുഞ്ചിരി, മില്‍മയ്ക്ക്.
സന്തോഷത്തോടെ ചിരിക്കുന്ന മുഖം close upil കാണിക്കുന്നു.
സീന്‍ കട്ട്‌

ഭാഗ്യ ദോഷികളായ മലയാളിയുടെ താടിക്ക് കൈ കൊടുത്തുള്ള മുഖം കാണിച്ചു കൊണ്ട് സീന്‍ അവസാനിക്കുന്നു.

ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ ഇനി അമ്മ എന്തിനു കരയണം?
പകരം കുറച്ചു നാള്‍ ആര് കരയണം എന്തോ, ഏതോ?

ദൈവമേ നാട്ടിലെ ഭരണ വര്‍ഗങ്ങള്‍ക്ക് നല്ലത് മാത്രം വരുത്തണേ !!

കാലത്ത് ചായയ്ക്കായി അടുക്കള തിണ്ണയില്‍ മുരടനക്കി നിക്കുന്ന ഗൃഹനാഥനമാരെ ,!!
നിങ്ങളുടെ മൊബൈല്‍ പ്രീ പൈഡ് റീ ചാര്‍ജു കൂപ്പണിന്റെ കൂടെ
ഇനി അമൂലിന്റെയോ, അനിക്സ്പ്രയുടെയോ പാല്‍ പൊടി വാങ്ങി കൊണ്ട് വന്നു കാലത്തെ സ്തംഭനാവസ്ഥ ഒഴിവാക്കുക, ഇനി മുതല്‍.
വില ഇന്ന് കൂടും നാളേം കൂടും.അതിലാണോ വല്യ കാര്യം.?
കുടുംബം !!!! അതല്ലേ എല്ലാം?

Thursday, September 1, 2011

നിങ്ങള്‍ വിളിച്ച നമ്പര്‍ നിലവില്‍ ഇല്ല







നിങ്ങള്‍ വിളിച്ച നമ്പര്‍ നിലവില്‍ ഇല്ല
------------------------------------
24 മണിക്കൂര്‍ സേവനമുള്ള,
കോള്‍ സെന്റെരിലേക്ക് വിളിച്ചാല്‍
മുഖ്യനോട് സംസാരിക്കാം ചിലപ്പോള്‍,
ഇല്ലെങ്കില്‍, മുഖ്യന്‍ നിയോഗിക്കുന്നവരോട്..
രണ്ടായാലും ഉതുപ്പ് ചേട്ടന് ഒന്നുമില്ല.
ഈ 24 മണിക്കൂര്‍ എന്ന് പറയുമ്പോള്‍
IST യോ GMT യോ ?
അത് മാത്രം ആരും പറഞ്ഞു തന്നില്ല.
റബ്ബറിന് തുരിശു തളിച്ചു ഉപജീവനം കണ്ടെത്തിയ
ഉതുപ്പെട്ടന്റെ വിളി കേട്ടവര്‍ പറയുന്നു
നിങ്ങള്‍ വിളിച്ച നമ്പര്‍ നിലവില്‍ ഇല്ലെന്നു.
................
അപ്പൊ, ഇച്ചായന്‍ നിക്കണോ അതോ പോണോ?



ഒന്നെടുത്തല്‍ ഒന്നു ഫ്രീ
-------------------
ശോഭനമായ ഭാവി സ്വപ്നം കണ്ടിട്ട് ഒരുത്തി,
ശോഭനം മോഹനം ശങ്കരാഭരണം
രാഗത്തില്‍ നീട്ടി പാടി,
തന്ത്രിയെ തന്ത്രത്തില്‍
കുരുക്കി എന്ന് ആരോ പറയുന്നു.
ശരി ഏതാ? തെറ്റും?
അടിയനോന്നും പിടി കിട്ടുന്നില്ലേ...
പറവൂര്‍, തെന്മല,
കടവന്ത്ര, പത്തനം തിട്ട, കണ്ണൂര്‍
ഇങ്ങനെ വാണിഭങ്ങള്‍ പല തരം.
ഏതെടുത്താലും ഒന്നു ഫ്രീ.
അപ്പൊ, ഒന്നെടുക്കാലെ.
എടുക്കണോ?
എടുത്തോട്ടേ?.
എടുക്കണ്ടേ?



മമ്മി മമ്മി, ഓല മടല്‍ ഈസ് കമിംഗ്, റണ്ണിക്കോ
---------------------------------------------
മാതൃ ഭാഷയില്‍ സംസാരിക്കരുത് ഡിയര്‍
മുടി മുറിക്കും, ചിലപ്പോള്‍, നാക്കും.
അമ്മയല്ല, മമ്മി
അപ്പനല്ല, ഡാടീ..
ചക്ക മടലും തകരത്താളും കൂട്ടി ലഞ്ച് കഴിക്കുന്നവന്റെ മക്കളെ,
നിങ്ങളും വിളി,
മമ്മി, ഡാടീ...
കൈക്കും കാലിനും നല്ല ബലം വന്നു തുടങ്ങുമ്പോള്‍
നിങ്ങള്‍ അവരുടെ
നെഞ്ച് ചവിട്ടിപ്പോളിക്കുക ,
വിളിക്കാന്‍ പഠിപ്പിച്ച "ഗുരുക്കന്‍"മാര്‍ക്ക്
ബലാല്‍ക്കാരം -ഗുരു ദക്ഷിണ-
മറു പുറം:
ബീഹാറിലെ തടി മില്ലിലെ ഒരു ആന
കൊച്ചിയിലെ സര്‍ക്കസ് കമ്പനിയില്‍ പരിശീലനം
ഇടത്തോട്ടു തിരിയാനെ.
വലത്തോട്ടു,
എബടെ..
അതിന്റെ മാതൃഭാഷയില്‍ പറയെന്റെ ചങ്ങായീ,
പീച്ചേ മൂഡ്‌ ..സാവ്ഥാന്‍...