Sunday, April 10, 2011

ആത്മരതി --- തുറന്നു പറച്ചിലുകള്‍



നാലുകെട്ടിന്റെ ഓര്‍മ്മകള്‍.
ബിരുദത്തിനു പഠിക്കുന്ന സമയം ഉപ പാഠ പുസ്തകമായി എം ടീ യുടെ "മഞ്ഞ്" പഠിക്കാന്‍ ഉണ്ടായിരുന്നു..
ശരിക്ക് പറഞ്ഞാല്‍ എന്നെ ഒരു തരത്തിലും ആകര്‍ഷിക്കാന്‍ ഈ നോവലിന് കഴിഞ്ഞിട്ടില്ല..
പിന്നീട് എം ടീ തന്നെ സംവിധാനം ചെയ്ത ഈ സിനിമ ഈയിടെ ടീ വീയില്‍ കണ്ടിരുന്നു.. ഒച്ചിഴയുന്ന തരത്തില്‍ ഒരു കഥ. (സംഗീത നായിക്, ശങ്കര്‍ മോഹന്‍ പ്രധാന കഥാ പാത്രങ്ങളായി അഭിനയിച്ചിരുന്നു.)
എം ടീ ഒരിക്കല്‍ നൈനിറ്റാളില്‍ പോയിരുന്നപ്പോള്‍ കിട്ടിയ ഒരു ഐഡിയ ആണ് പിന്നീട് ഈ നോവലിന്റെ കഥക്ക് ആധാരം എന്ന് പറയുകയുണ്ടായി..
എന്നാല്‍ പ്രശസ്ത ഹിന്ദി നോവലിസ്റ്റ്‌ നിര്‍മല്‍ വര്‍മയുടെ ഒരു കഥയെ അനുകരിച്ചു എഴുതിയതാണെന്ന് പിന്നീട് കലാകൌമുദിയില്‍ വായിച്ചിട്ടുണ്ട്.
( എം ടീ നിഷേധിച്ചിട്ടില്ല ഈ കാര്യം) ഒരു " എം ടീ സ്പര്‍ശം" മഞ്ഞ് നോവലില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് ചില സുഹൃത്തുക്കളുടെ അഭിപ്രായത്തില്‍ ഞാനും പങ്കു ചേരുന്നു..

......................... സ്കൂളില്‍ പഠികുമ്പോള്‍ അവധി ദിവസങ്ങളില്‍ വായിക്കാന്‍ ആദ്യം എടുക്കുക "നാല് കെട്ടൊ", "കാലം" ഒക്കെയാകും. പറഞ്ഞറിയിക്കാനാകാത്ത ഒരു "ദാഹം " അനുഭവിച്ചിട്ടുണ്ട് ഈ കഥകള്‍ വായിക്കുമ്പോള്‍....

(ആത്മ രതി.) (മിക്ക കഥയിലും ഉള്ളടക്കം ഒന്നു തന്നെ.. പ്രണയം, , ദാരിദ്ര്യം,തോല്‍വി,..പക..ഇങ്ങനെ പോകുന്നു.. കുട്ടിക്കാലത്തെ ഞാന്‍ രഹസ്യമായി ആഗ്രഹിച്ച തൃഷ്ണകള്‍ ഈ കഥകളിലൂടെ അറിഞ്ഞ അനുഭവിച്ചിട്ടുണ്ട്..
ഇതെല്ലാം വായിച്ചു വായിച്ചു വെള്ളത്തില്‍ കുതിരാന്‍ ഇട്ട മുന്തിരി പഴം പോലെ ആയി എന്റെ മനസ്..
ആത്മ വേദനയിലൂടെ സുഖമുള്ള നോവറിഞ്ഞു ഞാന്‍..
ഇതൊക്കെയാണ് പ്രണയം,
ഇങ്ങനെ മാത്രമാണ് പ്രണയം, പ്രണയത്തില്‍ ഇങ്ങനെ ഒക്കെ ആകാം, ഇന്ന രീതിയില്‍ വസ്ത്രം ധരിക്കണം, പെരുമാറണം,കരയണം, ത്യാഗങ്ങള്‍ സഹിക്കണം എന്നൊക്കെ ഒരു തരം "സൈകിക്" ചിന്തകള്‍ എന്നില്‍ ഉണ്ടാകുന്നു..
ഗാഡ ഗന്ധമുള്ള ഒരു പൂവിനെ കശക്കി അതിന്റെ ഗന്ധം അവാഹിചെടുക്കുന്ന ഒരു മത്ത മോഹിനി ആയി.
ഒരൊറ്റ മോഹം പോലും അനുഭവിച്ചു കിട്ടാത്ത നായികാ സങ്കല്‍പ്പത്തിലെ ഭാഗ്യമില്ലാത്ത രതി കാമനയായി മോഹങ്ങള്‍.
എന്റെ സിരകളില്‍ പടരുന്ന ചോരയ്ക്ക് ഉന്മാദത്തിന്റെ മണമായിരുന്നു..അന്‍പതുകളുടെ ഒടുവില്‍ എന്റെ അമ്മാവന്മാരൊക്കെ പറഞ്ഞിരുന്നത് ..
എം ടീ കഥയിലെ നായര്‍ പെണ് കുട്ടികളെ കാണാന്‍ അമ്മാവന്മാരുടെ ഇസ്ലാം/ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്ഷേത്ര നടയില്‍ കാത്തിരിക്കാരുണ്ടായിരുന്നത്രേ..

വായനയിലെ അമേയ സുഖം കാംക്ഷിച്ചു വീട്ടുകാരെ ഉപേക്ഷിച്ചു ഈ സുന്ദരികളെ വിവാഹം വരെ ചെയ്ത് ആത്മ തൃപ്തി അടഞ്ഞവര്‍ ഏറെ.

ഒരു കാമുകന്നു മാത്രം നല്‍കാനായി പലപ്പോഴും ഒരു ആലിംഗനം, ചുംബനം എല്ലാം ഞാന്‍ പരിശീലിച്ചത് ഈ കഥ കളിലൂടെയാണ്‌ ......

കൌമാരത്തില്‍ കടക്കുംബോലെക്കും എന്റെ നോട്ടവും ഭാവവും എല്ലാം ഒരു എം ടീ കഥയിലെ നായികയെ പോലെ വികാര ലോലയായി, എല്ലാം സഹിക്കുന്ന പ്രണയ വതിയായി (അഭിനയിച്ചു),
ഇനി വേണ്ടത് നിരാശനായ ഒരു കാമുകനാണ്..
അല്ലെങ്ങില്‍ എല്ലാം നശിപ്പിച്ചേ അടങ്ങൂ എന്ന ഭാവം ഉള് കൊള്ളുന്ന ഒരു നായകന്‍(കാലം" പല തവണ വായിച്ചതിന്റെ പാര്‍ശ്വ ഫലം )
ഇല്ലാത്ത കാമുകനെ തിരഞ്ഞു അങ്ങനെ നടന്നു ഞാന്‍ ശരിക്കും..
"ഉള്‍ക്കടല്‍" ," ശാലിനി എന്റെ കൂട്ടുകാരി" "അര്‍ച്ചന ടീച്ചര്‍" സിനിമ ഒക്കെ തുടരെ തുടരെ ഇറങ്ങിയ സമയം, ഞാന്‍ എന്റെ കാമുകനെ തിരിച്ചരിഞ്ഞെന തോന്നല്‍..

വേണു നാഗ വള്ളിയുടെ വേദനിക്കുന്ന കാമുക ഹൃദയം മുഖ ഭാവം, എല്ലാം സഹിക്കുന്ന വേദനിക്കുന്ന മുഖം എനിക്ക് ചേരുന്ന കാമുകനായി.. ഞാന്‍ കാമുകിയും വേണു കാമുകനുമായി അങ്ങനെ സങ്കല്‍പ്പ തേരിലേറി കൌമാരത്തിന്റെ മാസ്മരിക ലോകത്ത് ഞാനും ഈ വിഷാദ കാമുകനും.. പറഞ്ഞരിയിക്കനകാത്ത നിര്‍വേദം..

കൂടുതല്‍ ഭാവം ഉള്‍ക്കൊള്ളാന്‍ കാലത്തിലെ" സുമിത്രയെ വായിച്ചു പഠിച്ചു.. സേതുവിന്‍റെ രീതികള്‍ നോക്കി പഠിച്ചു....
ആയിര തിരി വിളക്കു പോല്‍ തിളങ്ങുന്ന, ഗോവിന്ദന്‍ കുട്ടിയുടെ ഓപ്പോളേ മനസ്സില്‍ ധ്യാനിച്ച്‌ നടന്നു.. കര്‍ക്കടകത്തില്‍ ചക്ക മടല്‍ വേവിച്ചു തകര താള്‍ കൂട്ടി ഉച്ച ഭക്ഷണ കഴിച്ചെന്നു അഭിനയിക്കുന്ന ഓപ്പോളേ ഞാന്‍ കൂടുതല്‍ ആരാധിച്ചു..

ഏത് സമയവും ചുണ്ടത് എരിയുന്ന സിഗരറ്റുമായി കൊച്ചാപ്പുവിന്റെ കര വലയത്തില്‍ കിടന്നിരുന്ന മീനാക്ഷിയെ- അവളെ പലവട്ടം പ്രാപിച്ച കൊച്ചാപ്പു- പോലെ ആകാന്‍ ഞാന്‍ അതിയായി മോഹിച്ചു.. സുന്ദരമായ മുഖത്തിന്റെ അവസാന വാക്ക് എം ടീ കഥകളിലെ നായികക്ക് നല്‍കി. കാമത്തിന്റെ തീ അമ്പുകള്‍ ഇതിലെ കാമുകര്‍ക്ക് നല്‍കി മോഹങ്ങള്‍ക്ക് അഗ്നി ചിറകു നല്‍കി...

കാള വേല കാണാന്‍ നിന്നിരുന്ന ഗോവിന്ദന്‍ കുട്ടി, കൂടെ പഠിച്ച തങ്ക മണിയെ കാണാതെ ഒളിച്ചു നിന്ന ഗോവിന്ദന്‍കുട്ടിയെ ഞാന്‍ വെറുത്തു..
കുമാരെട്ടന്‍ മക്കള്‍ക്കും ഭാര്യക്കും ഓണം ഒരുക്കാന്‍ പ്ലാവിന്റെ ഓഹരി ചോദിച്ചു വന്നപ്പോഴും അഴിയാത്ത മുണ്ട് മുറുക്കി, പണി എടുക്കാന്‍ മനസില്ലാത്ത ഈ സഹോദരന്മാരില്‍ ഖനീഭവിച്ചു കിടന്നിരുന്ന ആത്മ വേദനയുടെ പൊരുള്‍ തേടി നടക്കാതെ, വാതക്കൊളില്‍ നീലച്ചു കിടന്ന അമ്മയും ,ഓപ്പോളും എനിക്ക് നിഴല്‍ മാത്ര ചിത്രങ്ങള്‍ ആയി.....
എം ടീ കഥാ പത്രങ്ങളിലെ നായികയെ പോലൊരു വിഷാദ വതിയും, ഒന്നിനും കൊള്ളാത്ത നായകനെ പോലൊരു "നിഷ്കാമ രൂപിയും" ആയി ഞാന്‍ .
അല്ലെങ്ങില്‍, കാമത്തെ അതിന്റെ ഉന്മാദത്തില്‍ അറിയുക എന്നത് എന്റെ അടങ്ങാത്ത ആവേശമായി..
ഒരു കഥാകാരന്റെ കഥകള്‍ എന്നെ അതിന്റെ ഉന്മാദ അവസ്ഥയില്‍ എത്തിക്കുന്നതിന്റെ അപകടം ഞാന്‍ അറിഞ്ഞിട്ടും അറിയാതെ ഇരിക്കാന്‍ ശ്രമിച്ചു .

നാലുകെട്ടിന്റെ അന്‍പതാം പിറന്നാള്‍ ആഖോഷിച്ച വേളയില്‍ ഈ ചിന്തകള്‍ എല്ലാം ഒരിക്കല്‍ കൂടി റീ പ്ലേ ചെയ്തു നോക്കിയിരുന്നു..

ചുണ്ണാമ്പ് പൊടി ചുമക്കുന്ന പന്നല്‍ ചെടിയുടെ ഇലയുടെ ചിത്രം കവിളില്‍ ചേര്‍ത്ത് ചിത്രം ചമയ്ക്കുന്ന ഒരു കുട്ടിയുടെ ചിത്രം മനസ്സില്‍ ഇന്നും..
ക്ലാവ് പിടിച്ച ഈ കഥാ പാത്രങ്ങള്‍ ...
ഒന്നു പുളി ഇട്ടു തേച്ചു മിനുക്കുകയെ വേണ്ടൂ..
ആയിര തിരി വിളക്കു തന്നെ തെളിയും അന്നേരം..