
ബാര്‍ബി ഡോള്‍
-----------------------
ആദ്യത്തെ പിറന്നാളിന് എന്ത് വേണം എന്ന് അവര്‍ ചോദിച്ചില്ല.
പകരം ചുവന്ന ഉടുപ്പിട്ട മാലാഖയെ പോലുള്ള
ചിരിക്കുന്ന ബാര്‍ബി ഡോള്‍ എനിക്ക് തന്നു കൊണ്ട്
മമ്മിയും ഡാഡിയും
പിറന്നാള്‍ ഉമ്മ തന്നു.
"ഷെയിപ്പ്" ഇപ്പോള്‍ തന്നെ ബോര്‍ ആയി തുടങ്ങി എന്ന് പറഞ്ഞു
എനിയ്ക്ക് അവകാശപ്പെട്ട മുലയ്ക്കു പകരം
കുപ്പി നീട്ടി.
DNA ടെസ്റ്റ് നടത്തി എന്നെ ഡാഡിയും മമ്മിയും വീണ്ടെടുത്തപ്പോള്‍
ദഹിയ്ക്കാത്ത ഒരു ജീന്‍ എന്റെ തൊണ്ടയില്‍ കിടന്നത്
തുപ്പിക്കളഞ്ഞു..
ഇന്റര്‍വ്യൂ.
------------------
അവര്‍ക്ക് അറിയേണ്ടത് പോളണ്ടിന്റെ തലസ്ഥാനവും
നിക്കലിന്റെയ് രാസ നാമവും ആയിരുന്നു.
മൂത്രം ഒഴിക്കാന്‍ നേരം മാത്രം
രാത്രി കൊണ്ട് നടക്കാറുള്ള
ടോര്‍ച്ചു സെല്ലില്‍ നടക്കുന്ന രാസപരിണാമം
എന്തെ, എന്നോട് ചോദിച്ചത് എന്ന് എനിക്കറിയില്ല
സോപ്പ് കമ്പനിയിലെ
സെക്യൂരിടിക്കാരന്റെ അറിവുകള്‍
നിചപ്പെടുത്തിയ പണ്ഡിതര്‍
ഇത് കാണാതെ പോകട്ടെ.
രാജന്‍ എന്ന എന്ജിനീയറിംഗ് വിദ്യാര്‍ഥി
---------------------------------------------------------------
അവര്‍ എന്നെ കക്കയം ക്യാമ്പില്‍
കൊണ്ട് പോയി.
കാലിലും ദേഹത്തും ലാത്തി ഉരുട്ടീ ക്കയറ്റി.
മൂത്രനാളിയില്‍ ഈര്ര്‍ക്കില്‍ തുളച്ചു ക്കയറ്റി ക്കൊണ്ട് അവര്‍
കിതച്ചു.
ശങ്കരാഭരണം രാഗം ഒരിയ്ക്കല്‍ കൂടി പാടാന്‍ അവര്‍ആക്രോശിച്ചു.
അനക്കമില്ലാതിരുന്ന എന്നെ
അവര്‍ ചാക്കില്‍ കെട്ടി പച്ചയ്ക്ക് കുഴിച്ചിട്ടു.
ഞങ്ങള്‍ക്കും ജീവിച്ചു കാണിച്ചു കൊടുക്കണ്ടേ എന്ന്
പറഞ്ഞത് ഞാന്‍ പിന്നെ കേട്ടതേ ഇല്ല.