Tuesday, May 31, 2011

എങ്കിലും എന്റെ സുന്ദരീ...!!!!




കണ്ണിന്‌ കണ്ണായ കണ്ണി
സുന്ദരി ക്കുട്ടിക്കു സ്വര്‍ണ്ണ നിറമായിരുന്നു
ഉണ്ടക്കണ്ണി എന്ന് വിളിച്ചാല്‍ അവള്‍ ചിരിക്കും
(അവളുടെ ഭാഷയില്‍-മനുഷ്യന്‍
മാത്രമാണ് ഇന്ന് ചിരിക്കാത്തത്)

പകരം കേള്‍ക്കാന്‍ സുഖമുള്ള
"ഘര്‍ " ശബ്ദവും കൊണ്ട്
എന്നോട് മിണ്ടില്ലെന്ന് രഹസ്യം പറയും.

റൊട്ടിയും വെണ്ണയും മതി അവള്‍ക്കു,
മുട്ടയും മീനും കൈ കൊണ്ടേ തൊടുകില്ല
മടിയില്‍ ഇരുത്തിയാല്‍, അവളെ
ആരെയും കാണിക്കരുതെയെന്നു കണ്ണടച്ച് കാണിക്കും.

അവളുടെ ഈ പേര് മാറ്റി ക്കൂടെയെന്നു
പലരും അടക്കം പറഞ്ഞു..
നാട്ടുകാര്‍ കേള്‍ക്കാത്ത
പേര് മതി എന്ന് പറഞ്ഞത്
സുന്ദരിക്കുട്ടി തന്നെ.

കണ്ണടച്ച് പാല്‍ കുടിച്ചാല്‍ സ്വാദ് കൂടും
എന്ന് കണ്ണി എന്നോട് പറയാറുണ്ട്‌.

പക്ഷെ, അമ്മയ്ക്ക് വിശ്വാസം പോരാ.
"ഒറ ഒഴിക്കാന്‍ വെച്ച പാല്‍,
കണ്ടോ, കണ്ണടച്ചു കുടിക്കുന്നു."
(ചീത്ത പേരും കേള്‍പ്പിച്ചു)

അവളല്ല,വല്ലപ്പോഴും മാത്രം
അടുക്കള നിരങ്ങാന്‍ വരാറുള്ള
കണ്ണിയുടെ അച്ഛനായിരുന്നു
(പറഞ്ഞാല്‍ ആര് വിശ്വസിക്കും?)

നെയ്യില്‍ പൊരിച്ച റൊട്ടിയും,
വറുത്ത മീനും, ചെമ്മീനും
കണ്ടനു നിലയില്ലാ കയമാണ്.

"കുട്ടീടെ ദേഹത്ത് ചെള്ള്‌
വരും,,,കളയുന്നുണ്ടോ ഇതിനെ
ദൂരെ എങ്ങാനും...?
എന്ന് അപ്പയും അമ്മയും എന്നെ
വിലക്കുന്നത് അവള്‍ക്കു ഇഷ്ടമേയല്ല
നാഴികയ്ക്ക് നാല്‍പ്പതു വട്ടം
ചുമ്മാ കുരയ്ക്കുന്ന,
നായിനെ പത്തടി അകലത്തില്‍ നിര്‍ത്തി,
പകരം ഒരടി പോലും അകലാതെ എന്നെ
ചാരി നില്‍ക്കുന്ന കണ്ണി .

ഒരു മഴക്കാലത്ത്, വിറകിന്‍ പുരയില്‍
മൂന്നു കുഞ്ഞങ്ങളെ പെറ്റിട്ടു സുന്ദരി ക്കുട്ടി
മൂന്നില്‍ ഒരാള്‍ക്കെങ്കിലും സ്വര്‍ണ്ണ നിറം പ്രതീക്ഷിച്ച
എന്നെ ഞെട്ടിച്ചു കൊണ്ട്
സര്‍വ്വം ചാരം,
മൂന്നു ചാര ക്കരുപ്പന്മാര്‍
(കണ്ടന്റെ ചാര കറുപ്പ് )

ഒരു വിലാപം :
എങ്കിലും എന്റെ സുന്ദരീ...!!!!
തറവാടിന്റെ മാനം കളഞ്ഞില്ലേ?
ആരുമായും ഓന്‍ ലൈന്‍ ബന്ധം അവള്‍ക്കുണ്ടായില്ല...
രാത്രിയില്‍ ഹായ് ഡാ എന്ന് പറഞ്ഞു ആര്‍ക്കും sms
അയക്കുമായിരുന്നില്ല.ഒരാളുമായും browse
ചെയ്യുമായിരുന്നില്ല..
അവള്‍ക്കു ബ്ലോഗ്‌ എഴുത്തും പതിവുണ്ടായില്ല
എന്നിട്ടും സുന്ദരീ, പേര് കളഞ്ഞില്ലേ?