Tuesday, May 31, 2011

എങ്കിലും എന്റെ സുന്ദരീ...!!!!
കണ്ണിന്‌ കണ്ണായ കണ്ണി
സുന്ദരി ക്കുട്ടിക്കു സ്വര്‍ണ്ണ നിറമായിരുന്നു
ഉണ്ടക്കണ്ണി എന്ന് വിളിച്ചാല്‍ അവള്‍ ചിരിക്കും
(അവളുടെ ഭാഷയില്‍-മനുഷ്യന്‍
മാത്രമാണ് ഇന്ന് ചിരിക്കാത്തത്)

പകരം കേള്‍ക്കാന്‍ സുഖമുള്ള
"ഘര്‍ " ശബ്ദവും കൊണ്ട്
എന്നോട് മിണ്ടില്ലെന്ന് രഹസ്യം പറയും.

റൊട്ടിയും വെണ്ണയും മതി അവള്‍ക്കു,
മുട്ടയും മീനും കൈ കൊണ്ടേ തൊടുകില്ല
മടിയില്‍ ഇരുത്തിയാല്‍, അവളെ
ആരെയും കാണിക്കരുതെയെന്നു കണ്ണടച്ച് കാണിക്കും.

അവളുടെ ഈ പേര് മാറ്റി ക്കൂടെയെന്നു
പലരും അടക്കം പറഞ്ഞു..
നാട്ടുകാര്‍ കേള്‍ക്കാത്ത
പേര് മതി എന്ന് പറഞ്ഞത്
സുന്ദരിക്കുട്ടി തന്നെ.

കണ്ണടച്ച് പാല്‍ കുടിച്ചാല്‍ സ്വാദ് കൂടും
എന്ന് കണ്ണി എന്നോട് പറയാറുണ്ട്‌.

പക്ഷെ, അമ്മയ്ക്ക് വിശ്വാസം പോരാ.
"ഒറ ഒഴിക്കാന്‍ വെച്ച പാല്‍,
കണ്ടോ, കണ്ണടച്ചു കുടിക്കുന്നു."
(ചീത്ത പേരും കേള്‍പ്പിച്ചു)

അവളല്ല,വല്ലപ്പോഴും മാത്രം
അടുക്കള നിരങ്ങാന്‍ വരാറുള്ള
കണ്ണിയുടെ അച്ഛനായിരുന്നു
(പറഞ്ഞാല്‍ ആര് വിശ്വസിക്കും?)

നെയ്യില്‍ പൊരിച്ച റൊട്ടിയും,
വറുത്ത മീനും, ചെമ്മീനും
കണ്ടനു നിലയില്ലാ കയമാണ്.

"കുട്ടീടെ ദേഹത്ത് ചെള്ള്‌
വരും,,,കളയുന്നുണ്ടോ ഇതിനെ
ദൂരെ എങ്ങാനും...?
എന്ന് അപ്പയും അമ്മയും എന്നെ
വിലക്കുന്നത് അവള്‍ക്കു ഇഷ്ടമേയല്ല
നാഴികയ്ക്ക് നാല്‍പ്പതു വട്ടം
ചുമ്മാ കുരയ്ക്കുന്ന,
നായിനെ പത്തടി അകലത്തില്‍ നിര്‍ത്തി,
പകരം ഒരടി പോലും അകലാതെ എന്നെ
ചാരി നില്‍ക്കുന്ന കണ്ണി .

ഒരു മഴക്കാലത്ത്, വിറകിന്‍ പുരയില്‍
മൂന്നു കുഞ്ഞങ്ങളെ പെറ്റിട്ടു സുന്ദരി ക്കുട്ടി
മൂന്നില്‍ ഒരാള്‍ക്കെങ്കിലും സ്വര്‍ണ്ണ നിറം പ്രതീക്ഷിച്ച
എന്നെ ഞെട്ടിച്ചു കൊണ്ട്
സര്‍വ്വം ചാരം,
മൂന്നു ചാര ക്കരുപ്പന്മാര്‍
(കണ്ടന്റെ ചാര കറുപ്പ് )

ഒരു വിലാപം :
എങ്കിലും എന്റെ സുന്ദരീ...!!!!
തറവാടിന്റെ മാനം കളഞ്ഞില്ലേ?
ആരുമായും ഓന്‍ ലൈന്‍ ബന്ധം അവള്‍ക്കുണ്ടായില്ല...
രാത്രിയില്‍ ഹായ് ഡാ എന്ന് പറഞ്ഞു ആര്‍ക്കും sms
അയക്കുമായിരുന്നില്ല.ഒരാളുമായും browse
ചെയ്യുമായിരുന്നില്ല..
അവള്‍ക്കു ബ്ലോഗ്‌ എഴുത്തും പതിവുണ്ടായില്ല
എന്നിട്ടും സുന്ദരീ, പേര് കളഞ്ഞില്ലേ?

Monday, May 30, 2011

നാന്‍ താന്‍ കടവുള്‍ !! !!!
നമ്മുടെ തൊട്ടു അയല്‍ വാസിയായ തമിള്‍ സഹോദരരുടെ ഒരു കാര്യം..
കാര്യം അയല്‍ വക്കം ഒക്കെയാണ്.
എന്നാലും ഇങ്ങനെ ഒരു ചെയ്ത് വേണമായിരുന്നുവോ?

പുരൈട്ചി തലൈവി ജയലളിതയ്ക്ക് വേണ്ടി തമിള്‍ മക്കളുടെ വിരല്‍ മുറിച്ചു ദാനം !!!
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വിരല്‍ മുറിച്ചു കൊടുക്കാമെന്നു നേര്‍ന്നു അത്രെ ഒരു ആരാധിക.

മുറിപ്പിച്ചതോ, മുറിച്ചതോ..(എന്തരോ എന്തോ) !!!

കായി കൊടുക്കാമെന്നു ഏറ്റാല്‍, മുടി അല്ല, തല തന്നെ വെട്ടി പിഞ്ഞാണത്തില്‍ വെച്ചു മാര്‍ഗം കളി കളിയ്ക്കാനും തയ്യാറുള്ളവര്‍ ചുറ്റും ഉള്ളപ്പോള്‍ ആണ് ഒരു വിരലിന്റെ കാര്യം.. ച്ചായ് !!

ഇങ്ങനെ ചോര കൊഴുത്ത വിരലുകള്‍ കണ്ടു തൃപ്തി അടയുന്നത്
ദേവനോ, അസുരനോ എന്തോ ?

തലൈവി എന്ന് പറഞ്ഞാല്‍ പെട്ടെന്ന് ഓര്‍ക്കുന്നത്
പട്ടിക്കാടാ പട്ടണമാ (ജോഡി-ശിവാജി ഗണേശന്‍), അടിമയ് പെണ്, ആയിരത്തില്‍ ഒരുവന്‍
(ജോഡി- MGR ) ഈ ചല ചിത്രങ്ങളാണ്...
പിന്നെ നമ്മുടെ അണ്ണന്റെ ദേഹ വിയോഗവും...

അണ്ണന്റെ കൂടെ, സതി അനുഷ്ട്ടിക്കാന്‍ ശ്രമം നടത്തി.
അതില്‍ പരാജിതയും അപമാനിതയും ആയ
"അമ്മ" ,
നാണക്കേട്‌ കൊണ്ട് അരിശം മൂത്ത് , പിന്നീട് തമിള്‍ നാട് മുഖ്യ മന്ത്രി യാണ് എതിര്തവരോട് പക തീര്‍ത്തത്..
(ഫീനിക്സ് പക്ഷി)
അങ്ങനെ ഉള്ള ഈ അമ്മയ്ക്ക് വേണ്ടി ഒരു ചെറു വിരല്‍ എങ്കിലും
കണ്ടിച്ചില്ലെങ്കില്‍ പിന്നെ എന്തര്‌ ഇത് മച്ചൂ...?


പണ്ട് ദ്രോണരുടെ രഹസ്യ ശിഷ്യനായ ഏകലവ്യനും ഇങ്ങനെ ഒരു മുറിക്കല്‍ നടത്തി മഹാ ത്യാഗം ചെയ്തിട്ടുണ്ട്.
പക്കേങ്കില്‍ , മുഖ്യന്‍ ആകാനായിരുന്നില്ല.
വെറുതെ ഒരു രസം.
അല്ലെങ്കില്‍ വിവരമുള്ള, ആരേലും വിരല് കണ്ടിച്ചു ദക്ഷിണ കൊടുക്കോ?
പിരാന്ത്.. അല്ലാണ്ട് പിന്നെ..

Thursday, May 26, 2011

അനുകരണങ്ങളില്‍ വഞ്ചിതരാകരുത്
ആദായ വില്‍പ്പന
--------------------------
മാര്‍ക്കറ്റില്‍ പോയാല്‍ ആദായ വില്‍പ്പന
തുണിക്കടയില്‍,
ഇറച്ചി ക്കടയില്‍,
മരുന്ന് കടയില്‍,
സ്വര്‍ണ്ണ ക്കടയില്‍,..

ഒന്നിചെടുതാല്‍ ഒന്നു ഫ്രീ

ഒരു ചാക്ക് കടുക് എടുക്കൂ.
ഒന്നര കിലോ സ്വര്‍ണ്ണം സ്വന്തമാക്കൂ..

ഒരു മുഴം കയറിനു,ഒരുകഴുക്കോല്‍ ഫ്രീ
(പ്ലാസ്ടിക് കയര്‍ വേണ്ടവര്‍
മുന്‍‌കൂര്‍ ബുക്ക് ചെയ്യണം)

രണ്ടു ചൂരിദാറിനു
മൂന്നു ബ്ലൌസ് ഫ്രീ
(ഒറ്റതടി ആണുങ്ങള്‍ ക്ഷമിക്കുക)

ഒരു കിലോ ഓറഞ്ച് വാങ്ങൂ
ഒരു നാനോ കാര്‍ സ്വന്തമാക്കൂ..
(കാര്‍ ഉള്ളവര്‍ക്ക് ഒരു കൈ മാറ്റം അനുവദിക്കുമോ?)

അമ്പതു ശതമാനം
വിലക്കിഴിവില്‍ സോമൂസ് തുണിക്കടയിലും
ആദായ വില്‍പ്പന...
ഒരു കടയുടെ പേര് "ആദായ ക്കട" "
(ആര്‍ക്കു ആദായം?)

പിന്‍ ക്കുറിപ്പ്‌:
മനുഷ്യര്‍ എന്നാണു ശരിക്കുള്ള
വില്‍പ്പന കാണുക?


കറുപ്പും നരയും
-------------------

വേണം
പെണ്ണായാല്‍ പൊന്നു
ആണായാല്‍ മീശ
വീടായാല്‍ വിളക്കു
നരന്‍ ആയാല്‍ നര..
....
ഷഷ്ടി പൂര്‍ത്തി കഴിഞ്ഞിട്ടും
യേശുദാസും മധുവും ജയലളിതയും ഇന്നും
പതിനാറു വയതിനിലെ !!!
(സ്വാതന്ത്ര്യ സമരക്കാലത്ത് പിറന്നവരും
അല്ലു അര്‍ജുനന്റെ പ്രായക്കാര്‍ )

ആര്ടിഫിഷ്യല്‍ മാറും ചന്തിയും
യഥേഷ്ടം ഇന്ന് മാര്‍ക്കറ്റില്‍.
വ്യാജനെ തിരിച്ചറിയാന്‍
സാക്ഷാല്‍ കാമ ദേവനും പറ്റുന്നില്ല
സത്യം അല്ല കണ്ടതെന്ന്
"കണ്ടു" അറിയുമ്പോഴേക്കും
അവര്‍ പറയുന്നത്
"ഞങ്ങള്‍ ഫ്രാണ്ട്സാ.."..
വാഴ്വേമായം !!!

മുന്നറിയിപ്പ്:(അപായ സൂചന)
അനുകരണങ്ങളില്‍ വഞ്ചിതരാകരുത്

Wednesday, May 25, 2011

ജാന്വിക്കു സ്നേഹപൂര്‍വ്വം


ജെര്‍മനിയില്‍ നിന്നും ജാന്വി ലോകേഷ് എന്ന ഒരു ബ്ലോഗര്‍ എനിക്ക് അയച്ചു തന്നത്......അവരുടെ സമ്മതത്തോടെ
മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് താഴെ ചേര്‍ക്കുന്നു.


"
രാജശ്രീ ,
വരികളില്‍ കാണുന്നത് ഈ ലോകം തന്നെ.
വാക്കുകള്‍ അഗ്നി
കുടഞ്ഞിടുന്നു എന്റെ മേലെ.
അലങ്കാരങ്ങളില്‍ കുംഭമേള.

പൊട്ടന്മാര്‍ ചിലര്‍, എന്നെ ഭയപ്പെടുതുന്നുണ്ട്.
പലരും, ബ്ലോഗുകള്‍ ആഘോഷിക്കപ്പെടുകയാണ്,
എന്നാല്‍
.അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്തവനും
വിമര്‍ശനങ്ങളില്‍
മഷി കുടഞ്ഞിടുന്നുണ്ട്,
(തോറ്റൊടുന്ന പട.)

എന്നാല്‍ വിലയിരുതപ്പെടുന്നില്ല.
വിഡ്ഢികള്‍ !!

എന്നിനി ഇവര്‍ സ്വരാക്ഷരങ്ങള്‍ മുതല്‍
വ്യന്ജനാക്ഷരങ്ങള്‍
വായിച്ചു തുടങ്ങും?

മറുപുറം:

കിഴക്കും പടിഞ്ഞാറും
ജെര്‍മ്മനി ഇന്നില്ല.
എന്നേ ,
മതിലുകള്‍ മാറ്റി,
പകരം,
അതിരുകള്‍ക്ക് അപാരത..
***************************************
Thanks Janvi...

ജാന്വിക്കു എന്റെ മറുപടി
------------------------------------------

അങ്ങാടിയില്‍ തോറ്റവര്‍ അമ്മയോട്
എന്ന ചൊല്ല് ജാന്വി കേട്ടിരിക്കുമോ?
അമ്മ ചത്താലും ചിലവു ചോദിക്കുന്ന
പിശാചുകള്‍ വസിക്കുന്ന
ഈ ഭൂമിയില്‍
ജനിച്ചു പോയവര്‍ ചിലരില്‍ നമ്മളും..
നമ്മള്‍ കഴിക്കുന്ന
ശ്വാസം പ്രോജ്വലമാക്കി വിടുന്ന ചൈതന്യം അവരെയും
ബോധവാന്മാര്‍ ആക്കും.
(അല്ലാതെ എവിടെ പോകാന്‍ അല്ലെ?)
ബ്ലോഗുകള്‍ ആഘോഷിയ്ക്കട്ടെ,
നാറാണത്ത് ഭ്രാന്തനമാര്‍ക്ക് ഇനിയും
പ്രതീക്ഷകള്‍ ഉള്ള ഇടമാണ് ഇവിടം..

വാല്‍ കഷണം:

ജര്‍മ്മനിയിലെ മതിലുകള്‍ക്ക്
അപാരതയല്ല
അനന്യതയാണ്.

Tuesday, May 24, 2011

മനുസ്മൃതി
മനുവിന് IQ ഇല്ലെന്നു എല്ലാവരും പറയുന്നു
നക്ഷത്ര കണ്ണുള്ള മനുവിന്..
അവനെ വയറ്റില്‍ ആയിരിക്കുമ്പോള്‍
അവന്റെ അമ്മ കട്ടിലില്‍ നിന്നും വീണപ്പോളാണ്
ക്ഷതം ഏറ്റതെന്നു
അമ്മ പറയുന്നു.

അവന്റെ അച്ഛനും അമ്മയും
മുറ ചെറുക്കനും മുറ പെണ്ണും ആയിരുന്നു.
തമ്മില്‍ ക്രോമസോമുകള്‍
പിണങ്ങിയതെന്നു
ശാസ്ത്രം പഠിക്കാന്‍ പൂനയ്ക്ക് പോയ
ഉണ്ണി പിള്ള അടക്കം പറഞ്ഞു.

കയ്യില്‍ കിട്ടുന്നതെന്തും
മണത്തു നോക്കി വലിച്ചെറിയുന്നു മനു
പൂവിന്റെ മണവും
പൂമ്പാറ്റയുടെ മണവും
ഒന്നല്ലെന്ന് തിരിച്ചറിയും വരെ,

ഭൂമിയ്ക്ക്
മുകളില്‍ ഉള്ളതെല്ലാം അവനു
പൂഴിയുടെ ഗന്ധം..
എന്നെ കാണുമ്പോള്‍ മാത്രം അവന്‍
വെളിച്ചം കണ്ടു .

മനുക്കുട്ടാ, മാമുണ്ണാന്‍ വാ തുറക്കെന്നു
അമ്മ പറയുമ്പോള്‍ മാത്രം ചിരിച്ചു.
(അമ്മയ്ക്ക് അവന്‍ അരുമ)

നഖങ്ങള്‍ കൊണ്ടെന്റെ
മുഖം മാന്തി പൊളിക്കുംപോഴും
മനുവിന്റെ അമ്മ ചിരിക്കും
മനു പാവമാടി, അവനു
നുള്ളാന്‍ പോലും അറിയില്ല..

Monday, May 23, 2011

പൂര്‍ണ്ണം പുണ്യം !!!
ഇന്നലെ വൈശാഘ നാളില്‍, കണ്ണനെ കാണാന്‍
അവരുടെ കൂടെ ഞാനും പോയി.
തിരക്കുണ്ടാവും,പന്തീരടി പൂജ
കഴിഞ്ഞേ ദിവ്യ ദര്‍ശനം സാധ്യമാകൂ എന്നറിഞ്ഞിട്ടും
കൂടെ ഞാനും പോയി.
കാല്‍ നിലത്തിഴയും വിധം തിരക്കുള്ള
ജന മധ്യത്തില്‍ എന്നെയും അവര്‍ ഒഴുകില്‍പ്പെടുത്തി.
" കണ്ണാ കണ്ണാ " ഉരുക്കഴിക്കലുകള്‍ ...
അതിനിടയില്‍
എന്നെ മാത്രം കേള്‍ക്കുമോ കണ്ണന്‍ ?
നിര്‍മ്മാല്യവും വാകച്ചാര്‍ത്തും
കാണാന്‍ സുകൃതം ചെയ്യണം
എന്നവര്‍ ആത്മഗതം പറയുന്നു.
നാലംബലതിലെ മതിലുകള്‍ക്ക് വരെ
വെണ്ണ മണക്കുന്നു ..
നാരായണീയം പാടുന്നു നാരായണ ക്കിളികള്‍
ശ്രീലകം മുഴുക്കെ
സ്വര്‍ണ്ണ വെളിച്ചം വിതറി ചിരിക്കുന്നു
പദ്മ ദളലോചനന്‍ ഭഗവാന്‍
എനിക്കിനി ഒന്നും വേണ്ട
കണ്ണ് നിറഞ്ഞൂ മനവും
മടങ്ങിപ്പോയില്ല, കരളില്‍
മുറിയെടുതൂ കല്യാണരൂപനെ
താമസിപ്പിക്കാന്‍ ..

Wednesday, May 18, 2011

കടക്കെണി
(ആശയം : എന്റെ സുഹൃത്ത് ചന്ദ്രശേഖരിനോട് കടപ്പാട്)


നാട് മുഴുവന്‍ കടം വാങ്ങി അയാള്‍
മിക്സിയും പാലപ്പം ഉണ്ടാക്കുന്ന ചട്ടിയും
അലക്ക് യന്ത്രവും,അരി പൊടിക്കുന്ന സൂത്രവും വാങ്ങി,

മാസ അടവില്‍ ‍അടച്ചാല്‍ മതി എന്ന് പറഞ്ഞു കൊണ്ട്
സുവര്‍ണ്ണ സമ്പാദ്യ പദ്ധതി നിര്‍ബന്ധിച്ചു
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം.
ഈ പരസ്യങ്ങള്‍ !!!

പൊന്നിടാനുള്ള പൂതിയില്‍
അവള്‍ അയാളെ നിര്‍ബന്ധിച്ചു.
പുതിയ ഡിസൈന്‍ ഉള്ള കമ്മലും
പാലയ്ക്കയും,
*സ്നേഹലതയെ പ്പോലെ
മാറി മാറി ഇടാനും.

തട്ടാനെ ചങ്ങലയ്ക്കിട്ട
പത്തു പവനും അവള്‍ കണ്ണടച്ച് തുറക്കും മുന്‍പേ സ്വന്തമാക്കി
സാരിയും,ലാച്ചയും,ലെഗ്ഗിന്സും
ഒന്നാന്തരം തന്നെ വാങ്ങി അവള്‍
പെട്ടിയില്‍ വെച്ചു പൂട്ടി.

അയാള്‍
കടം കയറി മൂക്ക് മുങ്ങിയപ്പോള്‍
അവളും സ്നേഹലതയെ പ്പോലെ
കൈ മലര്‍ത്തി.
കാലത്തുണര്‍ന്നു പശുവിന്‍ പാലില്‍ ബ്രൂക്ക് ബോണ്ട്‌
കലക്കിയ കാപ്പി കൊടുക്കാന്‍ നേരം
അയാളെ കണ്ടില്ല
പകരം പത്തു പവന്‍ മാലയുടെ കൂടെ
അണിയാന്‍ ഇനി സാരി എന്ന് വാങ്ങും
എന്നോര്‍ത്ത് ചങ്കില്‍ കൈ വെച്ചു.

ടെലി ഷോപ്പിംഗ്‌
അരയില്‍ കെട്ടി അരക്കോടി നേടൂ
എന്ന് പറഞ്ഞവര്‍ എന്നെ
കറുത്ത ഏലസ്സ് വാങ്ങാന്‍ നിര്‍ബന്ധിച്ചു.
കരി ഓയിലിന്റെ നിറമുള്ള
ഒരു കരടി
അവന്റെ അനുഭവങ്ങള്‍ പറഞ്ഞത് ഇങ്ങനെ..
(അവന്റെ തലമുടി നിറയെ മുടിക്കായ ഉണ്ടായിരുന്നു)
എന്റെ അമാവന്‍ ചെരുപ്പ് കച്ചവടത്തില്‍
നഷ്ട്ടം വന്നു കുടുമ്പം കുട്ടി ചോറാക്കി
ഈ എലസ്സിന്റെ കാര്യം പറഞ്ഞപ്പോള്‍
അപ്പോള്‍ തന്നെ അരയിലും
കഴുത്തിലും ഈരണ്ടു വീതം കെട്ടി,
അപ്പോള്‍ തന്നെ കാശുകാരനായി.
(ഒരു കുബേരന്‍ ആയാല്‍ ആര്‍ക്കു നഷ്ടം?)
ആര് പറഞ്ഞാലും തല കുലുക്കി
സമ്മതിക്കുന്ന ജനം
അന്നേരം ഇതും തല കുലുക്കി പാസ്‌ ആക്കി.

Monday, May 16, 2011

ബാര്‍ബി ഡോള്‍


ബാര്‍ബി ഡോള്‍
-----------------------
ആദ്യത്തെ പിറന്നാളിന് എന്ത് വേണം എന്ന് അവര്‍ ചോദിച്ചില്ല.
പകരം ചുവന്ന ഉടുപ്പിട്ട മാലാഖയെ പോലുള്ള
ചിരിക്കുന്ന ബാര്‍ബി ഡോള്‍ എനിക്ക് തന്നു കൊണ്ട്
മമ്മിയും ഡാഡിയും
പിറന്നാള്‍ ഉമ്മ തന്നു.
"ഷെയിപ്പ്" ഇപ്പോള്‍ തന്നെ ബോര്‍ ആയി തുടങ്ങി എന്ന് പറഞ്ഞു
എനിയ്ക്ക് അവകാശപ്പെട്ട മുലയ്ക്കു പകരം
കുപ്പി നീട്ടി.
DNA ടെസ്റ്റ്‌ നടത്തി എന്നെ ഡാഡിയും മമ്മിയും വീണ്ടെടുത്തപ്പോള്‍
ദഹിയ്ക്കാത്ത ഒരു ജീന്‍ എന്റെ തൊണ്ടയില്‍ കിടന്നത്
തുപ്പിക്കളഞ്ഞു..ഇന്റര്‍വ്യൂ.
------------------

അവര്‍ക്ക് അറിയേണ്ടത് പോളണ്ടിന്റെ തലസ്ഥാനവും
നിക്കലിന്റെയ് രാസ നാമവും ആയിരുന്നു.
മൂത്രം ഒഴിക്കാന്‍ നേരം മാത്രം
രാത്രി കൊണ്ട് നടക്കാറുള്ള
ടോര്‍ച്ചു സെല്ലില്‍ നടക്കുന്ന രാസപരിണാമം
എന്തെ, എന്നോട് ചോദിച്ചത് എന്ന് എനിക്കറിയില്ല
സോപ്പ് കമ്പനിയിലെ
സെക്യൂരിടിക്കാരന്റെ അറിവുകള്‍
നിചപ്പെടുത്തിയ പണ്ഡിതര്‍
ഇത് കാണാതെ പോകട്ടെ.രാജന്‍ എന്ന എന്ജിനീയറിംഗ് വിദ്യാര്‍ഥി
---------------------------------------------------------------

അവര്‍ എന്നെ കക്കയം ക്യാമ്പില്‍
കൊണ്ട് പോയി.
കാലിലും ദേഹത്തും ലാത്തി ഉരുട്ടീ ക്കയറ്റി.
മൂത്രനാളിയില്‍ ഈര്ര്‍ക്കില്‍ തുളച്ചു ക്കയറ്റി ക്കൊണ്ട് അവര്‍
കിതച്ചു.
ശങ്കരാഭരണം രാഗം ഒരിയ്ക്കല്‍ കൂടി പാടാന്‍ അവര്‍ആക്രോശിച്ചു.
അനക്കമില്ലാതിരുന്ന എന്നെ
അവര്‍ ചാക്കില്‍ കെട്ടി പച്ചയ്ക്ക് കുഴിച്ചിട്ടു.
ഞങ്ങള്‍ക്കും ജീവിച്ചു കാണിച്ചു കൊടുക്കണ്ടേ എന്ന്
പറഞ്ഞത് ഞാന്‍ പിന്നെ കേട്ടതേ ഇല്ല.

Sunday, May 15, 2011

മേരാനാം ജോക്കര്‍ !! ( मेरा नाम जोक्कर )
കുപ്പിവള ആയാലും, ചറ പറാന്നു പൊട്ടുമ്പോള്‍ ആരും ഒന്നു ഞെട്ടും.
ഈയിടെ തൃശൂര്‍ പൂരത്തിന് കതിന പൊട്ടിയപ്പോഴും, ലാദന്റെ തലയില്‍ വെടി പോട്ടിച്ചെന്നു അറിഞ്ഞപ്പോഴും നമ്മള്‍ ഭേഷായോന്നു ഞെട്ടി.
ജപ്പാനില്‍ സുനാമിയും ഭൂമി കുലുക്കവും ഒന്നിച്ചു "പൊട്ടിയപ്പോള്‍"
നമ്മള്‍ രണ്ടു തവണ പടപടാന്നു ഞെട്ടി.
ഊര്ധം വലിച്ചു കിടക്കുന്നു ബാബ, എന്നറിഞ്ഞപ്പോള്‍ നമ്മള്‍ ഒന്നു ആഞ്ഞു ഞെട്ടി.

ഈ ഞെട്ടലിന്റെ ആഘാതത്തില്‍ നിന്നും വിടുതല്‍ കിട്ടാന്‍ നമ്മള്‍ "ഞെട്ടോ തെറാപ്പി " പരീക്ഷിച്ചു ചെയ്തു നോക്കിയിട്ടും കിം ഫലം !!!

" മച്ചൂ, ഞാന്‍ ഭയങ്കര സംഭാവാട്ടാ .. ""എന്ന് കൊട്ടി നടന്ന ഒരു പാവം താരത്തിന്റെ വിവാഹ വാര്‍ത്ത കേട്ട്
സുന്ദരിപ്പെണ്ണുങ്ങള്‍ ഉള്‍പ്പടെയുള്ള ആരാധക വൃന്ദങ്ങള്‍ ഒരു അഴ കൊഴമ്പന്‍ ഞെട്ടല്‍ രേഖപ്പെടുത്തിക്കൊണ്ട് തല്‍ക്കാലത്തെ ചളിപ്പ് മറച്ചു..(ഈ ചെക്കന്‍മാരൊക്കെ ഇങ്ങനെ താലി കെട്ടി ഞെട്ടിച്ചാല്‍ നാട്ടിലുള്ള പെണ്ണുങ്ങള്‍ എങ്ങിനെ ജീവിയ്ക്കും ? ശിവ ശംഭോ. !!!!! )
ഇങ്ങനെ അന്തമില്ലാതെ ഞെട്ടി ഞെട്ടി, നെഞ്ചിലെ മെടുല്ല ഒബ്ലോങ്ങട്ട തകരാന്‍ ഇനിയും ജീവിതം ബാക്കി കിടപ്പുണ്ട്...

വോട്ട് പെട്ടികള്‍ തുരുതുര പൊട്ടിക്കുമ്പോള്‍ ചങ്ക് ഇടിക്കുന്നവരും
ചങ്കില്‍ ഇടിക്കുന്നവരും, കാതോര്‍ത്തു നില്‍ക്കുന്നു.

അഞ്ചു വര്ഷം "കിളയ്ക്കാന്‍ " ഭാഗ്യം ലഭിയ്ക്കുന്ന അനവധി പേരില്‍ ഒരാള്‍ "ഞാനോ അതോ അവനോ?"

കള്ളനു കഞ്ഞി വെക്കുന്നവനും,
ഗുരുവായൂര്‍ കണ്ണന് പാം ഓയില്‍ കൊണ്ട് തുലാഭാരം, .
ഗീ വര്‍ഗീസ് പുണ്ന്യാളന് സ്വര്‍ണ്ണക്കുന്തം,
ചന്ദനക്കുടത്തിനു അന്ന് നൂറ്റൊന്നു പേര്‍ക്ക് കോഴീന്റെ ബിരിയാണീം നേര്‍ന്നു കൊണ്ട് കൂടെ ഉണ്ട്.
(" യേതു മോന്റെ മോനാണ് സഹായം ചെയ്യുക എന്ന് ഇപ്പൊ പറയാന്‍ വയ്യാലോ "
- "ആരോമലുണ്ണി" എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനു മുന്നേ എല്ലാ ആരാധനാലയങ്ങിലും പോയി പ്രാര്‍തിച്ച കുഞ്ചാക്കോ, വയലാറിനോട് പറഞ്ഞതിനോട് കടപ്പാട് )

ഇക്കാര്യത്തിലെങ്കിലും ഒരു കൂട്ടായ്മ പ്രഖ്യാപിച്ചു കൊണ്ട് പാവം സ്ഥാനാര്‍ഥികള്‍.
ആത്മഗതം:
ആന ചെരിഞ്ഞാലും ഇല്ലേലും പന്തീരായിരം എന്ന് പറഞ്ഞത് പോലെ.ഇതുങ്ങള് ജയിച്ചാലും തോറ്റാലും മനുഷ്യന് ചെവി തല കേപ്പിക്കൂലാ.

(ഈശ്വര!!! ജീവന്‍ വേണേല്‍ പാഞ്ഞോളൂ...)

ഈയിടെ ഈ ഉള്ളവളും ഞെട്ടുന്നു, ഉറക്കത്തിലും ഉണരുമ്പോളും ,പിന്നെ, ഒന്നിനും രണ്ടും പോകുമ്പോള്‍ വരെ ഞെട്ടുന്നു.
കുളിയ്ക്കുമ്പോള്‍,തുണി മാറുമ്പോള്‍ ഞെട്ടുന്നത് വേറെയും..

ജീ മെയില്‍ തുറന്നാല്‍ വ്യാജന്മാരുടെ പെരുന്നാള്‍ ആണ്.
പരിചയപ്പെടണം എന്ന് പറഞ്ഞു"ഒരുത്തി" (ഒരുത്തനോ )ഒറ്റക്കാലില്‍ നില്ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി,അവള്‍ ഫോണ്‍ നമ്പര്‍ വരെ തരാന്‍ മഹാമനസ് കാണിച്ചിട്ടുണ്ട്.(എത്ര ഉദാര മതികള്‍ പെണ്ണുങ്ങള്‍ )

"വേറെ ഒരുത്തന് " പ്രേമിച്ചാല്‍ മതി.. ..ബാക്കി അവന്‍ നോക്കാമെന്ന് .ഒളിച്ചോടാം എന്ന് വരെ ആലോചന വന്നിട്ടുണ്ട്..

സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന് അവകാശപ്പെട്ടു കൊണ്ട് വേറെ ഒരുത്തി , അസാരം രസികത്തി തന്നെ..(MATRIMONAILIL നിരങ്ങി നടക്കുന്നവര്‍ക്ക് പ്രയോജനപ്പെട്ടേക്കാം)
അവള്‍ നിസ്വാര്‍ത്ഥ ആണെന്ന് സ്വയം അവകാശപ്പെടുക കൂടി ചെയ്യുന്നുണ്ട്...

*താല്‍പ്പര്യമുള്ള സന്തോഷ്മാധവന്മാര്‍ക്കും നളിനി ജമീലമാര്‍ക്കും " ഇത്തരക്കാരുടെ" " രഹസ്യ നമ്പരുകള്‍ കൈ മാറുന്നതാണ്..

വേറൊരു നിഷ്കാമ മോഹി അവളുടെ ബ്ലോഗില്‍ വരണം എന്ന് ( പ്രതിഫലെച്ച കൂടാതെ ) ഡിമാണ്ട് ചെയ്യുക കൂടി ചെയ്തപ്പോള്‍ അടിയന്റെ സമ നില തെറ്റി.

"മേരാനാം ജോക്കര്‍ "എന്ന ഹിന്ദി പടത്തില്‍ അഭിനയിക്കാന്‍ എന്റെ അമ്മൂമ്മയെ വിളിച്ചിട്ട് പോകാന്‍ ഒത്തില്ല.
"ഒളുക്ക്, ചക്ക മടല് തിന്നു തൂറല് പിടിച്ചു പത്തീസം ICU വില്‍ ആര്‍ന്നു..അതാ പിന്നെ പദ്മിനിയെ വിളിച്ചേ.."
ഈ മട്ടില്‍ ഞഞ്ഞാ മുഞ്ഞാ പറഞ്ഞു വരുന്ന കോതകളും ഉണ്ട്.
(കോതണ്ട രാമന്മാരും )

ഇന്ന് സൂക്ഷിച്ചാല്‍ നാളെ ദുഖിയ്ക്കണ്ട.
അധികം പറഞ്ഞു ദീര്‍ഘിപ്പിക്കുന്നില്ല .
വഴി തെറ്റി വന്നതാണെന്ന് ബോധ്യം വന്നിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് STAND വിട്ടു പോകേണ്ടതാണ്...

എഴുതാപ്പുറം: സിസ്റ്റര്‍ ഏലിയാമ്മ ഗബ്രിയോ കാപ്രികോ ഡിസൂസ, അല്ലെങ്ങില്‍ പാലാരിവട്ടം ഗോമതി (പാലാരിവട്ടം ശശിയുടെ സ്ത്രീ ലിന്ഗ വചനം ) ഈ പേരില്‍ ഏതെങ്കിലും ഒരു അനുബന്ധ ബ്ലോഗ്‌ തുടങ്ങാന്‍
അടിയനു പ്ലാന്‍ ഉണ്ട്. സഹകരിയ്ക്കുമലോ.?

Wednesday, May 11, 2011

കാട്ടുതീയുടെ മണമുള്ള നാലുപേര്‍
കച്ചവടം
------------
ഒറ്റക്കാതുള്ള കുതിരയെ വില്‍ക്കാന്‍ വെച്ചിരിക്കുന്നു.
ഞാന്‍ ചോദിച്ച വില കേട്ട് എന്നെ
കടക്കാരന്‍ ആട്ടി.
കാതില്ലേലും,നടക്കാന്‍ നാല് കാലില്ലെ എന്നവന്‍
ചോദിച്ചത് എന്നെ നോക്കിയാണോ?

******************************************************
സ്ത്രീ
-------
തൊണ്ട ഓപ്പറേഷന്‍ കഴിഞ്ഞ അച്ചാമ്മയുടെ
തൊണ്ടക്ക് നാല് തുന്നല്‍ ഇട്ടിട്ടും
കുപ്പിയുടെ വായ തുറന്ന പോലെ !!
ശ്വാസം വിടാന്‍ നേരം,
മക്കളെ ചീത്ത വിളിക്കാന്‍ നേരം
തുളയുള്ള തൊണ്ട, വിരല്‍ കൊണ്ടമര്‍ത്തി
ഉച്ചത്തില്‍ അമറും
"ആറാം തമ്പത്തില്‍ പൊറന്ന നായിന്റെ മക്കളെ.."

************************************************************
കമ്പോള നിലവാരം
---------------------------
അവര്‍ ,പണി തരാം,തുണി തരാം എന്ന് പറഞ്ഞെന്നെ
നഗരത്തിലേക്ക് വിളിച്ചു,
തുണി ഉടുക്കാത്ത നഗര വാസികള്‍
എന്നെ കണ്ടില്ലെന്നു നടിച്ചു,
ആമാശയത്തിലെ, അഗ്നിയും
അടുപ്പിലെ കനലും
ചേര്‍ത്ത യാന്ത്രീകൊര്‍ജ്ജം, എന്നെ രാസോര്‍ജ്ജമാക്കി.
ഞാന്‍,
എല്ലാവരും ഉറക്കമായ ശേഷം
വഴി വക്കില്‍ കാത്തിരുന്നു.
നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു പോകുന്ന
സിഫിലീസു പിടിച്ച
കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍
മാത്രമേ എന്നെ തേടി വന്നുള്ളൂ..
***************************************

വയസ്സന്‍
--------------
ചുളുങ്ങിയ ദേഹവും,
ഇരുമ്പിന്റെ ശക്തിയും ഉള്ള ആളായിരുന്നു അയാള്‍,
ചിരിക്കുമ്പോള്‍ മുന്‍ നിരയിലെ
നിര ഇല്ലാത്ത പല്ലുകള്‍ പുറത്തു കണ്ടു,
അരയില്‍ ഊഷ്മാവ്
നൂറും കവിഞ്ഞു.
തീ പിടിച്ച ചോരയ്ക്ക്,
തടം കെട്ടാനറിയാതെ ..
വിറയ്ക്കുന്ന വിരലുകള്‍
അവളുടെ നെഞ്ചില്‍ അമര്‍ത്തി,വയസ്സന്‍ ചിരിച്ചു,
നിനക്ക് ഇത് എത്രയാ" ?

Tuesday, May 3, 2011

രണ്ടാമൂഴം എന്ന സിനിമ
രണ്ടാമൂഴം" സിനിമ ആക്കുന്നു എന്ന വാര്‍ത്തയും
ആരോക്കെയാവാം അതില്‍ അഭിനയിക്കുക എന്ന അഭ്യൂഹവും
ഈയിടെ കാണുന്നു.

ഈ നോവല്‍ ഇറങ്ങിയ സമയം എം ടീ ഇത് സിനിമ ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു.
ഒന്നാമത് ഉത്തരേന്ത്യന്‍ സോപ്പ് പോലെ വര്‍ണാഭമായ പശ്ചാത്തലമല്ല
ഇതില്‍ ഉള്ളതെന്നും കണ്ണഞ്ചിപ്പിക്കുന്ന വിഭൂഷണങ്ങള്‍ ഉള്ള ചിത്രണം അല്ല ഇതില്‍ കഥാ പാത്രങ്ങള്‍ക്ക് ഉള്ളതെന്നും, അത് കൊണ്ട് തന്നെ സിനിമ ആക്കിയാല്‍ രണ്ടാമൂഴതോട് നീതി പുലര്‍ത്താന്‍ കഴിയില്ലെന്നും ആണ് അന്ന് അദ്ദേഹം പറഞ്ഞത്.
എന്തോ, സിനിമ ആക്കുന്നെന്നു ഈയിടെ വാര്‍ത്ത കണ്ടു.
അപ്പോള്‍ ആര് ഒക്കെ അഭിനയിക്കണം എന്ന്, രണ്ടാമൂഴം"
വായനക്കാര്‍ ചര്‍ച്ച ചെയ്യുക സ്വാഭാവികം..
കൂടുതല്‍ പേരും നിര്‍ദേശിച്ചത് ഭീമന്‍ ആയി അഭിനയിച്ചാല്‍ നന്നാവുക ഇവരാണ്.
മോഹന്‍ ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ഈ മൂന്നു പേരുടെ പേരാണ് ഭീമന്‍ ആയി അഭിനയിക്കാന്‍ നിര്‍ദേശിച്ചു കാണുന്നത്..
(എം ടീ -ഹരിഹരന്‍ ടീം ചര്‍ച്ചകള്‍ നടത്തുന്നതെ ഉള്ളൂ..)
പന്ത്രണ്ടാം വയസു മുതലാണ്‌ ഇതില്‍ കഥാ പാത്രങ്ങള്‍ കൌമാരം കടക്കുന്നതും യൌവനത്തില്‍ പ്രവേശിക്കാന്‍ തുടങ്ങുന്നതും.
ദ്രൌപതിയെ വിവാഹം ചെയ്യുന്ന പാണ്ഡവര്‍ പൂര്‍ണ്ണ യൌവനത്തില്‍ പ്രവേശിച്ചിരുന്നു..
ഭീമന്‍ ബലന്ധരയെ പാണി ഗ്രഹണം ചെയ്യുമ്പോഴേക്കും അയാള്‍ ഒരു പുരുഷനായി കഴിഞ്ഞിരുന്നു..
(വയസു അപ്പോള്‍ ഭീമന് വെറും 16 ).
രണ്ടാമൂഴതിലെ കാല്‍ ഭാഗം ഇവരുടെ ചെറുപ്പ കാലത്ത് നടക്കുന്ന സംഭവങ്ങളാണ്..
16 വയസായ "ബാലനായ" മമ്മൂട്ടി, ലാല്‍, സുരേഷ് ഗോപി ഇവരെയൊക്കെ ഭീമനായി മനസ്സില്‍ വരച്ചു നോക്കി. ഞാന്‍..
കിം കരണീയം.?
12 വയസ് മുതല്‍ മഹാ പ്രസ്ഥാനം പ്രാപിക്കും വരെ ഏതാണ്ട് 40
വയസ് വരെയുള്ള കര്‍മ്മ മണ്ഡലമാണ് ഈ കഥാ പാത്രങ്ങള്‍ക്ക് ജീവന്‍ പകരേണ്ടത്.
കഴിവതും ഒറ്റ അഭിനേതാവിനെ ക്കൊണ്ട് തന്നെ അഭിനയിപ്പിച്ചു കൊണ്ടുള്ള പൂര്‍ണ്ണത കൈ വരുത്തല്‍ .
(തീരെ ചെറിയ കുട്ടികള്‍ ആയിരിക്കുമ്പോള്‍ ഉള്ള ഭാഗം അല്ല ഉദ്ദേശിക്കുന്നത്.
പാണ്ടുവിന്റെ മരണ ശേഷം കൊട്ടാരത്തിലേക്ക് വരുന്ന വിധവയായ കുന്തിയെ അനുഗമിച്ച കുഞ്ഞുങ്ങളുടെ ഭാഗം ഒഴിച്ച്,
ആയുധ അഭ്യാസം ചെയ്യുന്ന കൌമാരക്കാര്‍ മുതല്‍ ഒറ്റ നടനെ ക്കൊണ്ട് അഭിനയിപ്പിക്കല്‍.
(റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ "ഗാന്ധി" ഓര്‍ക്കുക)
ആരൊക്കെ അഭിനയിക്കും എന്നൊന്നും ഇത് വരെ അറിവായിട്ടില്ല..
എന്നാലും ആളുകള്‍ അവര്‍ക്ക് ഇഷ്ട്ടപ്പെട്ട നടന്മാരുടെ പേര് പറഞ്ഞു സായൂജ്യം അടയുന്നു.. അതിന്റെ വ്യാപ്തി മനസിലാക്കാതെ.
ചര്‍ച്ച നടക്കട്ടെ.
പറ്റിയ നടന്മാരെ കണ്ടെത്തട്ടെ..
അവസാനം എഴുന്നെറ്റവന്‍ കട്ടിലൊടിച്ചു എന്ന് പറയിക്കരുത്.

ഹരിഹരന്‍, എം ടീയെ അല്ലാതെ വേറെ ഒരു തിര കഥ കൃതുമായി അത്ര രസത്തില്‍ അല്ലയോ ആവോ?
നാളിതു വരെ ആശാന്‍ മറ്റു എഴുത്തുകാരോട് അയിത്തം കല്‍പ്പിച്ച മട്ടോ, അതോ ഹരിഹരനോട് മറ്റു എഴുത്തുകാര്‍ അയിത്തം കല്പ്പിച്ചതോ, എന്തോ,
1979 മുതല്‍ എം ടീ യുമായുള്ള കൂട്ട് കെട്ട് "ശ്ശി" പിടിച്ച മട്ടാണ് കക്ഷിക്ക്..
പ്രേപൂജാരി എന്ന തല്ലിപ്പൊളി പടം എടുത്ത്‌ കൈ പോള്ളിയതിനു ശേഷം പിന്നെ ആശാനെ കണ്ടു കിട്ടിയത് ഈയിടെ.
ഇടയ്ക്ക് "മയുഖം "എടുത്ത്‌എങ്കിലും
അത്രയ്ക്കങ്ങോട്ട് ആളുകള്‍ വക വെച്ചു കൊടുത്തും ഇല്ല..
(ഒരു മുപ്പത് വര്ഷം മുന്പ് ഇറങ്ങേണ്ടി ഇരുന്ന സിനിമ.
മദനോത്സവം, ശാലിനി എന്റെ കൂട്ടുകാരി....നായികമാര്‍ക്ക് മഹാരോഗം വന്നു മരിക്കുന്ന കരള്‍ അലിയിക്കുന്ന കഥകള്‍.)
മലയാളത്തിന്റെ മാര്‍കെറ്റ് എന്താണെന്ന് ഹരിഹരന്‍ മറക്കുന്നു. എം ടീ എന്ന
മഹാ വൃക്ഷ തണലില്‍ ഇരുന്നു പടം പിടിക്കുമ്പോള്‍.

എന്നാല്‍ പടിക്കല്‍ ചെന്ന് കലം ഉടച്ചു പഴശ്ശിരാജയില്‍".
ടിപ്പുവുനു എതിരായുള്ള പടനീക്കതിന്റെ സൂചന പറയാതെ, ആദ്യ ഭാര്യെ ക്കുറിച്ച് ലവ ലേശം പറയാതെ, സഹോദരങ്ങളെ ക്കുറിച്ച് പറയാതെ ഒരു ത്രികോണ പടയോട്ടമായി പഴശ്ശിയെ ഭീമന്റെ/ ചന്ദുവിന്റെ
പരിചേദം ആക്കി മാറ്റാന്‍ എം ടീ ശ്രമിച്ചു എന്ന് പരക്കെ ആക്ഷേപം ഉണ്ടായി..

പഴശ്ശിരാജയില്‍ ഒരു വേള ശരത് കുമാറും സുമനുമായുള്ള ഒരു സംഭാഷണം വരെ ഭീമന്റെതാണ്.(ദുര്യോധനന്‍- ഭീമന്‍ സംഭാഷണം )
മൃഗയയില്‍ ഏര്‍പ്പെടുന്ന ഈ യുവാക്കള്‍ ഭക്ഷണത്തിനായി ഇടവേള പങ്കു വെക്കുന്ന സമയം പറയുന്ന അതെ സമാനമായ സംഭാഷണം..

" പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല"
എന്ന് പറയിക്കാന്‍ ഇട വരുതാതിരിക്കട്ടെ ഈ കൂട്ട് കെട്ട്..

Monday, May 2, 2011

ഹീമോഫീലിയ
ഹീമോഫീലിയ എന്ന ഭയങ്കര രോഗത്തെ ക്കുറിച്ച് കുട്ടി ആയിരിക്കുമ്പോ വല്യ അറിവുണ്ടായിരുന്നില്ല.
കൊറേ കളിക്കുക, കിടക്കുക, ഉണ്ണുക, പിന്നേം കളിക്കുക, ഈ വിചാരം അല്ലാതെ പിന്നെ വേറെ എന്താ?

ഇത് പറയാന്‍ കാരണം ഉണ്ട്.

ന്റെ വീട്ടില്‍ ഇടക്ക് വേലക്കാരിങ്ങനെ മാറി മാറി വരും.
അമ്മയ്ക്ക് ആരേം പിടിക്കില്ലെന്നാണ് അമ്മൂമ്മ പറയുക,
കുട്ടി ആയിരിക്കുന്ന സമയം, ദേഹം മുഴുവന്‍ ചൊറിയും ചിരങ്ങും കാരണം കൈ കൊണ്ട് തൊടാന്‍ അറയ്ക്കുന്ന എന്നേം ചേച്ചിയേം അമ്മൂമ്മ ഇഞ്ചയും ,ആര്യ വെപ്പും കൊണ്ട് തേച്ചു
കുളിപ്പിക്കും.
കുരുമുളകിന്റെയ് വലിപ്പത്തിലുള്ള ചൊറിയില്‍ ഇഞ്ച ചേര്‍ത്ത് ഉരയ്ക്കുമ്പോള്‍ വേദന കൊണ്ട് കരയുന്ന എന്നെ നോക്കി ചിരിച് തല തല്ലുന്ന ചേച്ചി.
എന്റെ ഊഴം കഴിഞ്ഞാല്‍ അവരുടെതാനെന്ന ബോധം ഉണ്ടാകുമായിരുന്നെങ്ങില്‍ ഇത്ര അധികം ചിരിക്കില്ലായിരുന്നെന്നു ഓര്‍ക്കും, കരയുന്ന ഞാന്‍ .

ചൊറി പിടിച്ച പിള്ളാരേം, പശൂനേം അമ്മയ്ക്ക് ഒരുമിച്ചു നോക്കാന്‍ വയ്യഞ്ഞത് കൊണ്ട് ഞങ്ങളെ നോക്കാന്‍ തങ്കമ്മയെ കൊണ്ട് വന്നു .

തങ്കമ്മയ്ക്ക് പണി എടുക്കാന്‍ വയ്യെന്ന് അമ്മ പരാതി പറയും..
കാലിലെ ചെറു വിരല്‍ കാണിച്ചിട്ട്.
" പണി എടുക്കാന്‍ വയ്യ തങ്കമ്മൂന്‌ , വെള്ളം തൊട്ടാല്‍ നീറും എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളെ ചെറു വിരല്‍ തൊട്ടു കാണിയ്ക്കും..

ഏത് നേരവും കരയുന്ന ഒരു കുട്ടി തങ്കമ്മയുടെ ഒക്കത്തുണ്ടാകും.
അവളെ എടുത്ത് കൊണ്ട്, തങ്കമ്മു അലക്കും, പാത്രം കഴുകും,
മുറ്റം അടിക്കും.
വാ തോരാതെ കരയുന്ന കുഞ്ഞിനെ വെച്ചു പണി എടുക്കുന്ന അവരൊട്
" നീ പണി അവിടെ ഇട്ടേച് ആ കുട്ടീടെ കരച്ചില്‍ നിര്‍ത് " എന്ന് അമ്മൂമ്മ പറഞ്ഞു കഴിഞ്ഞാല്‍
പിന്നെ തങ്കമ്മൂന്റെ പൊടി പോലും കാണില്ല..

കറവക്കാരന്‍ വരാറായി, പശൂനെ മാറ്റി കെട്ടിയില്ലേ, ഇത് വരെ എന്ന് അമ്മ തങ്കമ്മുവിനെ അന്വേഷിച്ചാല്‍ കാണില്ല..
തല്ലി തേങ്ങ അന്വേഷിച്ചു നടക്കുന്ന ഞാന്‍ പക്ഷെ കണ്ടു പിടിക്കും തങ്കമ്മുവിനെ..
തൊഴുത്തിന്റെ പിന്നില്‍ പുക ഉയരുന്നത് കണ്ട്‌
കാര്യം അന്വേഷിക്കുന്ന ഞാന്‍ അന്ധാളിക്കുന്നു.
തങ്കമ്മ ബീഡി വലിക്കുകയാണ്‌.
"അമ്മയോട് പറയല്ലേ, കുഞ്ഞേ, പല്ല് വേദനിചിട്ടാ. ...

എന്നിട്ട് ചില്ലറ നീട്ടി കൊണ്ട് പറയും.
ശര്‍ക്കര മുട്ടായി വാങ്ങിക്കോ ..
ഒരു കെട്ട് കാജാ ബീഡിയും..
ഒരു ശര്‍ക്കര മുട്ടായിയുടെ പൂര്‍ണ്ണ രൂപം ഇത് വരെ കണ്ടിട്ടില്ലാത്ത എനിക്ക് ഇത്തരം പ്രലോഭനങ്ങള്‍ ഇത് ആദ്യം..

ഇങ്ങനെ പല തവണ അവര്‍ക്ക് പല്ല് വേദന വന്നിരുന്നു...

"അയിനാരാ കുട്ടീടെ വീട്ടിലിപ്പോ , കാജാ ബീഡി വലിക്കാന്‍.?എന്ന് ചോദിക്കുന്ന കടക്കാരനോട്
വിരുന്നുകാരുന്ടെന്നു പല തവണ കള്ളം പറഞ്ഞു.
ഇങ്ങനെ ശര്ക്കാര മുട്ടായിയെ പൂര്‍ണ്ണ രൂപത്തില്‍ പല തവണ ഞാന്‍ കണ്ടു.

തങ്കമ്മുവിന്റെ കുട്ടീനെ എടുക്കാന്‍ വല്യ ഇഷ്ടമായിരുന്നു എനിക്ക്,
എന്നാല്‍ വേലക്കാരുടെ കുട്ടികളെ എടുക്കരുതെന്ന് പറയും ചേച്ചി.


എന്നാലും ,എല്ലാവരുടെയും കണ്ണ് വെട്ടിച്ചു കുട്ടിയെ ഒരിക്കല്‍ എടുത്തു..

നന്ദ്യാര്‍ വട്ടത്തിന്റെ ചോട്ടില്‍ ഇരുന്നു ഞങ്ങള്‍ കല്ല് കളിച്ചു.
അവള്‍ ചിരിക്കുന്നത് കണ്ട്‌ ഞാന്‍ നിര്‍വൃതി അടഞ്ഞു.

എപ്പോഴോ, കളിക്കിടയില്‍ അവളുടെ ദേഹം വിറയ്ക്കുന്നത് കണ്ട്‌,ഞാന്‍ പരിഭ്രമിച്ചു.
കുട്ടി അമ്മയെ വിളിച്ചു കരഞ്ഞു
പരിഭ്രമിച്ച കുട്ടിയുടെ ദേഹം ചോര കൊണ്ട് കുളിച്ചിരിക്കുന്നു.
"ന്റെ കുട്ടിയ്ക്ക് എന്തായി എന്ന് കുട്ടിയെ വാരി എടുത്തു പൊട്ടിക്കരഞ്ഞ തങ്കമ്മ എനിക്ക് ഇന്നും ഓര്‍മ്മ ചിത്രം..
തല്‍ക്കാലത്തെ പ്രഥമ ശുശ്രൂഷ കൊടുത്തെങ്കിലും രക്തം ഒഴുക്ക് പൂര്‍ണ്ണമായും നിലച്ചിരുന്നില്ല..
പിറ്റേ ദിവസം കുട്ടിയെ കൊണ്ട് പോയ തങ്കമ്മു പിന്നെ തിരികെ വന്നില്ല.
സുനു എന്ന് വിളിച്ചിരുന്ന കുട്ടി ജീവിതത്തിലേക്കും .

ന്റംമൂമ്മേ , കുട്ടീന്റെ ദേഹം കയറ്റി കൊണ്ടോകാന്‍ വണ്ടി കിട്ടാഞ്ഞ് ഞാന്‍, ഒറങ്ങുന്ന കുട്ടീനെ എടുക്കും പോലെ ന്റെ കുട്ടീനെ എടുത്ത്‌ കൊണ്ട് പോയെ..

നാള്‍ കുറെ കഴിഞ്ഞ അമ്മൂമ്മയെ കാണാന്‍ ഒറ്റയ്ക്ക് വന്നപ്പോള്‍ അവര്‍ പിന്നെയും കരയുന്നുണ്ടായിരുന്നു.

" ഈ കുട്ടീനെ ഇടക്ക് അവള്‍ ചോദിക്കുമായിരുന്നു..
പക്ഷെ, ഓര്‍മ്മ പോയെര്‍ന്നു..
ഒരു ഓര്‍മ്മ തെറ്റ് പോലെ നിന്ന എന്നെ അടുത്ത് നിര്‍ത്തി കൊണ്ട്
അവര്‍ പറഞ്ഞു.
*************************************

ഹീമോഫീലിയ എന്ന ഭയങ്കര രോഗത്തില്‍ സുനുവിനെ പ്പോലെ ജീവന്‍ നഷ്ടമായ മനുഷ്യ ജീവനുകള്‍ക്ക് ആദരവ്