Monday, May 2, 2011

ഹീമോഫീലിയ




ഹീമോഫീലിയ എന്ന ഭയങ്കര രോഗത്തെ ക്കുറിച്ച് കുട്ടി ആയിരിക്കുമ്പോ വല്യ അറിവുണ്ടായിരുന്നില്ല.
കൊറേ കളിക്കുക, കിടക്കുക, ഉണ്ണുക, പിന്നേം കളിക്കുക, ഈ വിചാരം അല്ലാതെ പിന്നെ വേറെ എന്താ?

ഇത് പറയാന്‍ കാരണം ഉണ്ട്.

ന്റെ വീട്ടില്‍ ഇടക്ക് വേലക്കാരിങ്ങനെ മാറി മാറി വരും.
അമ്മയ്ക്ക് ആരേം പിടിക്കില്ലെന്നാണ് അമ്മൂമ്മ പറയുക,
കുട്ടി ആയിരിക്കുന്ന സമയം, ദേഹം മുഴുവന്‍ ചൊറിയും ചിരങ്ങും കാരണം കൈ കൊണ്ട് തൊടാന്‍ അറയ്ക്കുന്ന എന്നേം ചേച്ചിയേം അമ്മൂമ്മ ഇഞ്ചയും ,ആര്യ വെപ്പും കൊണ്ട് തേച്ചു
കുളിപ്പിക്കും.
കുരുമുളകിന്റെയ് വലിപ്പത്തിലുള്ള ചൊറിയില്‍ ഇഞ്ച ചേര്‍ത്ത് ഉരയ്ക്കുമ്പോള്‍ വേദന കൊണ്ട് കരയുന്ന എന്നെ നോക്കി ചിരിച് തല തല്ലുന്ന ചേച്ചി.
എന്റെ ഊഴം കഴിഞ്ഞാല്‍ അവരുടെതാനെന്ന ബോധം ഉണ്ടാകുമായിരുന്നെങ്ങില്‍ ഇത്ര അധികം ചിരിക്കില്ലായിരുന്നെന്നു ഓര്‍ക്കും, കരയുന്ന ഞാന്‍ .

ചൊറി പിടിച്ച പിള്ളാരേം, പശൂനേം അമ്മയ്ക്ക് ഒരുമിച്ചു നോക്കാന്‍ വയ്യഞ്ഞത് കൊണ്ട് ഞങ്ങളെ നോക്കാന്‍ തങ്കമ്മയെ കൊണ്ട് വന്നു .

തങ്കമ്മയ്ക്ക് പണി എടുക്കാന്‍ വയ്യെന്ന് അമ്മ പരാതി പറയും..
കാലിലെ ചെറു വിരല്‍ കാണിച്ചിട്ട്.
" പണി എടുക്കാന്‍ വയ്യ തങ്കമ്മൂന്‌ , വെള്ളം തൊട്ടാല്‍ നീറും എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളെ ചെറു വിരല്‍ തൊട്ടു കാണിയ്ക്കും..

ഏത് നേരവും കരയുന്ന ഒരു കുട്ടി തങ്കമ്മയുടെ ഒക്കത്തുണ്ടാകും.
അവളെ എടുത്ത് കൊണ്ട്, തങ്കമ്മു അലക്കും, പാത്രം കഴുകും,
മുറ്റം അടിക്കും.
വാ തോരാതെ കരയുന്ന കുഞ്ഞിനെ വെച്ചു പണി എടുക്കുന്ന അവരൊട്
" നീ പണി അവിടെ ഇട്ടേച് ആ കുട്ടീടെ കരച്ചില്‍ നിര്‍ത് " എന്ന് അമ്മൂമ്മ പറഞ്ഞു കഴിഞ്ഞാല്‍
പിന്നെ തങ്കമ്മൂന്റെ പൊടി പോലും കാണില്ല..

കറവക്കാരന്‍ വരാറായി, പശൂനെ മാറ്റി കെട്ടിയില്ലേ, ഇത് വരെ എന്ന് അമ്മ തങ്കമ്മുവിനെ അന്വേഷിച്ചാല്‍ കാണില്ല..
തല്ലി തേങ്ങ അന്വേഷിച്ചു നടക്കുന്ന ഞാന്‍ പക്ഷെ കണ്ടു പിടിക്കും തങ്കമ്മുവിനെ..
തൊഴുത്തിന്റെ പിന്നില്‍ പുക ഉയരുന്നത് കണ്ട്‌
കാര്യം അന്വേഷിക്കുന്ന ഞാന്‍ അന്ധാളിക്കുന്നു.
തങ്കമ്മ ബീഡി വലിക്കുകയാണ്‌.
"അമ്മയോട് പറയല്ലേ, കുഞ്ഞേ, പല്ല് വേദനിചിട്ടാ. ...

എന്നിട്ട് ചില്ലറ നീട്ടി കൊണ്ട് പറയും.
ശര്‍ക്കര മുട്ടായി വാങ്ങിക്കോ ..
ഒരു കെട്ട് കാജാ ബീഡിയും..
ഒരു ശര്‍ക്കര മുട്ടായിയുടെ പൂര്‍ണ്ണ രൂപം ഇത് വരെ കണ്ടിട്ടില്ലാത്ത എനിക്ക് ഇത്തരം പ്രലോഭനങ്ങള്‍ ഇത് ആദ്യം..

ഇങ്ങനെ പല തവണ അവര്‍ക്ക് പല്ല് വേദന വന്നിരുന്നു...

"അയിനാരാ കുട്ടീടെ വീട്ടിലിപ്പോ , കാജാ ബീഡി വലിക്കാന്‍.?എന്ന് ചോദിക്കുന്ന കടക്കാരനോട്
വിരുന്നുകാരുന്ടെന്നു പല തവണ കള്ളം പറഞ്ഞു.
ഇങ്ങനെ ശര്ക്കാര മുട്ടായിയെ പൂര്‍ണ്ണ രൂപത്തില്‍ പല തവണ ഞാന്‍ കണ്ടു.

തങ്കമ്മുവിന്റെ കുട്ടീനെ എടുക്കാന്‍ വല്യ ഇഷ്ടമായിരുന്നു എനിക്ക്,
എന്നാല്‍ വേലക്കാരുടെ കുട്ടികളെ എടുക്കരുതെന്ന് പറയും ചേച്ചി.


എന്നാലും ,എല്ലാവരുടെയും കണ്ണ് വെട്ടിച്ചു കുട്ടിയെ ഒരിക്കല്‍ എടുത്തു..

നന്ദ്യാര്‍ വട്ടത്തിന്റെ ചോട്ടില്‍ ഇരുന്നു ഞങ്ങള്‍ കല്ല് കളിച്ചു.
അവള്‍ ചിരിക്കുന്നത് കണ്ട്‌ ഞാന്‍ നിര്‍വൃതി അടഞ്ഞു.

എപ്പോഴോ, കളിക്കിടയില്‍ അവളുടെ ദേഹം വിറയ്ക്കുന്നത് കണ്ട്‌,ഞാന്‍ പരിഭ്രമിച്ചു.
കുട്ടി അമ്മയെ വിളിച്ചു കരഞ്ഞു
പരിഭ്രമിച്ച കുട്ടിയുടെ ദേഹം ചോര കൊണ്ട് കുളിച്ചിരിക്കുന്നു.
"ന്റെ കുട്ടിയ്ക്ക് എന്തായി എന്ന് കുട്ടിയെ വാരി എടുത്തു പൊട്ടിക്കരഞ്ഞ തങ്കമ്മ എനിക്ക് ഇന്നും ഓര്‍മ്മ ചിത്രം..
തല്‍ക്കാലത്തെ പ്രഥമ ശുശ്രൂഷ കൊടുത്തെങ്കിലും രക്തം ഒഴുക്ക് പൂര്‍ണ്ണമായും നിലച്ചിരുന്നില്ല..
പിറ്റേ ദിവസം കുട്ടിയെ കൊണ്ട് പോയ തങ്കമ്മു പിന്നെ തിരികെ വന്നില്ല.
സുനു എന്ന് വിളിച്ചിരുന്ന കുട്ടി ജീവിതത്തിലേക്കും .

ന്റംമൂമ്മേ , കുട്ടീന്റെ ദേഹം കയറ്റി കൊണ്ടോകാന്‍ വണ്ടി കിട്ടാഞ്ഞ് ഞാന്‍, ഒറങ്ങുന്ന കുട്ടീനെ എടുക്കും പോലെ ന്റെ കുട്ടീനെ എടുത്ത്‌ കൊണ്ട് പോയെ..

നാള്‍ കുറെ കഴിഞ്ഞ അമ്മൂമ്മയെ കാണാന്‍ ഒറ്റയ്ക്ക് വന്നപ്പോള്‍ അവര്‍ പിന്നെയും കരയുന്നുണ്ടായിരുന്നു.

" ഈ കുട്ടീനെ ഇടക്ക് അവള്‍ ചോദിക്കുമായിരുന്നു..
പക്ഷെ, ഓര്‍മ്മ പോയെര്‍ന്നു..
ഒരു ഓര്‍മ്മ തെറ്റ് പോലെ നിന്ന എന്നെ അടുത്ത് നിര്‍ത്തി കൊണ്ട്
അവര്‍ പറഞ്ഞു.
*************************************

ഹീമോഫീലിയ എന്ന ഭയങ്കര രോഗത്തില്‍ സുനുവിനെ പ്പോലെ ജീവന്‍ നഷ്ടമായ മനുഷ്യ ജീവനുകള്‍ക്ക് ആദരവ്

17 comments:

  1. ആ വേദന ശരിക്കും കണ്ടു

    ReplyDelete
  2. സുനു എന്റെ കൂട്ടുകാരി.

    ReplyDelete
  3. നല്ല ഓര്‍മ്മകള്‍ക്കൊപ്പം ഒരു നൊമ്പരവും ബാക്കിവച്ചു... ആശംസകള്‍..

    ReplyDelete
  4. വരികളില്‍ ആ വേദന ശരിക്കും ആ പകര്‍ത്തിയിട്ടുണ്ട്.
    ഒരു നൊമ്പരം ബാക്കി

    ReplyDelete
  5. രാജശ്രീ...നന്നായി പറഞ്ഞു..വേദനിച്ചു...

    ReplyDelete
  6. വേദനിപ്പിച്ചു...

    ReplyDelete
  7. വേദനകള്‍ തലോടി മാറ്റും ദേവന്‍ എന്ന്
    ഈശ്വരനെ ക്കുറിച്ച് ആരോ പാടിയത് ശരിയോ?
    ബ്ലോഗ്‌ വായിച്ചവര്‍ക്ക് എല്ലാവര്ക്കും നന്ദി ..

    ReplyDelete
  8. എഴുത്തിലൂടെ വേദന പടർത്തുന്നു.

    ReplyDelete
  9. ആധിയുണർത്തിയ ഓർമ്മകൾ...

    ReplyDelete
  10. മനസ്സിന്റെ വേദനക്കു സമാധാനമാണു മരുന്നു.ഈ പങ്കുവെക്കലില്‍ കൂടി അതിനു കഴിയട്ടെ!!!

    ReplyDelete
  11. വളരെ വിഷമത്തോടെയാണ് വായിച്ചത്.ഇങ്ങനെ നൊമ്പരം ഉണര്‍ത്തുന്ന സഹജീവികള്‍ നമ്മുടെ ചുറ്റിലും കാണും.രാജശ്രീയുടെ ശൈലി അതിമനോഹരം.ആശംസകള്‍.

    ReplyDelete
  12. ഇടക്ക് ഇങ്ങനെയൊക്കെ വേദനിക്കുമ്പോള്‍ വല്ലപ്പോഴും ഈശ്വരനെ ഓര്‍ക്കും...
    Thanx to all

    ReplyDelete
  13. ഹീമോഫീലിയ എന്ന ഭയങ്കര രോഗത്തില്‍ സുനുവിനെ പ്പോലെ ജീവന്‍ നഷ്ടമായ മനുഷ്യ ജീവനുകള്‍ക്ക് ആദരവ്...ഏന്റേയും

    ReplyDelete
  14. ഹീമോഫീലിയ എന്ന ഭയങ്കര രോഗത്തില്‍ സുനുവിനെ പ്പോലെ ജീവന്‍ നഷ്ടമായ മനുഷ്യ ജീവനുകള്‍ക്ക് ആദരവ്...ഏന്റേയും

    ReplyDelete
  15. സങ്കടത്തിന്റെ ഒരുറവ ഈ വരികള്‍ക്കിടയില്‍.

    ReplyDelete
  16. കരള്‍ രക്തമോ ഈ വരികള്‍ക്ക് മഷിയായത്..?

    ReplyDelete
  17. നൊമ്പരത്തിൽ ചാലിച്ച് എഴുതിയിരിക്കുന്നു...!

    ReplyDelete